2014, മേയ് 4, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഹൈവേ (ഹിന്ദി)

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒരു രാത്രി തന്‍റെ പ്രതിശ്രുത വരനുമായി നഗരം ചുറ്റാനിറങ്ങി ഒരു പെട്രോള്‍ പമ്പില്‍വെച്ച് അപതീക്ഷിതമായി തട്ടിക്കൊണ്ടു പോകപ്പെടുന്ന വീര ത്രിപാഠി എന്ന പെണ്‍കുട്ടിയുടെയും അവളെ തട്ടിക്കൊണ്ടു പോകുന്ന മഹാബീറിന്റെയും കഥയാണ് ഹൈവേ.  ദില്ലിയിലെ വരേണ്യ വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന പെണ്‍കുട്ടിയും കൊള്ളയും കൊലയും തട്ടിക്കൊണ്ടുപോകലും ഒക്കെ തൊഴിലായി സ്വീകരിച്ച നായകനും (വില്ലനും).


ഭരണതലത്തിലും മറ്റും ഉന്നത സ്ഥാനങ്ങളില്‍ സ്വാധീനമുള്ള അച്ഛന്‍ ത്രിപാഠിയുടെ പേര് കേട്ടപ്പോള്‍ തന്നെ കിഡ്നാപ്പ് ഗ്രൂപ്പിലുള്ളവര്‍ക്ക് മുട്ട് വിറച്ചുതുടങ്ങുന്നു.  പക്ഷെ മഹാബീര്‍ അവളെ ഏതെങ്കിലും ചുവന്ന തെരുവില്‍ വില്‍ക്കും എന്നുള്ള നിശ്ചയത്തിലായിരുന്നു.  ആകസ്മികമായ സംഭവങ്ങളില്‍ ഭയന്നുപോയ വീര പിന്നെ ആ അടിമത്വം ഒരു അനുഭൂതിയായി കണ്ടും അനുഭവിച്ചും തുടങ്ങുന്നു. സമ്പന്നജീവിത സംസ്കാരത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളും മാമൂലുകളും വിട്ടു അവള്‍ക്ക് അതൊരു പുതിയ ജീവിതാനുഭവം സമ്മാനിക്കുന്നു.  ശരിക്കും പറഞ്ഞാല്‍ ശുദ്ധവായു ജീവിതത്തില്‍ ആദ്യമായി അവള്‍ ശ്വസിച്ചു തുടങ്ങുന്നു. പോലീസിന്റെ കണ്ണ് വെട്ടിക്കാന്‍ അവര്‍ പഴഞ്ചന്‍ വാഹനത്തില്‍ സംസ്ഥാനാന്തര യാത്രകള്‍ നടത്തുകയാണ്. പരുക്കനും കഠിനഹൃദയനുമായ മഹാബീര്‍ ഒടുവില്‍ നായികയുടെ സ്നേഹത്തിനു മുന്നില്‍ പരാജയം സമ്മതിക്കുന്നു.  പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ വൈകിപ്പോയിരുന്നു.

 ഈ ചിത്രത്തിലെ ഹൈലൈറ്റ് വീര(ആലിയ ഭട്ട്)യുടെ അഭിനയം തന്നെ. ഞാന്‍ ആദ്യമായിട്ടാണ് ഇവരുടെ സിനിമ കാണുന്നത്.  നല്ല ഒതുക്കമാര്‍ന്ന അഭിനയത്തിലൂടെ അവര്‍ പ്രേക്ഷകരുടെ ഹൃദയം കവരുകയല്ല മറിച്ച് അവിടെ സ്ഥിരപ്രതിഷ്ഠ നേടുകയാണ്‌ ചെയ്യുന്നത്. മഹാബീറിനെ അവതരിപ്പിച്ച രന്‍ദീപ് ഹൂഡ തന്റെ മുന്‍കാല കഥാപാത്രങ്ങളില്‍ നിന്നും അല്‍പ്പം വ്യത്യസ്ഥത പുലര്‍ത്തി എന്ന് പറയാം. ഇതിലെ ലൊക്കേഷനുകള്‍ തെരഞ്ഞെടുത്തതില്‍ സംവിധായകനും അവ അണിയിച്ചൊരുക്കിയത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരും എല്ലാം തങ്ങളുടെ ജോലി ഭംഗിയായി നിറവേറ്റിയിരിക്കുന്നു.  സാധാരണ ഹിന്ദി (മസാല) ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈയിടെ ഇറങ്ങുന്ന ചില പടങ്ങളെങ്കിലും സമ്പന്നതയുടെ അന്തരീക്ഷത്തില്‍നിന്നും യഥാര്‍ത്ഥ ഗ്രാമീണതയിലേക്ക് വഴിമാറി സഞ്ചരിച്ചു ഉത്തരേന്ത്യയുടെ തനത് പ്രദേശങ്ങളും അവിടങ്ങളിലെ ജീവിതവും ഒപ്പിയെടുത്ത് നമ്മള്‍ പ്രേക്ഷകരെ കാണിക്കുന്നു എന്നത് നല്ല കാര്യം തന്നെ.

സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ ചിത്രത്തില്‍ നല്ല പ്രാധാന്യത്തോടെതന്നെ പരാമര്‍ശിക്കുന്നുണ്ട്.  ചെറുപ്രായത്തില്‍ തന്റെ അമ്മാവനാല്‍ സ്വഭവനത്തില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്ന വീര അത് തന്‍റെ അമ്മയോട് പറഞ്ഞിട്ടും ഉത്തരവാദിത്തമുള്ള ഒരു അമ്മയാവാന്‍ ആ സ്ത്രീ തയ്യാറായില്ല എന്നത് വര്‍ത്തമാനകാല സംഭാവങ്ങളുമായി കൂട്ടിവായിക്കണം.  എന്തിന് - തട്ടിയെടുക്കപ്പെട്ട അവസ്ഥയിലും അവള്‍ സുരക്ഷിതയാവുന്നില്ല.  ചെറുപ്പത്തില്‍ തന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്ന മഹാബീര്‍ ഈ അവസ്ഥയില്‍ എത്തിയത് ജീവിത സാഹചര്യങ്ങളിലെ ചെളി പുരണ്ട ഏടുകളില്‍ എവിടയോ വെച്ചാണ്.

ഈ ചിത്രത്തിന്‍റെ എടുത്തുപറയാവുന്ന പ്രത്യേകതകള്‍ ഇതിന്‍റെ സംഗീതവും, ശബ്ദ മിശ്രണവും ഒക്കെ തന്നെയാണ്.  എ.ആര്‍. റഹ്മാനും മലയാളികളുടെ സ്വന്തം റസൂല്‍ പൂക്കുട്ടിയും അതെല്ലാം മികവുറ്റതാക്കിയിരിക്കുന്നു.  വീരയുടെയും മഹാബീറിന്റെയും യാത്രാപഥങ്ങളിലെ സംഗീതം അവിടത്തെ തനത് സംഗീതമാണ്.  എ.ആര്‍. റഹ്മാന്റെ പ്രതിഭ വെളിവാകുന്നത് ഇവിടെയാണ്‌.  അതേപോലെ ഓരോ സീനുകളിലും പശ്ചാത്തല ശബ്ദങ്ങള്‍ വളരെ റിയലിസ്റ്റിക്ക് ആയി പൂക്കുട്ടി സന്നിവേശിപ്പിച്ചിരിക്കുന്നു. സഞ്ചാരപഥങ്ങള്‍ ജീവിതയാത്രയുടെ ഒരു പ്രതിരൂപമായി നമ്മള്‍ പ്രേക്ഷകര്‍ക്ക് തോന്നുക തന്നെചെയ്യും.

ചിത്രത്തിന്‍റെ അവസാനമാകുമ്പോഴേക്കും കാര്യങ്ങള്‍ സംവിധായകന്‍ ഇംതിയാസ് അലിക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു.  ഇതെങ്ങിനെ അവസാനിക്കും എന്ന് പ്രേക്ഷകന് ഊഹിക്കത്തക്ക രീതിയില്‍ കഥ പാളംതെറ്റി സഞ്ചരിക്കുകയാണ്.  എന്നാലും മറ്റെല്ലാ ഘടകങ്ങളും ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍ നല്ല ഒരു ആസ്വാദനം സമ്മാനിക്കുന്നു "ഹൈവേ".  തട്ടിക്കൊണ്ടുപോകല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ കുറെ അടി-വെടി-ഐറ്റം ഡാന്‍സ് ഇതൊക്കെ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും.  അല്ലാത്തവര്‍ക്ക് സധൈര്യം കാണാം.

എന്‍റെ റേറ്റിംഗ്: 7.5/10

4 അഭിപ്രായങ്ങൾ:

  1. സിനിമ കണ്ടിട്ടില്ല - അവലോകനം വായിച്ചപ്പോൾ കണ്ടിരിക്കാവുന്ന സിനിമയാണെന്നു തോന്നി . കാസറ്റ് സംഘടിപ്പിക്കണം

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. സിനിമ കാണാറില്ല . എന്നാലും ഈ വിവരണം വായിച്ചപ്പോള്‍ കാണാന്‍ ആഗ്രഹം !

    മറുപടിഇല്ലാതാക്കൂ
  4. അവലോകനം നന്നായി... താമസിയാതെ കാണും

    മറുപടിഇല്ലാതാക്കൂ