2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - പുണ്യാളന്‍ അഗര്‍ബത്തീസ്

തൃശൂര്‍ക്കാരന്‍  ജോയ് താക്കോല്‍ക്കാരന്‍ (ജയസൂര്യ) എന്ന യുവ സംരഭകന്റെ കഥ.  കഥ നടക്കുന്നത് തൃശൂര്‍ തന്നെ.  ആനപിണ്ടത്തില്‍ നിന്നും സുഗന്ധം പരത്തുന്ന ചന്ദനത്തിരി ഉണ്ടാക്കുന്ന ബിസിനസ് തുടങ്ങിയ നായകന്‍ അതിനു വേണ്ട അസംസ്കൃത വസ്തു (ആനപിണ്ടം) നല്‍കാമെന്നു ഏറ്റിരുന്ന ദേവസ്വം വാക്ക് മാറിയതിലൂടെ ഉണ്ടായ പ്രതിസന്ധി തരണം ചെയ്യാനുള്ള തത്രപ്പാടിനിടയില്‍ പുതിയ പ്രതിസന്ധികളും വെല്ലുവിളികളും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ്.  അവ തരണം ചെയ്യാന്‍ ജോയ് സ്വീകരിക്കുന്ന ചില "തരികിട" വഴികള്‍ വിപരീതഫലവും ചെയ്യുന്നു.  കേരളത്തില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംഭവ്യമായ  ചിലകാര്യങ്ങള്‍ - ഹര്‍ത്താല്‍, മറ്റു ജീവിത പ്രാരബ്ധങ്ങള്‍, കേസ്, കോടതി, ജപ്തി നോട്ടീസ്  - ഇവയൊക്കെ വളരെ രസകരമായി ഒരു പരിധി വരെ ഈ ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ കോറിയിടുന്നു.  തൃശൂര്‍ പെരുമ വിളിച്ചറിയിക്കുന്ന ഒരു ഗാനത്തോടെ തുടങ്ങുന്ന ചിത്രം അവസാനിക്കുമ്പോള്‍ മോശമല്ലാത്ത ഒരു സിനിമ കണ്ട ഫീല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നുണ്ട്.  നാടന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സത്യന്‍ അന്തിക്കാട് പോലുള്ള പ്രതിഭാധനര്‍ക്ക്പോലും ചുവടുകള്‍ പിഴക്കുമ്പോള്‍ രഞ്ജിത്ത് ശങ്കര്‍ പോലെയുള്ള ആളുകള്‍ ചുവടുറപ്പിക്കുന്നത് ആശാവഹമാണ്‌.

വിദ്യാസമ്പന്നനായ ജോയിക്ക് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആകെ ഒരു പകപ്പാണ്.  ആവശ്യവും അനാവശ്യവുമായ ടെന്‍ഷന്‍.  മൊബൈല്‍ കമ്പനി ജീവനക്കാരിയായ ഭാര്യ അനുവും (നൈല) വലിയ വ്യത്യാസമൊന്നുമില്ല.  ജോയിയുടെ വാലായി ഗ്രീനു (അജു വര്‍ഗ്ഗീസ്) സന്തോഷത്തിലും പ്രതിസന്ധികളിലും കൂടെയുണ്ട്.  എന്നാല്‍ കഥാപാത്രങ്ങളില്‍ വളരെ വ്യത്യസ്തമായി തകര്‍ത്തഭിനയിച്ചത് ശ്രീജിത്ത് രവിയാണ്.  അന്നാഹസാരെ ലൈനില്‍ ഒരു സത്യാഗ്രഹിയായി ടി.ജി. രവിയും (മാഷ്) ഈ സിനിമയില്‍ ഉണ്ട്. 

മോഹന്‍ലാല്‍ അഭിനയിച്ച മിഥുനം സിനിമയില്‍ ഒരു ബിസ്കറ്റ് കമ്പനി തുടങ്ങാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടിവരുന്ന ബ്യൂറോക്രാറ്റിക്ക് പ്രശ്നങ്ങളാണ് പറഞ്ഞതെങ്കില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും അല്‍പ്പം കൂടി വ്യത്യസ്തമായ ഒരു തലമാണ് പുണ്യാളന്‍ നമുക്ക് നല്‍കുന്നത്.  തീം, പിന്നെ ലൊക്കേഷന്‍, കാസ്റ്റിംഗ് എല്ലാം മേന്മ പുലര്‍ത്തുന്നു.  സുനില്‍ സുഗദ (ജഡ്ജി), രചന നാരായണന്‍കുട്ടി (അഡ്വ. സായി), ഇടവേള ബാബു (കെ.സി.), ശിവജി ഗുരുവായൂര്‍ (വക്കീല്‍), ഗ്രീനു (അജു വര്‍ഗ്ഗീസ്), തുത്തുരു തുമ്പി-അഭയകുമാര്‍  (ശ്രീജിത്ത് രവി), ആന പപ്പാന്‍ അയ്യപ്പന്‍ (മാള അരവിന്ദന്‍), അപ്പാപ്പന്‍ (ഇന്നസെന്റ്), ജോലിയെടുക്കാതെ Angry Birds കളിച്ചിരിക്കുന്ന രണ്ടു തൊഴിലാളികള്‍, കെ.സി.യുമായി ചുറ്റിക്കളി നടത്തുന്ന പൊന്നമ്മ ബാബുവിന്റെ കഥാപാത്രം തുടങ്ങി വെറും രണ്ടു സീനില്‍ വന്നുപോകുന്ന സുധീര്‍ കരമന (പാര്‍ട്ടി ലീഡര്‍ കൊല്ലൂര്‍ ജയപ്രകാശ്), കാട്ടാളന്‍ ജോസ് (ജയരാജ് വാര്യര്‍), ദേവസ്വം പ്രസിടണ്ട്, എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി.  അല്‍പ്പം കല്ലുകടി തോന്നിയത് ജോയ് തക്കൊല്‍ക്കാരന്റെ ഭാര്യാ റോളില്‍ വന്ന നൈലയുടെ അഭിനയമാണ്. കാര്യമായി ഒന്നും ചെയ്യാന്‍ നൈലക്കായില്ല!

സംഭാഷണങ്ങളിലെ തൃശൂര്‍ ശൈലി നല്ല സുഖം നല്‍കുന്നു. "മൊതലാളി" എന്ന വിളി  പലരും പല വിധത്തില്‍ വിളിക്കുന്നത് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റാണ് -  അഭയയകുമാര്‍, പിന്നെ കമ്പനിയിലെ തൊഴിലാളില്കള്‍. ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഏത് പ്രതിസന്ധിയും കുറച്ചു സമയമെടുതിട്ടായാലും നമുക്ക് തരണംചെയ്യുവാന്‍ കഴിയും എന്ന് വളരെ വ്യക്ത്മായി ഈ സിനിമ കാണിച്ചു തരുന്നു.  അവസാനം കഥാഗതിയില്‍ വരുന്ന "ട്വിസ്റ്റ്‌" അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്നു.  ടൈറ്റില്‍ ഗാനവും അതിന്‍റെ ചിത്രീകരണവും നല്ല മികവു പുലര്‍ത്തി.  അടുത്ത ഗാനം "ആശിച്ചവനാകാശത്ത് നിന്ന് ഒരാനേ കിട്ടി" പിന്നീടും നമ്മള്‍ ഒന്ന് മൂളിയെക്കാം!

 കൂടുതല്‍ ചിരി നമ്മളില്‍ ഉണ്ടാക്കുന്നത് ഇതിലെ കോടതി സീനുകളാണ്. എയര്പിടിചിരുന്നുള്ള കോടതി സീനുകളില്‍നിന്നും വ്യത്യസ്തമായി വളരെ റിലാക്സ് ആയി ഇരുന്നു അവ നമുക്ക് കാണാം.   സുനില്‍ സുഗദ സ്കോര്‍ ചെയ്യുന്നത്ന്യൂ ഇവിടെയാണ്‌. ജനറേഷന്‍ എന്ന പേരില്‍ കാട്ടുന്ന വളിപ്പുകളോ, പഴയകാല സിനിമകളുടെ മുഖമുദ്രകാളായ കൊലവിളി, പ്രതികാരം ഇവയൊന്നും ഇല്ലാതെ കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ. അത്ര മാത്രം കുറിക്കട്ടെ!

പടം തീരുമ്പോള്‍ എഴുതിക്കാണിക്കുന്ന വാചകം - "ആത്മവിശ്വാസം ണ്ടായാ മതീട്ടാ...പിന്നെ ഈ ലോകം മ്മടെ കയ്യ്ലാ". എനിക്കിഷ്ടപ്പെട്ടു.

ആത്മഗതം: ചെറുപ്പത്തില്‍ കല്യാണം കഴിക്കാനുള്ള കാരണം ജോയ്  ഗ്രീനുവിനോട് വിശദീകരിക്കുന്ന ഒരു രംഗമുണ്ട് ഇതില്‍.  --- ഫയങ്കരം! എന്നേ അതിനെ പറയാനാകൂ!

എന്‍റെ റേറ്റിംഗ്: 8/10

5 അഭിപ്രായങ്ങൾ:

 1. സത്യസന്ധമായ നിരൂപണം.. ഒരു സധാരണ ആസ്വാദകനു ദഹിക്കുന്ന സിനിമയാണെന്നു ഈ കുറിപ്പിൽ നിന്നും മനസ്സിലായി.. :)

  മറുപടിഇല്ലാതാക്കൂ
 2. "കാണണെങ്കി കാണണം ഗഡീ തൃശ്ശിവപേരൂര്..." അതെനിക്കിഷ്ടായി...

  മറുപടിഇല്ലാതാക്കൂ
 3. ഞാനും കണ്ടു ഈ സിനിമ - ഒട്ടും ഇഷ്ടമായില്ല - ജയസൂര്യയുടെ കൃത്രിമമായ തൃശ്ശൂർഭാഷാപ്രയോഗം തീരെ നന്നായിട്ടില്ല. ആകെ നിലവാരം തോന്നിയത് വ്യത്യസ്ഥമായ ആ കോടതിയാണ്. ലോകത്ത് എവിടെയും കാണാത്ത തരത്തിലുള്ള ആ കോടതിയെ സൃഷ്ടിച്ചത് നന്നായിട്ടുണ്ട്. എന്റെ റേറ്റിംഗ് 2/10

  മറുപടിഇല്ലാതാക്കൂ
 4. സ്നിവയില്‍ ശരിക്കൂള്ള തൃശ്ശുര് ഭാഷ ശ്രീജിത്ത് രവിയുടേതാണ്...

  മറുപടിഇല്ലാതാക്കൂ