2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമകള്‍ (ഗ്രാവിറ്റി, ഒരു ഇന്ത്യന്‍ പ്രണയകഥ)

ഗ്രാവിറ്റി
ഒരു ഫിക്ഷന്‍ കഥ! എന്ന് പറയാവുന്ന സിനിമയാണ് ഗ്രാവിറ്റി.  പ്രതീക്ഷിച്ച അത്ര ഇല്ല എങ്കിലും കണ്ടിരിക്കാം.  റയാന്‍ സ്റ്റോണ്‍  എന്ന സാന്ദ്ര ബുള്ളക്ക് (ഇതിലെ നായിക.  അല്ലാതെ സാന്ദ്ര എന്ന പേരുള്ള കാളയല്ല!) മാറ്റ് കൊവല്‍സ്കി (ജോര്‍ജ്ജ് ക്ലൂണി) എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ബഹിരാകാശ ദൌത്യം.  സ്പെയ്സ് വാക്ക് ചെയ്യുന്നതിനിടയില്‍ ഒരു റഷ്യന്‍ മിസൈല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഉപഗ്രഹത്തില്‍ കൊണ്ടത് കാരണം അവരുടെ ദൌത്യത്തിന് തടസ്സം നേരിടുകയും ശൂന്യാകാശത്തെ പാഴ്വസ്തുക്കള്‍ പലതും തങ്ങളുടെ സ്റ്റേഷന് നേരെ പാഞ്ഞുവന്നു അതിനെ തകരാറിലാക്കുകയും ചെയ്യുന്നു.  താമസിയാതെ ഭൂമിയുമായുള്ള ബന്ധം അവര്‍ക്ക് നഷ്ടപ്പെടുന്നു. 

പിന്നീട് മാറ്റും, റയാനും അടുത്തുള്ള ഒരു ചൈനീസ് സ്പെയ്സ് സ്റ്റെഷനിലെക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നു എങ്കിലും ഒരു അനിവാര്യമായ സന്ദര്‍ഭത്തില്‍ മാറ്റ്  നിയന്ത്രണം വിടുവിച്ചു റയാനില്‍ നിന്ന് അനന്തതയിലേക്ക് അകന്നു പോകുന്നു.  ഒറ്റക്കാവുന്ന റയാന്‍ മിഷന്‍ കണ്ട്രോളുമായി അറ്റുപോയ ബന്ധം പുനസ്ഥാപിക്കാനും  തിരികെ ഭൂമിയിലെത്താനും നടത്തുന്ന ഒറ്റയാള്‍ ശ്രമങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.
ബഹിരാകാശ ദൌത്യം എന്നുള്ളത് നമ്മള്‍ കേട്ടിട്ടേയുള്ളൂ എങ്കിലും ഇതിലെ സെറ്റും, ഗുരുത്വകര്‍ഷണ ബലമില്ലാത്ത അവസ്ഥ (സീറോ ഗ്രാവിറ്റി) ചിത്രീകരിചിരിക്കുന്നതും ഒക്കെ കിടിലനായി തന്നെ.  പക്ഷെ എന്തൊക്കെയോ ചില അപാകതകള്‍ ഇല്ലേ എന്ന് ഒരു സംശയം!  നമുക്കിടയില്‍ ആ വഴി പോയ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ സംശയം തീര്‍ക്കാമായിരുന്നു!  (വിമാനത്തിലും കപ്പലിലും ഒക്കെയുള്ള സംഗതിയായിരുന്നു എങ്കില്‍ നമുക്ക് വിശ്വസിക്കാം.  ഇതിപ്പോ..!!!!!).  ചുരുക്കി പറയാം എനിക്ക് അത്രക്കങ്ങ്‌ ഇഷ്ടപ്പെട്ടില്ല. (3-D ഫോര്‍മാറ്റില്‍ കാണാന്‍ കഴിയാത്തതിന്‍റെ പരിമിതി ഇവിടെ വിസ്മരിക്കുന്നില്ല).

പരസ്പരം ബന്ധിച്ചിരുന്ന റോപ്പ് അറുത്ത് മാറ്റി മാറ്റ് അനന്തതയിലേക്ക് അകന്നു പോകുന്ന ആ ഒരു സീന്‍ നമുക്ക് ഒരു നൊമ്പരം നല്‍കും.  തീര്‍ച്ച!
എന്‍റെ റേറ്റിംഗ് 6/10


ഒരു ഇന്ത്യന്‍ പ്രണയകഥ

ചില ബേക്കറി നടത്തുന്നവരുടെ അവസ്ഥയാണ് മലയാളത്തിലെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് ഇന്ന്.  ബേക്കറിയില്‍ വില്‍പ്പനക്ക് വെക്കുന്ന ഭക്ഷണം അവര്‍ കാലാവധി തീര്‍ന്നാല്‍ എടുത്തുമാറ്റി അതുകൊണ്ട് മറ്റുപല ഉല്‍പ്പന്നങ്ങളും ഉണ്ടാക്കി വില്‍ക്കാറുണ്ട്.  ഈ സിനിമ ഏതാണ്ട് അതേ ശ്രേണിയില്‍ പെടുത്താം!  കഥയിലും കഥാപാത്രങ്ങളിലും ഒന്നും യാതൊരു പുതുമയും ഇല്ല.  സന്ദേശം സിനിമയിലെ പ്രകാശനെ അയ്മനം സിദ്ധാര്‍ത്ഥന്‍ ആക്കി മാറ്റിയിരിക്കുന്നു.  സംഗതി കോണ്ഗ്രസ് (അല്ലെങ്കില്‍ കേരള കോണ്ഗ്രസ്സ്) രാഷ്ട്രീയം തന്നെ.  എമ്മെല്ലെയാവാന്‍ നടക്കുന്ന സിദ്ധുവിനെ ഹൈക്കമാണ്ട് വെട്ടി നിരത്തുന്നു.  അധികാര രാഷ്ട്രീയത്തിന്‍റെ ലൈന്‍ നഷ്ടപ്പെടുമ്പോള്‍ ആകെ നിരാശനാകുന്ന അയാളെ പാര്‍ട്ടി ലീഡര്‍ പുതിയ ഒരു ദൌത്യം ഏല്‍പ്പിക്കുന്നു.  ദിവസം രണ്ടായിരം രൂപ കിട്ടും എന്ന് കേട്ടപ്പോള്‍ അയാള്‍ അത് ഏറ്റെടുക്കുന്നു.  കാനഡയില്‍ നിന്നും വന്ന ഐറീന്‍ എന്ന പെണ്‍കുട്ടിയെ സഹായിക്കലാണ് ദൌത്യം.  ഐറീന്‍ പ്രത്യക്ഷത്തില്‍ ഒരു ഡോക്യുമെന്‍ഡറി ഒക്കെ എടുക്കാനാണ് വന്നതെങ്കിലും അവള്‍ക്ക് മറ്റു പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു എന്ന് സിദ്ധു വൈകിയാണ് മനസ്സിലാക്കുന്നത്.

പുതുതലമുറ സിനിമകളുടെ തനത് പ്രത്യേകതകളായ ദ്വയാര്‍ത്ഥ പ്രയോഗവും മറ്റും ഇല്ലാതെ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ ഇരുന്നു ചുമ്മാ സമയം കളയാം എന്നല്ലാതെ യാതൊരു ഗുണവും ഈ സിനിമക്കില്ല എന്ന് സങ്കടത്തോടെ പറയട്ടെ.  കഥാപാത്രങ്ങള്‍ ചില സീനുകളില്‍ "അഭിനയം" മുഖത്ത് വരുത്താന്‍ പെടാപ്പാട് പെടുന്നുണ്ട്.  മിക്കവാറും കഥാസന്ദര്‍ഭങ്ങള്‍ നമുക്ക് തന്നെ ഊഹിക്കാന്‍ കഴിയും.  അപ്രതീക്ഷിതമായ ട്വിസ്റ്റ് ഒന്നും തന്നെയില്ല.  കരച്ചില്‍, സെന്റിമെന്റ്സ് സീനുകള്‍ വളരെ കുറവ്.  സംഗീത വിഭാഗം എടുത്ത് പറയാന്‍ വേണ്ടിയൊന്നും ഇല്ല.

സത്യന്‍ അന്തിക്കാടിന്‍റെ സ്റ്റോക്ക് ഏതാണ്ട് തീര്‍ന്നു.  കാലത്തിനൊത്ത് മാറിയില്ലെങ്കില്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടും.  ഇമ്മാതിരി പടംസ് എടുക്കുന്നതിലും നല്ലത് പുള്ളിക്ക് ഈ പണി തന്നെ നിര്‍ത്തുന്നതാണ്.

എന്‍റെ റേറ്റിംഗ്: 3.5/10

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുമല്ലോ..

9 അഭിപ്രായങ്ങൾ:

 1. Gravity തിയറ്ററില്‍ നിന്നാണോ കണ്ടത്?ഗ്രാവിറ്റി 3D യില്‍ തിയറ്ററില്‍ നിന്നും കാണുമ്പോള്‍ ഉണ്ടാകുമ്പോള്‍ ഉള്ള ഒരു അനുഭവം ഉണ്ട്.അതാണ് ആ സിനിമയുടെ പ്രത്യേകത.ഒരു ഇന്ത്യന്‍ പ്രണയകഥ അവലോകനം വളരെയധികം ശരിയാണ്.എങ്കിലും ഗ്രാവിറ്റി തിയറ്ററില്‍ 3D യില്‍ കണ്ടാല്‍ ഇത്തരം ഒരു അനുഭവം ഉണ്ടാകില്ല എന്ന് കരുതുന്നു ഭായ്

  മറുപടിഇല്ലാതാക്കൂ
 2. കാലത്തിനൊത്ത് കഥയും കഥ പശ്ചാത്തലവും മാറും ആ മാറ്റം ഉള്‍ക്കൊള്ളാന്‍ സംവിധായകന് കഴിഞ്ഞില്ലെങ്കില്‍ ഇതുപോലെയുള്ള വിഴുപ്പു ഇനിയും പ്രേക്ഷകര്‍ ചുമക്കേണ്ടി വരും...... ഇന്ത്യന്‍ പ്രണയ വധം കണ്ടപ്പോള്‍ തോന്നിയതാണ് ... കുറെ നാടന്‍ കഥാപാത്രങ്ങളെ ഉണ്ടാക്കി നന്മ വിളമ്പിയാല്‍ പോരാ കെട്ടുറപ്പുള്ള ഒരു കഥ വേണം ..............

  മറുപടിഇല്ലാതാക്കൂ
 3. സുഹൃത്തെ, ഒന്നും തോന്നരുത്.. റിവ്യൂ എഴുതും മുൻപ് 'www.imdb.com' എങ്കിലും ഒന്നു റെഫർ ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കിൽ വെറുതെ പേരുദോഷമുണ്ടാകും (ഇതു പറഞ്ഞതിനും ബ്ലോഗ് ഗുണ്ടകൾ വരുമൊ എന്തോ).


  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നിര്‍ദ്ദേശത്തിനു നന്ദി. എന്നിട്ട് വേണം അത് കോപ്പിയടിച്ചാണ് ഞാന്‍ എഴുതുന്നത് എന്ന പേരുദോഷവും വരുത്തി വെക്കാന്‍ അല്ലേ?!! ഇത് എന്‍റെ മാത്രം അഭിപ്രായമാണ്. എനിക്ക് തെറ്റായി തോന്നുന്നത് മറ്റുള്ളവര്‍ക്ക് ശരിയായിരിക്കാം. നേരെ തിരിച്ചും. പ്രതിപക്ഷ ബഹുമാനം എന്നും ഉണ്ടായിരിക്കും. (പിന്നെ ഞാന്‍ ഗുണ്ടകളെ ഒന്നും ഇറക്കിയിട്ടില്ല. പേടിക്കേണ്ട ധൈര്യമായി അഭിപ്രായം പറഞ്ഞോളൂ).

   ഇല്ലാതാക്കൂ
 4. ഗ്രാവിറ്റി കണ്ടിട്ടില്ല - അതുകൊണ്ട് അതിനെക്കുറിച്ച് ഒന്നും പറയാനില്ല - ഇന്ത്യൻ പ്രണയകഥയെക്കുറിച്ചുള്ള വിലയിരുത്തൽ നൂറു ശതമാനം വാസ്തവം. ബേക്കറിയിലെ പഴയ സാധനങ്ങളുമായി ഉപമിച്ച രീതി ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 5. ഗ്രാവിറ്റി വളരെ ഇഷ്ടപ്പെട്ടു. ഇന്‍ഡ്യന്‍ പ്രണയകഥ കണ്ടില്ല. കാണുന്നുമില്ല

  മറുപടിഇല്ലാതാക്കൂ
 6. ഗ്രാവിറ്റി ഞാന്‍ 3Dയില്‍ അല്ല കണ്ടത്...എന്നിട്ടും ഒരുപാട് ഇഷ്ടമായി...ഇന്ത്യന്‍ പ്രണയകഥ തീരെ ഇഷ്ടമായതുമില്ല...സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു അബദ്ധം...

  മറുപടിഇല്ലാതാക്കൂ
 7. ഗ്രാവിറ്റി കണ്ടില്ല.ഇന്ത്യന്‍ പ്രണയ കഥ ഇഷ്ട്ടമായി.

  മറുപടിഇല്ലാതാക്കൂ
 8. ഗ്രാവിറ്റി ഞാന്‍ ഇവിടെ റിലീസ് ആയ ദിവസം തന്നെ കണ്ടു ..ഒരുപാടിഷ്ടമായി .. 9/10//

  ഒരു ഇന്ത്യൻ പ്രണയകഥ ... ഒന്നും പറയാനില്ല .. ഒരു ഇന്ത്യക്കാരനായത് കൊണ്ട് ആ പേരിൽ ഈ പേര് കണ്ടു കൊണ്ട് മാത്രം കണ്ടു പോയതാണ്. ഈ സിനിമയുടെ ഒരേ ഒരു നന്മ അല്ലെങ്കിൽ നല്ല വശം എന്താണെന്ന് വച്ചാൽ സിനിമയിൽ എവിടെയും അസഭ്യമോ ന്യൂ ജനറേഷൻ മോഡലിൽ തെറി വിളിയോ ബീപ് ശബ്ദമോ ഇല്ല എന്നതാണ് . ബാക്കിയൊക്കെ സ്വാഹ. കൂടുതൽ കുറ്റം പറയാൻ ഞാൻ ജി കൃഷ്ണ മൂർത്തി അല്ലാ ... തൽക്കാലം ഇത്രേ പറയുന്നുള്ളൂ .

  my rating 3.5/10

  മറുപടിഇല്ലാതാക്കൂ