2014, ഏപ്രിൽ 6, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഫിലിപ്സ് ആന്‍ഡ്‌ ദ മങ്കി പെന്‍

 ഫിലിപ്സ് ആന്‍ഡ്‌ ദ മങ്കി പെന്‍
യാതൊരു മുന്‍ധാരണയും ഇല്ലാതെയാണ് ഈ സിനിമ കാണാനിരുന്നത്.  സാധാരണ സിനിമകളുടെ കഥാഗതി ഏകദേശം ഒക്കെ അറിയാറുണ്ട്.  എന്നാല്‍ ഇത് കുട്ടികളുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് എന്ന് മാത്രം ഒരു ഏകദേശ ഐഡിയ കൈമുതലായിട്ടുണ്ടായിരുന്നു താനും.

മിശ്രവിവാഹിതരായ ദമ്പതികളുടെ ഏക മകന്‍ റയാന്‍ ഫിലിപ്പ് (സനൂപ് സന്തോഷ്‌), അവന്‍റെ അച്ഛന്‍ റോയ് ഫിലിപ്പ് (ജയസൂര്യ) ഉമ്മ സമീറ റോയ് (രമ്യ നമ്പീശന്‍).  പക്വതയില്ലാത്ത പ്രായത്തില്‍ പ്രണയിച്ച് വിവാഹിതരായ ദമ്പതിമാര്‍.  റയാന്‍ ഫിലിപ്പ് സ്കൂളിലെ അല്‍പ്പസ്വല്‍പ്പം കുരുത്തക്കേട് ഒക്കെയുള്ള കൂട്ടത്തിലാണ്.  ക്ലാസ്സിലെ അദ്ധ്യാപകന്‍ ഒരു പിന്തിരിപ്പന്‍ മൂരാച്ചിയാണ് -പപ്പന്‍ മാഷ്‌ (സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ വിജയ്‌ ബാബു).  കുട്ടികളോട് എങ്ങിനെ പെരുമാറണം എന്നറിയാത്ത ഒരു അവതാരം.  റയാന്‍ ഫിലിപ്പിന് കണക്ക് എന്ന് കേള്‍ക്കുമ്പോഴേക്കും മുള്ളാന്‍ മുട്ടും.  അതിനോടനുബന്ധിച് ഒരു വിളിപ്പേരും അവനു കിട്ടിയിട്ടുണ്ട്.  കപ്പിത്താനായ അപ്പാപ്പന്റെ (ജോയ് മാത്യു) കൈയില്‍ നിന്നും കിട്ടിയ മങ്കിപെന്നും പിന്നെ ഇന്നസെന്റു അവതരിപ്പിക്കുന്ന ദൈവവും കൂടി അവനെ കണക്ക് ഹോംവര്‍ക്ക് ചെയ്ത് കൊടുക്കുന്നതും പിന്നെ അവനിലെ കഴിവുകളും മറ്റും പുറത്തുകൊണ്ടുവരുന്നതുമാണ് കഥ.

ഒരു പെണ്‍കുട്ടി പ്രണയിനിയായി ഉണ്ടായാല്‍ സ്ഥിരമായി ഹോംവര്‍ക്ക് ചെയ്യാന്‍ ആളായി! എന്നുള്ള ഒരു സൂത്രവാക്യം ഈ സിനിമ ഉല്‍പ്പാദിപ്പിച്ചു വിടുന്നുണ്ട്.  അതിനായി പരതുന്ന  റയാന്‍ ഫിലിപ്പിന്റെ കണ്ണില്‍ ജുവാന്‍ (ദിയ) എന്ന കുട്ടിയാണ് ഉടക്കി നില്‍ക്കുന്നത്.  അവള്‍ക്ക് അവനെ കാര്യവുമല്ല.

മങ്കി പേനയുടെ പിന്നിലുള്ള കഥയും ഇതില്‍ പറയുന്നുണ്ട്.  കൊച്ചിയില്‍ പണ്ട് വെല്ലിംഗ്ടന്‍ ഐലന്റ് ഉണ്ടാക്കിയ കഥയാണ് അത്.  വെള്ളക്കാരുടെ വംശീയതാ മനോഭാവത്തിന്റെ ചില സ്ഫുരണങ്ങള്‍ ആ കഥപറയുന്ന രംഗങ്ങളില്‍ ഇല്ലേ എന്ന് നമുക്ക് തോന്നിയാല്‍ തെറ്റില്ല.  കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും സ്വീകരിക്കുന്ന അനാരോഗ്യപരമായ ചില നിലപാടുകളെ ഈ ചിത്രം പലയിടത്തും കോറിയിടുന്നുണ്ട്.  (കാണുന്ന പലര്‍ക്കും അത് പലവിധത്തില്‍ തോന്നാം).

ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം എന്ന് ഈ ചിത്രം വിളിച്ചു പറയുന്നുണ്ട്.  കുട്ടിക്കാലത്ത് ചെയ്യുന്നത് "സ്മാര്‍ട്ട്നെസ്സ്" എന്ന പേരിട്ടു വിളിക്കുന്ന പലതും എത്രത്തോളം ആ കുട്ടിയില്‍ പില്‍ക്കാലത്ത് സ്വാധീനം ചെലുത്തും എന്ന് ചിന്തിക്കേണ്ടതാണ്.  തെറ്റായ ഒരു പ്രവൃത്തിയെ ന്യായീകരിക്കാനോ മറച്ചുപിടിക്കാണോ ശ്രമിക്കുമ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍..ഇതെല്ലാം നമ്മള്‍ പ്രേക്ഷകര്‍ ചിന്താവിഷയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  കുട്ടികളാണ് ശരിക്കും ഒരു രാഷ്ട്രത്തിന്റെ സ്വത്ത്.  ഇന്നത്തെ കുട്ടികള്‍ വളരുമ്പോള്‍ അവരുള്‍പ്പെട്ട കുടുംബമായും ആ കുടുംബം സമൂഹമായും (സമുദായമായും) ഒരു രാജ്യമായും ഒക്കെ മാറുന്നത് ശരിയായ ദിശയിലല്ലെങ്കില്‍ കുഴപ്പമാണ്.  കുട്ടികളെ എങ്ങിനെ വളര്‍ത്തണം എന്ന ചിന്തക്ക് ഈ സിനിമ ഒരു പ്രചോദനമാകുമോ എന്നൊന്നും ഞാന്‍ പറയുന്നില്ല.  പക്ഷെ ഇത് കാണുന്നവര്‍ ശരിക്കും "കണ്ണുകള്‍ തുറന്നു പിടിച്ചു" തന്നെ കാണണം.  സാധാരണ വാണിജ്യ സിനിമകളിലെ രചയിതാവിന്റെയും സംവിധായകന്റെയും നായകന്റെയും കണ്ണുകളില്‍ കൂടി നമ്മള്‍ കാണാന്‍ ശ്രമിക്കരുത്.

ഇതിലെ അഭിനയം - റയാന്‍ ഫിലിപ്പിന്റെ മാത്രം സ്വന്തം!  ബാക്കിയുള്ളവര്‍ അഭിനയിച്ചില്ല എന്ന് പറയുന്നില്ല.  തങ്ങളുടെ ഭാഗം ഓരോരുത്തരും ഭംഗിയാക്കി.  പക്ഷെ ഈ കുട്ടി ഫീല്‍ഡില്‍ തന്നെ ഉണ്ടെങ്കില്‍ ഭാവിവാഗ്ദാനമാണ് എന്ന കാര്യത്തില്‍ സംശയം ഒട്ടും വേണ്ട. എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.  കുട്ടികളും, മാതാപിതാക്കളും പിന്നെ അധ്യാപകരും എല്ലാം..  കണ്ടതിനു ശേഷം നമ്മുടെതായ ഭാഗത്ത് നിന്ന് കൊണ്ട് വേണം ഇതിനെ വിലയിരുത്താന്‍.  അത് നിങ്ങള്‍ക്ക് വിടുന്നു.

എന്‍റെ റേറ്റിംഗ്. 8/10

ഈ പോസ്റ്റിനു പ്രത്യേക കടപ്പാട് : ബ്ലോഗ്‌ രംഗത്തെ രണ്ടു പുലികള്‍ക്ക്
1) ശ്രീ. രാകേഷ് മനോഹരന്‍ - http://www.movieholicviews.blogspot.in
2) ശ്രീ. ഫൈസല്‍ ബാബു - http://www.oorkkadavu.blogspot.ae

9 അഭിപ്രായങ്ങൾ:

  1. ഞാന്‍ കാണാനിരിയ്ക്കുന്ന സിനിമ ആയതിനാല്‍ റിവ്യൂ ആരംഭം മാത്രമേ വായിച്ചുള്ളൂ കേട്ടോ. സിനിമ കണ്ട് നോക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  2. സിനിമ കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞതുകൊണ്ട് കാസറ്റ് വാങ്ങി സിനിമ കണ്ടു - ഇവിടെ കൊടുത്ത റേറ്റിങ്ങ് കൃത്യമാണ്

    മറുപടിഇല്ലാതാക്കൂ
  3. ഞാനീ പടം കണ്ടിട്ടൊന്നുമില്ലാ ട്ടൊ..എല്ലാരുടെയും അഭിപ്രായം മാനിച്ച്‌ കാണാനിരിക്കുന്നു.
    അപ്പഴാ ടീവിയിൽ പരസ്യം, വിഷുവിനു ഈ പടം കാണിക്കുന്നൂന്ന്..
    പടത്തെ കുറിച്ച്‌ മുൻധാരണയൊന്നുമില്ല.
    ചില ഇന്റർവ്വ്യൂവുകൾ കണ്ടിരുന്നു...
    കുട്ടികളിൽ സ്മാർട്ട്നസ്‌ നല്ലതാണ്..ഓവർസ്മാർട്ട്നസ്സ്‌ ഒറ്റ കാഴ്ച്ചയിലെ അലങ്കാരം മാത്രമാണെന്നവ തോന്നിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  4. ഈ സിനിമ കണ്ടില്ല പക്ഷെ ഉടന്‍ കാണും ...

    മറുപടിഇല്ലാതാക്കൂ
  5. നല്ല പടം.. എനിക്കും ഇഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  6. നല്ല സിനിമ.....ഒതുക്കമുള്ള റിവ്യു....
    മങ്കി പെന്‍ കാണുമ്പോള്‍ എനിക്ക് മിക്കപ്പോഴും 101 ചോദ്യങ്ങള്‍ ഓര്‍മ്മ വരും...

    മറുപടിഇല്ലാതാക്കൂ