2014, ജനുവരി 15, ബുധനാഴ്‌ച

ഞാന്‍ കണ്ട സിനിമകള്‍

ബ്ലോഗിങ്ങ് തുടങ്ങിയിട്ട് അഞ്ചാമത്തെ വര്ഷം പൂര്‍ത്തിയാകുന്ന ഈ മാസത്തില്‍, ഈ വര്‍ഷത്തെ ആദ്യ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.  എല്ലാവരുടെയും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.  ഏതു തരത്തിലുമുള്ള നിങ്ങളുടെ ഫീഡ്ബാക്ക് തുടരാന്‍ എനിക്ക് പ്രചോദനമാകും എന്ന് സ്നേഹപൂര്‍വ്വം അറിയിക്കട്ടെ.  ഈയിടെ ഞാന്‍ കണ്ട നാല് സിനിമകള്‍ - അതെക്കുറിച്ച് പരിമിതമായ വാക്കുകളില്‍ എന്‍റെ മാത്രം അഭിപ്രായം.

സക്കറിയയുടെ ഗര്‍ഭിണികള്‍.
ഒരു ഗര്‍ഭത്തെ എങ്ങിനെ കച്ചവടം ചെയ്യാം എന്ന് കാണിച്ചു തന്ന ബ്ലെസ്സിയില്‍ നിന്നും തികച്ചും വ്യത്യസ്ഥത പുലര്‍ത്താന്‍ അനീഷ്‌ അന്‍വര്‍ ശ്രമിച്ചു എങ്കിലും അത് ഫലപ്രാപ്തിയില്‍ എത്താതെ പോയി.  നാല് ഗര്‍ഭിണികള്‍.  (ഒന്ന് ഒരു വ്യാജ ഗര്‍ഭം!).  

കര്‍ത്താവിന്‍റെ തിരുമണവാട്ടിയുടെ വസ്ത്രം അഴിച്ചുവെച്ചു ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ തീരുമാനിച്ച ഗീത അവതരിപ്പിച്ച കഥാപാത്രം.  ജാരഗര്‍ഭം വയറ്റിലേന്തി അവസാനം ജാരന്‍ കൈവിട്ടപ്പോള്‍ പകച്ചുപോയ മറ്റൊരു സ്ത്രീ.  കൌമാര പ്രായത്തില്‍ പീഡനം മൂലം ഗര്ഭിണിയാകേണ്ടി വന്ന തുടര്‍ന്ന് പഠിക്കാന്‍ താല്പര്യപ്പെടുന്ന ഒരു വിദ്യാര്‍ഥിനി.  പിന്നെ രാത്രി ഡ്യൂട്ടി ഒഴിവാക്കി കിട്ടാന്‍ വേണ്ടി ഗര്‍ഭം അഭിനയിക്കുന്ന റിമ.  ഈ വക സാധനങ്ങളെ ചികിത്സിക്കുന്ന മഹാമനസ്കനായ ഭിഷഗ്വരനായി സന്താന ഭാഗ്യം ഇല്ലാത്ത ഗൈനക്കോളജിസ്റ്റ് ഡോ. സക്കറിയ - ലാല്‍.

മൊത്തത്തില്‍ നോക്കുമ്പോള്‍ കൊള്ളാം എന്ന് തോന്നും എങ്കിലും സൂക്ഷ്മമായി വിലയിരുത്താന്‍ ശ്രമിച്ചാല്‍ കുറെയേറെ പൊരുത്തക്കേടുകള്‍ കാണാം.  പക്ഷെ ഈ ചില രംഗങ്ങള്‍ ശരിക്കും മനസ്സിനെ സ്പര്‍ശിക്കുന്നു.  അഭിനയത്തില്‍ മിക്കവാറും എല്ലാവരും തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി.  തേള് കുത്തിയ മുഖവുമായി സീരിയലുകളില്‍ വരുന്ന ആശയും ഇഞ്ചികടിച്ച കുരങ്ങിന്‍റെ മുഖഭാവം ചെറുപ്പം മുതല്‍ കൈമുതലായിട്ടുള്ള സനൂഷയും എല്ലാം പുരോഗതിയുടെ പാതയില്‍ തന്നെയെന്നത് സന്തോഷകരമാണ്.  എന്‍റെ റേറ്റിംഗ് 5/10 മാത്രം.

ദൃശ്യം.
ജിത്തു ജോസഫിന്‍റെ ദൃശ്യം വളരെ നല്ല ഒരു സിനിമ എന്ന് പറയുമ്പോള്‍ തന്നെ, അത് മുന്നോട്ടു വെക്കുന്ന ചില സാമൂഹിക പ്രശ്നങ്ങള്‍ നമ്മള്‍ മറന്നുകൂടാ.  ഒരു കുറ്റകൃത്യം നടന്നു കഴിഞ്ഞു അതിനെ മറക്കാന്‍ വേണ്ടി ഒരാള്‍ ചെയുതുകൂട്ടുന്ന കാര്യങ്ങളാണ് ഈ സിനിമക്ക് ആധാരം.  അനിവാര്യത കുറ്റകൃത്യത്തെ അതല്ലാതാക്കുന്നില്ല.  എന്നാല്‍ വെറും പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉള്ള നായകന്‍ ഇതൊക്കെ ചെയ്യുമോ എന്ന് നാം ആരെങ്കിലും സംശയിച്ചാല്‍ അത് ന്യായമാണ്.  ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യകൊണ്ട് സമൂഹത്തിനു പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യം മോശമല്ലാത്ത രീതിയില്‍ വരച്ചിടുന്നു ഈ സിനിമ (രക്ഷിതാക്കള്‍ ഇനിയും ഇക്കാര്യത്തില്‍ ബോധവാന്മാരാകണം).  മോഹന്‍ലാലിനെ കൊണ്ട് വിവിധപ്രായമുള്ള പെണ്മക്കളുടെ മുന്നില്‍വെച്ച്‌ ചില വിലകുറഞ്ഞ ഡയലോഗുകള്‍ പറയിക്കേണ്ടിയിരുന്നില്ല.  ഈ സിനിമയില്‍ നന്നായി അഭിനയിച്ചത് കലാഭവന്‍ ഷാജോണ്‍ തന്നെ.  ഇതുപോലെയുള്ള പോലീസുകാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്.


സംവിധായകന്‍റെ ഭാഗത്ത് നിന്നും നോക്കിയാല്‍ അധികം പഴുതുകള്‍ വിമര്‍ശകര്‍ക്ക് അനുവദിച്ചു കൊടുക്കാതെ തന്നെ ചെയ്തിരിക്കുന്നത് ദ്രിശ്യത്തിനു നല്ല മിഴിവ് നല്‍കുന്നു.  സ്വന്തം കുടുംബത്തിനു നേരെ വന്ന ഭീഷണി ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ച ഒരു കൊലപാതകത്തെ മറച്ചു വെക്കുന്നത് ഒരുപക്ഷെ ഭാവിയിലെ ചില കുറ്റകൃത്യങ്ങള്‍ക്ക് കാരണമായേക്കാം എന്ന് തിരു. സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. പി. വിജയന്‍ സാര്‍ പറഞ്ഞതായി പത്രദ്വാരാ അരിഞ്ഞത് ഒരു ആശങ്കയായി ഇവിടെ പങ്കുവെക്കുന്നു.  ചില കുറ്റകൃത്യങ്ങളില്‍ അത് ചെയ്തവര്‍ തങ്ങള്‍ കണ്ട ചില സിനിമകളാണ് പ്രചോദനം  എന്ന് കുറ്റസമ്മതം നടത്തിയിട്ടുള്ളത് ഇവിടെ സ്മരണീയം. ഒരു സിനിമ എന്ന നിലയില്‍ എന്‍റെ റേറ്റിംഗ് 7/10.

ഇടുക്കി ഗോള്‍ഡ്‌
ന്യൂജനറേഷന്‍ പടം ഇടുക്കി ഗോള്‍ഡ്‌ ആഷിക്ക് അബുവിന്‍റെ ഒരു നല്ല സിനിമ എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇടുക്കിയുടെ സൌന്ദര്യം നിറഞ്ഞൊഴുകുന്ന ഫ്രെയിമുകള്‍ കൊണ്ട് സമ്പന്നമാണ്.

പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ദീര്‍ഘമായ പ്രവാസം അവസാനിപ്പിച്ചു മടങ്ങി വരുന്നു.  സ്കൂള്‍ പഠനകാലത്തെ സകല പോക്കിരിത്തരങ്ങള്‍ക്കും കൂട്ട് നിന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കളെ തേടി ഒരു പരസ്യം പത്രത്തില്‍ കൊടുക്കുന്നിടത്താണ് പടം തുടങ്ങുന്നത്.  രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍ എന്നിവരെ ഓരോരുത്തരായി അയാള്‍ കണ്ടുപിടിക്കുന്നു.    തുടര്‍ന്ന് തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവിനു കാരണമായ "ഇടുക്കി ഗോള്‍ഡ്‌" (മറ്റൊന്നുമല്ല ശുദ്ധ കഞ്ചാവ് തന്നെ!) തേടി അവര്‍ യാത്രയാവുന്നു.  പിന്നീടുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമ പറയുന്നത്.  ലാല്‍ അവതരിപ്പിച്ച കഥാപാത്രം വളരെ മികച്ച ഒന്നാണ്.  ലാലിനെ ആദ്യമായി കാണിക്കുമ്പോള്‍ ആ കണ്ണുകളിലും മുഖത്തും മിന്നിമറയുന്ന ഭാവം - അത് ലാലിന് മാത്രമേ ഇത്ര പെര്‍ഫക്റ്റ് ആയി അവതരിപ്പിക്കാന്‍ കഴിയൂ.  ക്ലൈമാക്സില്‍ ജീവിതത്തില്‍ സൌഹൃദത്തിനുള്ള സ്ഥാനം പ്രാധാന്യത്തോടെ വരച്ചിടുന്നു.  (അതിനു ഈ കഞ്ചാവ് കഥ തന്നെ വേണമായിരുന്നോ ആഷിക് അബൂ? എന്ന് ചോദിക്കാന്‍ തോന്നുന്നു).  പുകവലിക്ക് എതിരെ ബോധവല്‍ക്കരണം സിനിമക്ക് മുന്നേ നടത്തിയിട്ടു കഞ്ചാവിന്‍റെ മാഹാത്മ്യം!  ബഹു ജോര്‍!

ഈ ഗോള്‍ഡിന് മാറ്റ് കുറഞ്ഞത് ഇത് മയക്കു മരുന്ന് ആയതുകൊണ്ടാകാം.  ഏതാനും ചില കല്ലുകടികള്‍ ഉണ്ട്.  യാത്രക്ക് മുന്നേ കൈയോടിഞ്ഞ  (അതോ ചെറുതായി ഉളുക്കിയതോ?) ബാബു ആന്റണി ഇടക്ക് അതിന്‍റെ സ്ലിംഗ് ഇടക്കിടെ മാറ്റി വെക്കുന്നു കൂടാതെ ഒരു ചെറിയ ഫൈറ്റും ചെയ്യുന്നു!).  ഈ ചിത്രത്തില്‍ എന്നെ ആകര്‍ഷിച്ചത് ഇതിലെ കാമറ വര്‍ക്ക് തന്നെ.  അത്യധികം മനോഹരമായി ഇതിലെ സീനുകള്‍.  അഭിനേതാക്കളില്‍ ലാല്‍ കഴിഞ്ഞാല്‍ പിന്നെ നായകന്മാരുടെ ബാല്യകാലം അവതരിപ്പിച്ച കുട്ടികളാണ്. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍ വളരെ നല്ല ഒരു സിനിമ എടുക്കാമായിരുന്നു. എന്‍റെ റേറ്റിംഗ് 5/10.

രാജാ റാണി (തമിഴ്)
ആര്യ, നയന്‍താര, ജയ്‌, നസ്രിയ, സത്യരാജ്, സന്താനം എന്നിവര്‍ അഭിനയിച്ച രാജാ റാണി കണ്ടിരിക്കാന്‍ കൊള്ളാവുന്ന ഒരു സിനിമയാണ്.  ജോണും റജീനയും വിവാഹിതരാകുന്നു.  ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന ഇരുവരും മറ്റുള്ളവര്‍ക്ക് പുതുമണവാളനും മണവാട്ടിയും, പക്ഷെ വീട്ടിനകത്ത് അവര്‍ ശത്രുക്കള്‍!  ഒരു പ്രത്യേക സാഹചര്യത്തില്‍ തങ്ങളുടെ മനസ്സിനിഷ്ടമില്ലാത്ത വിവാഹം കഴിക്കേണ്ടി വന്നവരാണ് ഇരുവരും.  ഇതിനിടയില്‍ രണ്ടുപേരും തങ്ങളുടെ പരസ്പരമുള്ള ആ "ഇഷ്ടക്കേടിനു" കാരണം അറിയാന്‍ ഇടവരുന്നു.  അവിടെവെച്ചു അവര്‍ പരസ്പരം ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു.  എന്നാല്‍ രണ്ടുപേരും തങ്ങളുടെ ജാഡ കൈവെടിയുന്നില്ല.  പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് നിര്‍ണ്ണായകം.

സത്യരാജ് തന്‍റെ കഥാപാത്രത്തോട് നല്ല നീതി പുലര്‍ത്തി.  ബാക്കി എല്ലാവരും ശരാശരി അഭിനയം കാഴ്ചവെച്ചു.  നസ്രിയ മലയാളത്തില്‍ ചെയ്തതിനേക്കാള്‍ നല്ല വേഷം തമിഴില്‍ ചെയ്തിരിക്കുന്നു.  കോമഡിക്ക് വേണ്ടി കരുതിക്കൂട്ടി സൃഷ്ടിച്ചിട്ടുള്ള ചില സീനുകളില്‍ ചിരി പോട്ടുന്നുമുണ്ട്.   അലമ്പുകള്‍ ഇല്ലാത്ത ഒരു സിനിമ. എന്‍റെ റേറ്റിംഗ്..6/10

എന്‍റെ മുന്‍ റിവ്യൂ - കഥ മുഴുവന്‍ ഞാന്‍ വിവരിച്ചു എന്നും പറഞ്ഞു വളരെയധികം വിമര്‍ശനങ്ങള്‍ വായിച്ചവര്‍ ഉന്നയിച്ചിരുന്നു.  അതെല്ലാം കണക്കിലെടുത്ത് ഇത്തവണ അതൊഴിവാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വായിച്ചു അഭിപ്രായം പറയുമല്ലോ. 

10 അഭിപ്രായങ്ങൾ:

  1. സക്കറിയയുടെ ഗര്‍ഭിണികള്‍ -

    വളരെയധികം സാംസ്ക്കാരിക കോളിളക്കം ഉണ്ടാക്കിയ ബ്ലെസ്സിയുടെ "കളിമണ്ണ്" പ്രസവത്തിനു ശേഷം കേരളം വീണ്ടും ഗർഭ-പ്രസവ ചർച്ചകളിൽ സജീവമാകുമോ എന്ന് സംശയിച്ചവർക്ക് തെറ്റി എന്ന് പറയാം. കാരണം സക്കറിയക്കും ഗർഭിണികൾക്കും സമൂഹത്തോട് വ്യക്തമായിപലതും പറയാനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ വിവാദ ഗർഭവും പ്രസവവും ഉണ്ടാക്കി സിനിമക്ക് ആളെ കൂട്ടേണ്ട ഗതികേട് സക്കറിയയുടെ ഗർഭിണികൾക്ക് സംഭവിച്ചില്ല. ഗർഭിണിയുടെ വേഷം പൂർണതയോടെ അഭിനയിച്ചു പ്രതിഫലിക്കാൻ അഭിനേത്രി യഥാർത്ഥ ഗർഭിണി തന്നെയാകണം എന്ന മണ്ടൻ തത്വങ്ങളെ അനീഷ്‌ അൻവറിന്റെ സക്കറിയായും ഗർഭിണികളും പൂർണമായും ഖണ്ഡിക്കുന്നുണ്ട്. ഗീതയുടെ സിസ്റ്റർ ജാസ്മിൻ ജെന്നിഫർ, സനുഷയുടെ സൈറ എന്നീ ഗർഭിണി കഥാപാത്രങ്ങൾ അത് നമ്മളെ ശരിക്കും ബോധ്യപ്പെടുത്തുന്നു.

    my rating - 6.5/10

    ദൃശ്യം -

    സിനിമയിൽ നാമമാത്രമായി അഭിനയിച്ചു പോയവർ തൊട്ട് പ്രധാന വേഷങ്ങളിലെത്തിയവർ വരെ സാന്നിധ്യം കൊണ്ടും പ്രകടനം കൊണ്ടും ഏറെ മികവ് പുലർത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. ജോർജ്ജു കുട്ടിയുടെ ഇളയ മകളായ ബേബി എസ്തർ പ്രേക്ഷകനെ ഒരു വേള വിസ്മയിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്. സുജിത് വാസുദേവിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതിലുള്ള മിതത്വവും അത് പോലെ അഭിനനന്ദനീയമായിരുന്നു. സംഗതികൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും ഒരു കാര്യം മറച്ചു വക്കുന്നില്ല. ജിത്തുവും സ്ക്രിപ്റ്റും തന്നെയാണ് ഈ സിനിമയിലെ യഥാർത്ഥ താരങ്ങൾ.

    ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാലത്തൊന്നും കാണാത്ത, അനുഭവിക്കാത്ത ഗിമ്മിക്കുകളില്ലാത്ത ത്രില്ലിംഗ് ദൃശ്യങ്ങൾ. ആദ്യ പകുതിയിലെ ചെറിയ ലാഗിങ്ങും, ലാലേട്ടന്റെ വകയുള്ള ചില്ലറ ദ്വയാർത്ഥ പ്രയോഗങ്ങളും, പൈങ്കിളി ഭാര്യാ-ഭർതൃ സീനുകളും ഉപദേശങ്ങളും ഒഴിവാക്കി കൊണ്ട് നോക്കിയാൽ ഇത് വരെ കണ്ട മലയാള സിനിമകളിലെ ഒരു perfect drama thriller movie തന്നെയാണ് ദൃശ്യം.

    my rating 8.8/10

    ഇടുക്കി ഗോള്‍ഡ്‌ -

    വർഷങ്ങൾക്ക് ശേഷം നാലഞ്ച് കൂട്ടുകാര് ഒത്തു കൂടിയാൽ കള്ള് കുടിയും, തമാശയും, പരിഭവം പറച്ചിലും സ്വാഭാവികമാണ്. ഇവിടെ കാര്യങ്ങൾ അൽപ്പം കൂടി മുന്നോട്ട് പോകുകയാണ്. ഒത്തു കൂടൽ എന്തിനായിരുന്നു എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ചുമ്മാ, എല്ലാവരെയും ഒന്നിച്ചൊന്നു കാണണം. പിന്നെ എല്ലാവരും കൂടി പണ്ട് പഠിച്ച സ്ക്കൂളിലേക്ക് ഒരു ട്രിപ്പും പോകണം. ഈ ചർച്ചക്കിടയിലാണ് പണ്ട് വലിച്ച ഇടുക്കി ഗോൾഡ്‌ അഥവാ സാക്ഷാൽ കഞ്ചാവിന്റെ മാഹാത്മ്യത്തെ കുറിച്ച് കൂട്ടുകാരിലൊരാൾ വാചാലനാകുന്നത്. ശിവൻ മുതൽ ചെഗുവേര വരെ വലിച്ചിരുന്ന സാധനമാണ് ഇടുക്കി ഗോൾഡ്‌ എന്ന ഒരു കഥാപാത്ര നിരീക്ഷണത്തിൽ തുടങ്ങി പിന്നീടുള്ള സീനുകളിൽ അസാധ്യമായ ചിത്രീകരണ വൈഭവം കൊണ്ട് കഞ്ചാവിനെ ഒരു പൊടിക്കെങ്കിലും സിനിമ മഹത് -വൽക്കരിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. കഞ്ചാവിനെ മറ്റൊരു ആംഗിളിൽ നിന്ന് നോക്കി കാണാൻ കാലങ്ങളായി ആഗ്രഹിക്കുന്നവർക്ക് ഇതൊരു പക്ഷേ നല്ല പ്രോത്സാഹനവുമായേക്കാം.

    മനസ്സിൽ തങ്ങി നിൽക്കുന്ന ഫ്രൈമുകളിൽ കൂടിയാണ് സിനിമ ആദ്യാവസാനം വരെ സഞ്ചരിക്കുന്നത് എന്ന കാരണത്താൽ കാഴ്ചയുടെ ആസ്വാദനം പ്രേക്ഷകന് ഇടുക്കി ഗോൾഡ്‌ പ്രേക്ഷകനോട് നൂറു ശതമാനവും നീതി പുലർത്തിയെന്നു പറയാം.

    my rating - 6/10

    രാജാ റാണി കണ്ടിട്ടില്ല ..കണ്ട ശേഷം പറയാം ട്ടോ



    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗ് പോസ്റ്റിന് നല്ല അനുബന്ധമാണ് ഈ കമന്റ് .....

      ഇല്ലാതാക്കൂ
  2. ഇത്തവണ വിവരണം വളരെ കുറഞ്ഞു പോയി... കഥ കൂടെ പറയാമായിരുന്നു... ;)

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം നല്ല നിരീക്ഷണം ,, വെറും സിനിമാ നിരൂപണങ്ങളില്‍ മാത്രം ഒതുങ്ങാതെ മറ്റു വിഷയങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുക , എല്ലാ ആശംസകളും ,

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ ഇതൊന്നും കണ്ടില്ല. അതെങ്ങനാ...ഈ ബ്ലോഗ് വായന കഴിഞ്ഞ് ഫേസ് ബുക്കിലും ഹാജര്‍ വച്ച് കഴിഞ്ഞാല്‍ സമയം കിട്ടേണ്ടേ!!!

    മറുപടിഇല്ലാതാക്കൂ
  5. എനിക്കും പ്രവീണ്‍ ശേഖരിന്റെ അഭിപ്രായം തന്നെയാണ്.. അതിനാല്‍ റിപീറ്റ് ചെയ്യുന്നില്ല..

    മറുപടിഇല്ലാതാക്കൂ
  6. ഇതിൽ ദൃശ്യം മാത്രമെ ഞാൻ കണ്ടിട്ടുള്ളു - അതെങ്ങിനെയാ ദൃശ്യം കാണാത്ത മലയാളികൾ ഇല്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങൾ . ഫിലിം റെപ്രസന്റേറ്റീവായ എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് ദൃശ്യം എന്ന സിനിമ മൊത്തത്തിൽ മലയാളം ഫിലിം ഇൻഡസ്ട്രിയെത്തനെന പുനരുജ്ജീവിപ്പിച്ചു എന്നാണ് .....

    മറുപടിഇല്ലാതാക്കൂ
  7. എണ്ണത്തില്‍ കുറവാണെങ്കിലും സൂക്ഷ്മമായി വിലയിരുത്തിയിട്ടുണ്ട് ...നന്നായിരിക്കുന്നു ...കഥ ഇത്തവണ ഒഴിവാക്കി..നല്ലത്..ആരും കുറ്റം പറയില്ലല്ലോ അല്ലേ ഭായ്

    മറുപടിഇല്ലാതാക്കൂ
  8. sinimayodum sinimaakkaarodum vallya mamathayonnum illaatha oraal yenthu abhipraayam parayaan. yennaalum onnu parayunnu veruthe sinimaakkaare parukkelppikkaruthu ketto avarum jeevichu pokkotte Good Wishes

    മറുപടിഇല്ലാതാക്കൂ