2012, ഡിസംബർ 3, തിങ്കളാഴ്‌ച

ടേക്ക് ഓഫ് കാഴ്ചകള്‍....

കഴിഞ്ഞ പോസ്റ്റ്‌ ലാന്റിംഗ് കാഴ്ചകളായിരുന്നു.  ഇതാ ചില ടേക്ക് ഓഫ് കാഴ്ചകള്‍:-  


നെടുംബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫിനു തയ്യാറെടുക്കുന്നു...

മെല്ലെ അതിനു അനക്കം വെക്കുകയാണ്‌. ഒരു യാത്ര തുടങ്ങുകയായി. വിടപറയലിന്റെ ഗദ്ഗദങ്ങള്‍ ഉള്ളിലൊതുക്കി ആകാശപക്ഷിയുടെ ഉള്ളിലിരിക്കുമ്പോള്‍ മുറിവേറ്റ മനസ്സില്‍ എവിടെയൊക്കെയോ ചില നീറ്റലുകള്‍. ഒരു വിടപറയല്‍ കഴിഞ്ഞുള്ള യാത്ര. നോവും, നൊമ്പരവും, പ്രണയവും തുടങ്ങി വികാരങ്ങള്‍  എല്ലാം ഉള്ളിലൊതുക്കി ഒരു വേര്‍പാട്.  യാത്രികരുടെതില്‍ നിന്ന്  വ്യത്യസ്തമായി കാബിന്‍ ക്രൂസിന്റെ മുഖത്ത് മാത്രം കൃത്രിമമായ ഒരു
സന്തോഷം കാണാം. നാട്ടില്‍ വന്നിറങ്ങുന്നതു  കൂടിച്ചേരലിന്റെ ഒരു ത്രില്ലില്‍ ആയിരിക്കും. പോകാന്‍ ദിവസങ്ങള്‍ അടുക്കുമ്പോള്‍ ഉള്ളില്‍ ഒരു ആളിച്ചയാണ്, പ്രത്യേകിച്ച് പോകുന്ന ദിവസത്തെ യാത്രപറച്ചില്‍ ഓര്‍ക്കുമ്പോള്‍. എങ്കിലും ആ സങ്കടങ്ങള്‍ ആരെയും കാണിക്കാതെ ഉള്ളിലൊതുക്കി വെക്കും. ഒരിക്കല്‍ ഒന്നുമറിയാതെ സുഖരാത്രിയുടെ അനുഭൂതി നുകര്‍ന്ന് ഉറങ്ങുന്ന പ്രിയതമയെ നോക്കി കിടന്നപ്പോള്‍ കണ്ണുകള്‍ ജലാര്‍ദ്രമായി. ആ നനവ്‌ തുടക്കാതെ അവളെ ഉണര്‍ത്താതെ ആ കവിളില്‍ ഒരു പ്രണയമുദ്ര നല്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണുകളില്‍ നിന്ന് കവിളില്‍ എത്തിയിരുന്ന നനവ് അറിഞ്ഞിട്ടാവണം അവള്‍ ഞെട്ടിയുണര്‍ന്നു ചോദിച്ച ചോദ്യങ്ങള്‍ക്ക് ആദ്യമായി മൌനം കൊണ്ടാണ് മറുപടി പറഞ്ഞത്.  കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ആമുഖം പിടിച്ചു നെഞ്ചോടു ചേര്‍ത്തുവെച്ചു കിടക്കുമ്പോള്‍ ആ മിഴികളിലെ നനവ് നെഞ്ചിനെയും വല്ലാതെ നനച്ചു.

ഇതാ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു.  പിറന്ന നാടിനോട് താല്‍ക്കാലികമായി വിട..
എവിടെനിന്നോ വന്നു തഴുകി കടന്നു പോയ ഒരു മേഘപാളി കാഴ്ചകള്‍ അല്പം മങ്ങിച്ചു.


പടിഞ്ഞാറന്‍ മാനത്തെ സൂര്യ ബിംബം അല്പം താഴെ ഒഴുകുന്ന പുഴയില്‍ കാണാം.  ഇനിയെന്നാണ് ഈ പുഴയും ഹരിതഭൂമിയും കുളിര്‍കാറ്റും തഴുകുന്ന നാട്ടിലേക്ക് തിരികെ വരുവാന്‍ കഴിയുക?!  ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് എന്നറിഞ്ഞിട്ട്കൂടി വീണ്ടും മനസ്സ് അത് ചോദിച്ചുകൊണ്ടിരുന്നു.  അറിയാതെ കണ്ണില്‍ നിന്നും അരിച്ചിറങ്ങിയ നീര്‍മണികള്‍ അടര്‍ന്നു വീഴും മുന്‍പേ ടിഷ്യൂ പേപ്പറില്‍ ഒപ്പിയെടുത്തു - അടുത്ത സീറ്റിലെ യാത്രക്കാര്‍ കാണരുതല്ലോ!   

ഇത്തവണ നാട്ടില്‍ നിന്ന് പോരുമ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായതാണ് ഈ പോസ്റ്റ്‌. വായിച്ച് കണ്ടു അഭിപ്രായം കമന്റുമല്ലോ...

9 അഭിപ്രായങ്ങൾ:

  1. യാത്ര പറയുന്ന ചിത്രങ്ങൾ...നന്നായിരിയ്ക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  2. ഫോട്ടോകളും വിവരണങ്ങളും നന്നായി ഭായ്, അവസാനം മനസ്സിനെ ഒന്നാർദ്രമാക്കി.

    ആശംസകൾ


    ഗൾഫിലെത്തിയതോണ്ട് ഇനി സ്ഥിരമായി ഫേസ് ബുക്കിൽ കാണുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം!!

    ഇതുപോലെ പടങ്ങൾ എടുത്താലോ എന്ന് പലപ്പോഴും യാത്ര കഴിഞ്ഞ് ചിന്തിക്കും.
    പക്ഷേ ടേക്ക് ഓഫ് സമയത്ത് മറക്കും.
    മിക്കവാറും ക്യാമറ ബാഗിനുള്ളിലായിരിക്കും.
    അത് അപ്പോൾ തുറക്കാനാവില്ലല്ലോ!

    മറുപടിഇല്ലാതാക്കൂ
  4. പടിഞ്ഞാറന്‍ മാനത്തെ സൂര്യ ബിംബം അല്പം താഴെ ഒഴുകുന്ന പുഴയില്‍ കാണാം. ഇനിയെന്നാണ് ഈ പുഴയും ഹരിതഭൂമിയും കുളിര്‍കാറ്റും തഴുകുന്ന നാട്ടിലേക്ക് തിരികെ വരുവാന്‍ കഴിയുക?! ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് എന്നറിഞ്ഞിട്ട്കൂടി വീണ്ടും മനസ്സ് അത് ചോദിച്ചുകൊണ്ടിരുന്നു. അറിയാതെ കണ്ണില്‍ നിന്നും അരിച്ചിറങ്ങിയ നീര്‍മണികള്‍ അടര്‍ന്നു വീഴും മുന്‍പേ ടിഷ്യൂ പേപ്പറില്‍ ഒപ്പിയെടുത്തു - അടുത്ത സീറ്റിലെ യാത്രക്കാര്‍ കാണരുതല്ലോ!

    ഒരു കാര്യം ഞാൻ ഇത്തിരി സങ്കടത്തോടെ സൂചിപ്പിക്കട്ടെ. നിങ്ങൾക്കൊക്കെ ഇങ്ങനെ ഇടയ്ക്ക് നാട്ടിൽ വന്ന് പോവുമ്പോഴെങ്കിലും ഈ ആകാശപ്പക്ഷിയിൽ ഒന്ന് കയറാം. സംഗതി നിങ്ങൾക്ക് മറ്റൊരുപാട് ഗൃഹാതുരത്വ സങ്കടങ്ങൾ ഉണ്ട്,ഇല്ലെന്നല്ല. പക്ഷെ ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന,ഇനിയെന്നെങ്കിലും നടക്കുമോ ന്നറിയില്ലാത്ത ഒരാഗ്രഹം, ഇങ്ങനെ സർവ്വ സാധാരണ പോലെ നിങ്ങൾ യാത്ര ചെയ്യുന്നത്,എഴുതുമ്പോൾ ഞാൻ വായിക്കുമ്പോൾ ഞാനനുഭവിക്കുന്നത് വല്ലാത്തൊരു നിർവൃതിയാണ്.!
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട ഫിയോനിക്സ്... ഈ സങ്കടം അനുഭവിയ്ക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി... എന്തുചെയ്യാം.. ഇതാണ് ജീവിതം.... അത് നമുക്കുവേണ്ടിയും, മറ്റുള്ളവർക്കുവേണ്ടിയും നാം അനുഭവിച്ചുതീർത്തേ മതിയാകൂ....
    ചിത്രങ്ങൾ നന്നായിരിയ്ക്കുന്നു... അതിലും മനോഹരം മനസ്സിന്റെ നൊമ്പരം പകർത്തിയ വരികൾ...
    സങ്കടങ്ങൾ മനസ്സിലൊതുക്കി ഒരു നല്ല നാളെയേ സ്വപ്നം കണ്ട് നമ്മുക്ക് മുൻപോട്ടുനീങ്ങാം..
    സ്നേഹപമ്ര്വ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ
  6. നല്ല ചിത്രങ്ങള്‍ , മാഷേ.

    വീണ്ടും പ്രവാസലോകത്തേയ്ക്ക് അല്ലേ?

    മറുപടിഇല്ലാതാക്കൂ
  7. ഇഷ്ടങ്ങള്‍ സാധിക്കാനാണ് ഇഷ്ടമില്ലാതെ ഒരു വേര്‍പാട് സഹിച്ചു പ്രവാസ ഭൂമിയിലേക്ക്‌ ഒറ്റയ്ക്ക് പോരുന്നത് ..പിരിയുന്നത് ബന്ധു ജനങ്ങളെ മാത്രമല്ല നമ്മുടെ നാടിനെയും അതിന്റെ പച്ചപ്പിനെയും നമ്മുടെ എല്ലാം സ്വാസ്ഥ്യത്തെയും കൂടിയാണ് ...ഓരോ തവണയും വേര്‍പാടിന്റെ വേദനകള്‍ കടിച്ചിറക്കുക്കുംപോളും വരാനിരിക്കുന്ന ഒരു നുള്ള് മധുരത്തെ ഓര്‍ത്ത്‌ അത് സഹിക്കുന്നു ...കഷ്ടപ്പാടുകള്‍ വേഗം തീരട്ടെ എന്ന് ആശംസിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ ..ചിത്രങ്ങള്‍ വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ
  8. നിയ്ക്കും ഇഷ്ടായിട്ടൊ..മനോഹര ചിത്രങ്ങൾ..!

    മറുപടിഇല്ലാതാക്കൂ
  9. പത്തിരിയും കോഴി ക്കറിയും വിട്ടു കുബ്ബൂസിലെക്ക് ല്ലേ :)

    മറുപടിഇല്ലാതാക്കൂ