2009, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ചെയ്സിംഗ് ദി ഗുണ്ടാസ്‌!

പറഞ്ഞുറപ്പിച്ച തിരക്കഥ പൂര്‍ത്തിയാക്കി നമ്മുടെ ഗുണ്ടാ സഹോദരന്മാര്‍ (എല്ലാ ഭാരതീയരും സഹോദരീ സഹോദര്മാരനല്ലോ നമ്മള്‍ക്ക്) കീഴടങ്ങി. അതും തമിഴ്‌ നാട്ടിലെ കോടതിയില്‍. അവര്ക്കു എന്തുകൊണ്ടോ കേരളത്തിലെ പോലീസിനെയും കോടതിയെയും പേടിയായിരിക്കാം. ഇന്നലെ ചാനലുകളില്‍ അതിന്റെ ബഹളമായിരുന്നു. എന്തിനാണ് ഇത്രയധികം ചാനല്‍ പ്രവര്‍ത്തകര്‍ തമിഴ്നാടിലെ ജയിലിന്റെ വാതില്‍ക്കല്‍ കാത്തു കെട്ടി കിടന്നത്? എന്തിനാണ് ഈ ക്രിമിനല്‍ സഹോദരന്മാര്‍ക്ക് ഇത്രയധികം coverage നല്‍കുന്നത്‌. അവിടെ തന്നെ വച്ചു അവരുടെ പടം പിടിക്കണം എന്ന് ചാനല്‍ സഹോദരന്മാര്‍ക്ക് എന്താ ഇത്ര നിര്‍ബന്ധം? അവിടെ നിന്നും കാര്യം സാധിക്കാതെ വന്നപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഗുണ്ട-പോലീസ് വാഹനവ്യൂഹത്തെ ചെയ്സ് ചെയ്തുപോല്‍! എന്തിനാണ് സുഹൃത്തുക്കളെ ഇതൊക്കെ കാട്ടിക്ക്കൊട്ടുന്നത്? നിങ്ങളുടെ ചാനല്‍ മുതലാളിമാര്‍ പറഞ്ഞിട്ടാണോ? അതോ നിങ്ങളുടെ സ്വന്തം റിസ്ക്‌ ആണോ?
ഒരു കാര്യം ആലോചിക്കുക, അത്യന്തം അപകടകരമായ രീതിയില്‍ (ഏതാണ്ട് 150km/hr) സ്പീഡില്‍ വരെ ചെയ്സ് ചെയ്തു എന്ന് പത്രത്തിലും മറ്റും കാണുന്നു. ഈ ചെയ്സിങ്ങില്‍ എന്തെങ്കിലും അപകടം നടന്നു അതില്‍ ഉള്‍പെട്ട ഗുണ്ടാ-പോലീസ്-മാധ്യമ പ്രവര്‍ത്തക ഭേദമന്യേ ആരെങ്കിലും വീരചരമം വരിച്ചിരുന്നു എങ്കില്‍ ആര്‍ക്കായിരിക്കും ഉത്തരവാദിത്തം? പോലീസിനോ, ഗുണ്ടകല്‍ക്കോ? അതോ നിങ്ങളെ പറഞ്ഞു വിട്ട മുതലാളിമാര്‍ക്കോ? നിങ്ങളുടെ വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്ന അമ്മ, സഹോദരങ്ങള്‍, ഭാര്യ, അച്ഛന്‍ എന്നീ കഥാപാത്രങ്ങളെ എന്തുകൊണ്ട് നിങ്ങള്‍ മറന്നുകൊണ്ട് ഈ വെറും ഗുണ്ട-പോലീസ് പടയെ ചെയ്സ് ചെയ്തു? എന്നിട്ട് അനന്തപുരിയില്‍ എത്തിയിട്ടല്ലേ ആ പൊന്നുമക്കളുടെ ഒരു പടം പിടിക്കാന്‍ കഴിഞ്ഞുള്ളു. ഇതിനിടയില്‍ പോലീസ് ഏമാന്മാര്‍ എന്തിനാണ് ഇടക്ക് നിന്നും വണ്ടിയില്‍ ഓടി കയറിയത്‌? സഹോദരന്മാര്‍ക്ക് മൊഴി എങ്ങിനെ തരണം എന്ന് ട്രെയിനിംഗ് കൊടുക്കുവാനല്ലാതെ എന്തിനു? എന്നിട്ട് ലവന്മാരെ ജയിലില്‍ കയറ്റിയ വിവരം പറഞ്ഞ ഒരു ചാനല്‍ പറയുന്നു അവിടെ ഏഴ് മണിക്ക് അത്താഴം കഴിഞ്ഞു ലവന്മാര്‍ക്കു നാളെ പ്രാതല്‍ മാത്രമെ ഇനി കിട്ടുകയുള്ളൂ എന്ന്. എന്നാല്‍ നിങ്ങള്ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) എല്ലാവര്ക്കും കൂടി പിരിവെടുത്ത്‌ വല്ല ഫൈവ് സ്റ്റാര്‍ ഫുഡ്‌ വാങ്ങികൊടുക്കാന്‍ മേലായിരുന്നോ? (നമ്മുടെ "ഉന്നതര്‍" അവര്ക്കു വേണ്ട ഭക്ഷണം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു ഞങ്ങള്‍ എത്തിച്ചു കൊടുത്തു എന്ന് രണ്ടു ദിവസം കഴിയുമ്പോള്‍ ചാനലില്‍ ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ പാചകക്കാരനോ, വൈട്ടെരോ അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം തിരുവനന്തപുരത്തെ ഏതെങ്കിലും സാദാ തട്ടുകടയില്‍ പൊറോട്ട അടിക്കുന്ന പയ്യനോ പ്രത്യക്ഷപ്പെട്ടു പറയുന്നതു നമുക്കു കാണാം, കാത്തിരിക്കുക).
എന്തായാലും ക്രിമിനലുകളെ അരിയിട്ട് വാഴിക്കുന്ന ഈ പരിപാടി ചാനലുകള്‍ നിര്‍ത്തുന്നതാണ് നല്ലത്. അത്രമാത്രമേ ഈ അവസരത്തില്‍ പറയുന്നുള്ളൂ.

1 അഭിപ്രായം:

  1. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗുണ്ടകള്‍ സൂപ്പര്‍ താരങ്ങളായാല്‍ ഇങ്ങനൊക്കെ തന്നെ.

    മറുപടിഇല്ലാതാക്കൂ