2016, ജനുവരി 26, ചൊവ്വാഴ്ച

വിരാമത്തിലേക്ക്

തിങ്ങിനിറഞ്ഞ പുകമഞ്ഞ്‌ കാറിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിന് കുറച്ചു അലോസരം സൃഷ്ടിച്ചിരുന്നുവെങ്കിലും അയാള്‍ കാറിന്‍റെ വേഗം കുറച്ചില്ല.  

"എല്ലാം അവസാനിപ്പിക്കാനുള്ള യാത്രയല്ലേ, വരുന്നത്പോലെ വരട്ടെ. റോഡില്‍ വെച്ചായാലും വേണ്ടില്ല" ആയാള്‍ മനസ്സില്‍ പറഞ്ഞു. 

അങ്ങകലെ ആ കുന്നിന്‍റെ മുകളില്‍ തൊട്ടപ്പുറത്തെ കൊക്കയിലേക്ക് തള്ളിനില്‍ക്കുന്ന മുനമ്പായിരുന്നു അയാളുടെ ലക്‌ഷ്യം.  ജീവിതത്തെ കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ക്ക് തന്നോട് തന്നെ ഒരു അവമതിപ്പ്‌ തോന്നി. ഇനിയും സഹിക്കാന്‍ വയ്യ.  എല്ലാറ്റിനും ഒരവസാനം ഉണ്ടായേ തീരൂ. തന്നെക്കൊണ്ട് ഇനിയാരും പരാതി പറയരുത്. സീറ്റില്‍ കിടന്നിരുന്ന കുപ്പിയിലെ ബാക്കി വെള്ളം അയാള്‍ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.  മരിക്കാന്‍ പോകുന്നതിനു മുന്നേ വെള്ളം കുടിക്കുന്നതിലെ കോമഡി ഓര്‍ത്തപ്പോള്‍  ഒരു വരണ്ട പുഞ്ചിരി ചുണ്ടിന്റെ കോണില്‍ വിരിഞ്ഞു.

കുന്നിന്‍ മുകളിലേക്ക് വണ്ടി കയറില്ല.  കുന്നിന്‍ചെരുവില്‍ റോഡ്‌സൈഡില്‍ നിന്നും അല്‍പ്പം താഴ്ന്നു നിന്നിരുന്ന മാവിന്‍ചോട്ടിലേക്ക് അയാള്‍ വണ്ടി ഒതുക്കി നിര്‍ത്തി.  പുകമഞ്ഞില്‍ ചുറ്റും വ്യക്തതയില്ലാത്ത കാഴ്ചകള്‍.  ഏതൊക്കെയോ ശബ്ദങ്ങള്‍ നിശ്ശബ്ദതക്ക് തെല്ലു ഭംഗം വരുത്തുന്നുണ്ട്.  വണ്ടിയുടെ ഗ്ലാസ്സുകള്‍ കയറ്റിവെച്ച് മൊബൈല്‍ സൈലന്റ് ആക്കി സീറ്റിലേക്കിട്ടു.  താക്കോല്‍ കീഹോളില്‍ നിന്നും എടുത്തില്ല. സീറ്റിന്റെ ലിവര്‍ തിരിച്ചു പിന്നോട്ട് അല്‍പ്പം ചാഞ്ഞ് കണ്ണുകള്‍ ഇറുകെയടച്ചു.

പെട്ടെന്ന്  സൈഡ്ഗ്ലാസില്‍ ആരോ മുട്ടുന്നപോലെ?  മഞ്ഞിന്റെ ഈര്‍പ്പം ഒലിച്ചിറങ്ങുന്ന ഗ്ലാസിലൂടെ ഒന്നും കാണാന്‍ കഴിയുന്നില്ല.  അയാള്‍ വാതില്‍ തുറന്നിറങ്ങി.  കോടയില്‍ ഒരു രൂപം!  വ്യക്തമാകുന്നില്ല.  അടുത്തേക്ക് ചെന്നപ്പോള്‍ അത് തെല്ലകന്ന പോലെ!

"മരിക്കാന്‍ വന്നതാണല്ലേ"  ആ രൂപത്തിന്‍റെ ചോദ്യം അയാളെ ഒന്ന് ഞെട്ടിച്ചു.

"കൂടെ വന്നോളൂ".  പറഞ്ഞുകൊണ്ട് ആ രൂപം കുന്നിന്‍ മുകളിലേക്ക് ചുവടുകള്‍ വെക്കുകയാണ്.  കാഴ്ചക്ക് ഭംഗം വരുത്തുന്നത് നിറഞ്ഞു നില്‍ക്കുന്ന കൊടയോ അതോ തന്‍റെ പ്രായം കൂടിവരുന്ന കണ്ണുകളോ? 

"ഏയ്‌, നിങ്ങളാരാ"  രണ്ടും കല്‍പ്പിച്ച് ആ രൂപത്തിനോട് തെല്ലുച്ചത്തില്‍ ചോദിച്ചു.

ആ രൂപം ഒന്ന് നിന്നു.  പതിഞ്ഞ ശബ്ദത്തില്‍ അതിങ്ങനെ പറഞ്ഞു.

"സംശയിക്കേണ്ട മനുഷ്യാ ഞാന്‍ തന്നെ നിന്‍റെ മരണം"...

വീണ്ടും ഒന്ന് ഞെട്ടിയെങ്കിലും അയാള്‍ ആ രൂപത്തിനെ പിന്തുടര്‍ന്നു.......

(അവസാനിക്കുന്നില്ല....)

21 അഭിപ്രായങ്ങൾ:

 1. മനുഷ്യനെ കുന്നിന്മുകളില്‍ കയറ്റി നിര്‍ത്തി, അവസാനിക്കുന്നില്ല എന്ന അറിയിപ്പോടെ എങ്ങോട്ടാ പോകുന്നെ. ഇത് അവസാനിപ്പിച്ച്‌ പോയാമതി.

  മറുപടിഇല്ലാതാക്കൂ
 2. മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല !! ബ്ലോഗിലെ എഴുത്തും .......

  മറുപടിഇല്ലാതാക്കൂ
 3. നാലു വരി എഴുതി വെച്ചിട്ട് എവിടേക്കാ ഓട്ടം.
  വേഗം ആവട്ടെ

  മറുപടിഇല്ലാതാക്കൂ
 4. ഇത് ശെരിയായില്യ ട്ടോ :) അവസാനിച്ചില്ല എന്ന് പറഞ്ഞത് ജീവിതമോ കഥ യോ ,,,, എന്തായാലും ഗംഭീര തുടക്കം

  മറുപടിഇല്ലാതാക്കൂ
 5. ഹാ! വെച്ച് താമസിപ്പിക്കാതെ ഉള്ളത് മുഴുവനായി ചൊരിഞ്ഞിട്....

  മറുപടിഇല്ലാതാക്കൂ
 6. ഇതിന്റെ ബാക്കി എപ്പോൾ വെരും

  മറുപടിഇല്ലാതാക്കൂ
 7. നല്ല തുടക്കം.
  മുഴോനും വേഗം ആവട്ടെ.

  മറുപടിഇല്ലാതാക്കൂ
 8. അവസാനിപ്പിക്കാരുത്.

  തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 9. ജീവിതം അങ്ങിനെ അവസാനിപ്പിക്കാൻ ഉള്ളതല്ലല്ലോ.......എന്തിനെയും നേരിടാനുള്ള മനക്കരുത്ത് വേണമല്ലോ.

  മറുപടിഇല്ലാതാക്കൂ
 10. മലമുകളിൽ വേറൊരാളിനെ കാണാം. അയാളുടെ പേർ ജീവിതം എന്നായിരിക്കും

  മറുപടിഇല്ലാതാക്കൂ
 11. മിനിക്കഥ ഇഷ്ടപ്പെട്ടു. പക്ഷെ ആരും അതിന്റെ പിറകെ പോവണ്ടാ ട്ടോ..

  മറുപടിഇല്ലാതാക്കൂ
 12. ഹാഹാ മരണത്തെ നേരിട്ട്
  കണ്ട് സംസാരിക്കാനുള്ള ഭാഗ്യം...

  മറുപടിഇല്ലാതാക്കൂ
 13. പിന്തുടരാതെ നിവൃത്തിയില്ലല്ലോ

  മറുപടിഇല്ലാതാക്കൂ
 14. ആ രൂപത്തെ പിന്തുടർന്നപ്പോൾ മനസ്സിലായി ജീവിതം അവസാനിക്കുന്നില്ലെന്ന് ....!

  മറുപടിഇല്ലാതാക്കൂ
 15. ഒരിക്കലും അവസാനിക്കാത്ത തുടർച്ചകളിൽ എവിടെയൊക്കെയോ കാലം ഭയം കൊണ്ട് അടി വരയിടുന്നു ഇതും ജീവിതം തന്നെ ..മരണം എത്രയോ മുകളിലാണ്

  മറുപടിഇല്ലാതാക്കൂ
 16. ശ്ശെടാ ...സംഗതി നല്ല രസായി വായിച്ചു വരുകയായിരുന്നു ..പക്ഷേ അവസാനം മ്മളെ വടിയാക്കി വിട്ടു ..ആ ..പിന്നെ തുടരും എന്നായത് കൊണ്ട് പ്രതീക്ഷയുണ്ട് ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..ഒരു സത്യം പറയട്ടെ ..നിങ്ങ ലോക മടിയാനാണ് ..അതാണീ കഥ ഇങ്ങിനെ അവസാനിപ്പിച്ചത് ..

  മറുപടിഇല്ലാതാക്കൂ
 17. ഇഷ്ടായി.നല്ല എഴുത്തിനു ആശംസകള്‍.... വീണ്ടും കാണാം

  മറുപടിഇല്ലാതാക്കൂ
 18. നല്ല എഴുത്ത് .വീണ്ടും മുന്നോട്ടു ചലിയ്ക്കട്ടെ .

  മറുപടിഇല്ലാതാക്കൂ