2016, ജനുവരി 31, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - Black Hawk Down (2001)

2001ല്‍ പുറത്തിറങ്ങിയ Black Hawk Down എന്ന സിനിമ സോമാലിയയില്‍ അഭ്യന്തര കലാപം നേരിടാന്‍ തുനിഞ്ഞിറങ്ങി കൈ പൊള്ളിയ അമേരിക്കന്‍ പട്ടാളത്തിന്‍റെ യഥാര്‍ത്ഥ കഥയാണ് പറയുന്നത്.  ഈയിടെ എവിടെയോ ഈ പേര് വായിച്ചപ്പോള്‍ മുതല്‍ കാണാന്‍ തോന്നിയതാണ്.
സാമാന്യം റിയലിസ്റ്റിക്ക് ആയി നടത്തിയിട്ടുള്ള ഇതിന്‍റെ ചിത്രീകരണം എടുത്ത് പറയേണ്ടുന്ന ഒന്നാണ്.  ഇതെപെരില്‍ മാര്‍ക്ക് ബ്രൌണ്‍ എഴുതിയ പുസ്തകമാണ് ചിത്രത്തിന്‍റെ ആധാരം.  സംവിധാനം റിഡ്ലി സ്കോട്ട്. 1993ല്‍ അഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഇല്ലാതെയാവുകയും തുടര്‍ന്ന് സോമാലിയന്‍ സമൂഹത്തില്‍ ഒരുതരം അരക്ഷിതാവസ്ഥ സംജാതമാവുകയും ചെയ്തു.  അഭ്യന്തരയുദ്ധം അടിച്ചമര്‍ത്താന്‍ നിയുക്തരാക്കപ്പെട്ട യു.എന്‍. സമാധാന സേനക്ക് തങ്ങളുടെ ദൌത്യത്തില്‍ മുന്നേറാന്‍ കഴിയാതെ വരികയും, ദരിദ്രരായ സോമാളിയക്കാര്‍ക്ക്  ഐക്യരാഷ്ട്ര സഭ കൊടുത്തു വിട്ട ഭക്ഷണ സാമഗ്രികള്‍ തലസ്ഥാനമായ മൊഗാദിഷു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ്‌ ഫറാ ഐദിദ് എന്ന വിഘടനവാദി നേതാവിന്‍റെ വിഭാഗത്തില്‍പെട്ടവര്‍ തട്ടിയെടുക്കാന്‍ തുടങ്ങുന്നു.  കണ്ണില്‍ ചോരയില്ലാത്ത ഐദിദ് ഗ്രൂപ്പുകാര്‍ക്ക് സ്വന്തം ജനതക്ക് നേരെ നിറയൊഴിക്കാന്‍ സങ്കോചമേതും ഇല്ലായിരുന്നു.  സ്ഥലത്ത് പട്രോളിംഗ് നടത്തിയ ഒരു അമേരിക്കന്‍ ഹിലികൊപ്റ്റര്‍ യൂണിറ്റ് സംഭവത്തില്‍ ഇടപെടാന്‍ അനുമതി ആവശ്യപ്പെടുന്നു പക്ഷെ അവര്‍ക്ക് അത് ലഭിച്ചില്ല.

ഐദിദിന് ആയുധം വിതരണം ചെയ്യുന്ന ഒരാളെ അമേരിക്കന്‍ സൈന്യം സൂത്രത്തില്‍ പിടികൂടുന്നുവെങ്കിലും ചോദ്യം ചെയ്യലില്‍ അയാളില്‍ നിന്ന് കൂടുതല്‍ ഒന്നും അവര്‍ക്ക് കിട്ടുന്നില്ല.  ഇതേസമയം ഐദിദിന്‍റെ ഏറ്റവും അടുത്ത രണ്ടാളുകളെ പിടികൂടുവാന്‍ അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുകയും ചെയ്യുന്നു.  അമേരിക്കന്‍ സൈന്യത്തിലെ നല്ലൊരു വിഭാഗം പേരും യുവാക്കളും പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുമായിരുന്നു. 

ലഭ്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തിനിറങ്ങിയ അമേരിക്കന്‍ സൈന്യത്തിന് പക്ഷെ കനത്ത ചെറുത്ത് നില്‍പ്പ് സോമാലിയന്‍ വിഘടനവാദികളില്‍ നിന്നും നേരിടേണ്ടി വന്നു.  യന്ത്രതോക്കുകളും റോക്കറ്റുകളും കൈയ്യിലുള്ള സോമാലിയന്‍ "പോരാളികള്‍ക്ക്"  മുന്നില്‍ അമേരിക്കന്‍ പട്ടാളം ശരിക്കും വിയര്‍ത്ത് വെള്ളം കുടിക്കുന്നു.

തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമക്ക് വിഷയമായിട്ടുള്ളത്.  അതിഭാവുകത്വം ഏറെയൊന്നും കലരാതെ നല്ലൊരു യുദ്ധ ചിത്രം.  ലോകത്തിന്‍റെ പോലീസായി ഭാവിക്കുന്ന അമേരിക്ക അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പതറിപോകുന്നത് നമ്മളെ അത്ഭുതപ്പെടുത്തും.   ചേകവന്മാരെ പോലെ കൊല്ലാനും കൊല്ലപ്പെടാനും വിധിക്കപ്പെട്ട സൈനികരുടെ മനോനിലയും വളരെ വ്യക്തമായി കാണിക്കുന്നുണ്ട്.  വനിതാ പ്രാതിനിധ്യവും, പട്ടാള സിനിമകളില്‍പോലും കാണുന്ന പൈങ്കിളി സീനുകളും ഇല്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്. ചെകുത്താനും കടലിനും ഇടയിലെന്നപോലെ പെട്ടുപോയ അവിടത്തെ പട്ടിണിക്കാരായ സാധാരണ ജനതയുടെ ദൈന്യത കലര്‍ന്ന ചില സീനുകളും ഇതിലുണ്ട്. എന്നാല്‍ യുദ്ധം അഥവാ സൈനിക നടപടിയുടെ ഭീകരത വേണ്ടുവോളം ഉണ്ടുതാനും.  അതുകൊണ്ട് തന്നെ നല്ലൊരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് കിട്ടുന്നു. 

മുന്നറിയിപ്പ്: ചില സീനുകളില്‍ ഭീകരത അല്‍പ്പം കൂടുതലാണ്.  ധൈര്യം ഇല്ലാത്തവര്‍ കാണാതിരിക്കുക.

7 അഭിപ്രായങ്ങൾ:

  1. നല്ല വിവരണം ..സിനിമ കണ്ടിട്ടില്ല ..എന്തായാലും ഇനി കാണാം ...പിന്നെ ഭീകരത നേരിട്ട് അനുഭവിക്കാൻ ഇഷ്ടപ്പെടില്ലെങ്കിലും സിനിമയിലൂടെ അനുഭവിക്കാൻ ഇഷ്ടമാണ് ..സൊ ഭീകരത ഉണ്ട് എന്ന് പറഞ്ഞത് നന്നായി ..കാണാൻ ഒന്നൂടെ ഒരിതായി ..

    മറുപടിഇല്ലാതാക്കൂ
  2. എന്തായാലും ഒന്നു കണ്ടു നോക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. കാണാന്‍ ഒരാഗ്രഹം തോന്നുന്നു. പരിച്ചയപെടുതലിനു നന്ദി, പ്രിയ ഫിയോനിക്സ്

    മറുപടിഇല്ലാതാക്കൂ
  4. ഇത്തിരി രാഷട്രീയം കൂടി അറഞ്ഞിരുന്നാല്‍ നല്ലതായിരിക്കും.
    https://mljagadees.wordpress.com/2009/04/14/pirates-of-somalia/
    https://mljagadees.wordpress.com/2010/02/03/pirates-you-are-so-cruel/
    https://mljagadees.wordpress.com/2010/10/05/us-supports-new-military-offensive-in-somalia/

    മറുപടിഇല്ലാതാക്കൂ
  5. യുദ്ധസിനിമകൾ കാണാൻ വലിയ താല്പര്യമില്ല.

    മറുപടിഇല്ലാതാക്കൂ
  6. ചീള് സോമാലിയക്കാർക്ക് മുമ്പിൽ അമേരിക്ക വെള്ളം കുടിച്ച കഥ

    മറുപടിഇല്ലാതാക്കൂ
  7. കൃത്രിമത്വമില്ലാതെ എങ്ങനെ ഈ സിനിമയിലെ യുദ്ധരംഗങ്ങൾ ഷൂട്ട്‌ ചെയ്തെന്ന് നമ്മൾ അതിശയിച്ച്‌ പോകും..

    മറുപടിഇല്ലാതാക്കൂ