2013, ഡിസംബർ 17, ചൊവ്വാഴ്ച

മരണം വാതില്‍ക്കല്‍ ഒരുനാള്‍...............

ഏറെ ആലോചിച്ചതിനു ശേഷമാണ് ഈ പോസ്റ്റ്‌ എഴുതി തുടങ്ങുന്നത്.  ഈയിടെയായി ഒരു ചിന്ത മനസ്സിനെ വല്ലാതെ കീഴടക്കുന്നു - മരണം!!!! (മത വിശ്വാസങ്ങൾ തൽക്കാലം മാറ്റിവെച്ചു മാത്രം ഇത് വായിക്കുക).  അന്നേരം തോന്നിയ ചിന്തകള്‍ പരിമിതമായ വാക്കുകളില്‍ ഇവിടെ കുറിക്കട്ടെ.

അറിഞ്ഞവരും അറിയാത്തവരുമായ ഒരുപാട് പേർ ഓരോ ദിവസവും മരണത്തിനു കീഴടങ്ങുന്നു.  മരണം എന്ന വാക്കിനെ ഒരുപാട് പേര് ഭയക്കുന്നു.  ഒരുപക്ഷെ ജീവിച്ചിരിക്കുന്നവർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വാക്ക് "പണം" ആവാം, എന്നാൽ മിക്കവാറും ആളുകൾ വെറുക്കുന്നത് "മരണം" ആയിരിക്കാം.  മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും വേറെ ഒന്നിനെയുമല്ല.  മരണത്തെയാണ്.   ആഗ്രഹിക്കാത്ത പ്രതീക്ഷിചിരിക്കാത്ത സമയത്ത് "തിഥി" നോക്കാതെ ക്ഷണിക്കപ്പെടാത്ത "അതിഥി"യായി അത് കടന്നുവരുന്നു.  

നമ്മളിൽ ഓരോരുത്തർക്കും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടായിരിക്കും.  ജീവിതകാലത്ത് ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങൾ നമ്മൾ ചെയ്തുകൂട്ടുകയും ചെയ്യും.  പക്ഷെ മരിച്ചുകഴിഞ്ഞാൽ എല്ലാവർക്കും "പരേതൻ" ചെയ്ത "നല്ല കാര്യങ്ങൾ" മാത്രം പാടിപുകഴ്ത്താൻ അമിതമായ താല്പര്യമാണ്.  അത് പലപ്പോഴും അതിരുവിടുന്നത് പല വി.ഐ.പി. മരണങ്ങളിലും അനുശോചനം രേഖപ്പെടുത്തുന്ന മഹദ് വ്യക്തികൾ ടി.വി. ചാനലുകള്ക്ക് മുന്നിൽ അത് നടത്തുമ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

ഒരാൾ ജീവിത കാലത്ത് ചെയ്യുന്ന, അതിനാൽ ഉണ്ടാവുന്ന ദൂഷ്യം കുറെ കാലത്തേക്ക് നീണ്ടു നില്ക്കാവുന്ന ഒന്നോ അതിലധികമോ തെറ്റുകൾ, അയാൾ മരണപ്പെട്ടു കഴിഞ്ഞാൽ പെട്ടെന്ന് ഇല്ലാതാവുമോ?  മരണ സമയത്ത് താൻ  ചെയ്തുപോയ കാര്യങ്ങളിൽ പശ്ചാത്താപം തോന്നിയാൽ അത് അയാളുടെ കാര്യത്തിൽ എന്ത് ഗുണമാവും ഉണ്ടാക്കുക? ജീവിത കാലത്ത് ഒരു വ്യക്തി മറ്റു വ്യക്തികൾക്കോ സമൂഹത്തിനു തന്നെയോ ചെയ്ത ഉപദ്രവം കേവലം ഒരു മാപ്പ് പറച്ചിലിൽ ഇല്ലാതെയാകുമോ? ബന്ധുക്കളോട് ചെയ്ത തെറ്റുകൾക്ക് ആ വ്യക്തിയുടെ മരണശേഷം മക്കൾ വന്നു തങ്ങളുടെ പിതാവിന് അല്ലെങ്കിൽ മാതാവിന് പൊറുത്തു കൊടുക്കണം,  അവർക്ക്  വേണ്ടി പ്രാർത്ഥന നടത്തണം എന്നൊക്കെ പറയുന്നത് പിതാവിനെ പാപമോചിതനാക്കി സ്വർഗ്ഗത്തിലേക്ക്  എളുപ്പത്തിൽ കയറ്റി വിടുവാൻ നടത്തുന്ന ഒരു ശ്രമം മാത്രമല്ലേ?

ഇങ്ങിനെയുള്ള കാട്ടിക്കൂട്ടലുകൾ പലതും കാണുവാനും അനുഭവിക്കുവാനും ഈ അടുത്ത കാലത്ത് യോഗമുണ്ടായതിൽ നിന്നുമാണ് ഈ പോസ്റ്റിനു തുടക്കമിട്ടത്.  അപ്പോഴൊക്കെ മനസ്സില് ഉയർന്നു വന്നിട്ടുള്ള ഒരു ചോദ്യമാണ് ഇവർക്ക്  (നമുക്കും) മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അല്ലെങ്കിൽ മനപ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നുകൂടെ എന്ന്!  വിവിധ തലത്തിലുള്ള മനുഷ്യ ജീവിതത്തിൽ പലവിധ കാരണങ്ങൾ കൊണ്ടും ഇത്തരം പോസിറ്റീവ് ജീവിതം നയിക്കാൻ പലർക്കും കഴിയുന്നുണ്ടാവില്ല എന്ന പരിമിതി ഇവിടെ വിട്ടുകളയുന്നുമില്ല.  പക്ഷെ സ്വന്തം പ്രവൃത്തികൾ മറ്റുപലർക്കും ഉണ്ടാക്കാവുന്ന എടങ്ങേറുകൾ നമ്മൾ ചിന്തിച്ചേ തീരൂ.  ലോകം ഏറെ മാറി ചിന്തിച്ചു തുടങ്ങിയ ഇക്കാലത്ത് ആ ചിന്തകൾ വളരെ ഇടുങ്ങിയ വഴികളിലൂടെയാണ്‌ എന്ന് നമ്മൾ ഓരോരുത്തരും തിരിച്ചറിയണം.

ജീവിതത്തിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾക്ക് തങ്ങളുടെ ജീവിത കാലത്തും അതിനു ശേഷവും ഒക്കെ കണക്ക് പറയേണ്ടിവരും എന്ന് വ്യത്യസ്ത തരത്തിലുള്ള ചിന്താധാരകൾ മതാടിസ്ഥാനതിലും മറ്റും നമ്മുടെ ഇടയിലുണ്ട്.   പക്ഷെ ഒരു കാര്യം നമ്മൾ ആലോചിക്കുക, എങ്ങിനെയൊക്കെ ചിറകുവിടർത്തി പറന്നു കളിച്ചാലും നമ്മളെ തേടിയും മരണം വാതില്‍ക്കല്‍ ഒരുനാൾ......

5 അഭിപ്രായങ്ങൾ:

  1. അപ്പോള്‍ മരണമാണ് വില്ലന്‍...അല്ല യാഥാര്ത്ഥ്യം.
    മരിച്ചുകഴിഞ്ഞാല്‍ പിന്നെ എന്ത് പറഞ്ഞിട്ടെന്താ....

    മറുപടിഇല്ലാതാക്കൂ
  2. മരിച്ചവര്‍ ആരെങ്കിലും തിരിച്ച് വന്നിരുന്നെങ്കില്‍ കൊള്ളാമായിരുന്നു
    അവരോളം വിശദമായി പറയാന്‍ വേറാരെക്കൊണ്ട് സാധിക്കും

    മരണത്തിനപ്പുറം എന്ത്?
    ഒരുപക്ഷെ മരണത്തെയും അതിനുശേഷമുള്ള അവ്യക്തതെയും ചുറ്റിപ്പറ്റിയല്ലേ മതങ്ങള്‍ ഉണ്ടായി വളര്‍ന്നത്??!!

    മറുപടിഇല്ലാതാക്കൂ
  3. മരണത്തിനു ശേഷം മക്കളോ മറ്റ് സ്വന്തക്കാരോ പ്രാര്‍ത്ഥിക്കും എന്ന് വിശ്വസിച്ചു പാപം ചെയ്യുന്നവര്‍ വിഡ്ഢികള്‍ തന്നെ....വ്യതസ്തമായ ചിന്ത നല്‍കിയ ഒരു ലേഖനം.

    മറുപടിഇല്ലാതാക്കൂ
  4. മരണം വാതില്‍ക്കല്‍ ഒരുനാൾ..

    മറുപടിഇല്ലാതാക്കൂ