2013, ഡിസംബർ 25, ബുധനാഴ്‌ച

ഞാന്‍ കണ്ട സിനിമ - നോര്‍ത്ത് 24 കാതം

ഏറ്റവും ഒടുവില്‍ ഞാന്‍ കണ്ട സിനിമ - നോര്‍ത്ത് 24 കാതം.


ചില ക്രിക്കറ്റ് മാച്ചുകള്‍ ഇതുപോലെയാണ്.  ആദ്യം നമ്മെ ബോറടിപ്പിക്കും.  കളി പുരോഗമിക്കുന്തോറും സീറ്റിൽ ഒന്നുകൂടി ഇളകിയിരുന്നു നമ്മെ അവസാനം വരെ കാണാൻ തോന്നിപ്പിക്കും.   ഒരു കഥ. തുടക്കം ഒരു ന്യൂജനറേഷന്‍ മട്ടിലാണ്.  അസാധാരണ സ്വഭാവ വിശേഷങ്ങള ഉള്ള ഒരു "ടെക്കി", മ്മടെ ഫഹദ് ഫാസില്‍, ഒരു പ്രത്യേക ജന്മം.  ചില തനത് ശൈലികള്‍ക്ക് ഉടമയാണ് കഥാനായകന്‍. വൃത്തി, എടുപ്പ്, നടപ്പ്, ജോലി ഇതിലെല്ലാം സ്വന്തം ചിട്ടവട്ടങ്ങള്‍! (ആള്‍ ഒരു ഫയങ്കര സംഭവം തന്നെ!).  പക്ഷെ യുവാക്കള്‍ക്ക് വേണ്ടുന്ന "ഗുണങ്ങള്‍" (പഞ്ചാരയടി, കമ്പനി കൊടുക്കല്‍, വെള്ളമടി) ഒന്നും ഇല്ലാത്ത ഒരു തരം ജന്മം. മൂക്കിന്‍തുമ്പത്ത് കോപം.

ഇദ്ദേഹത്തിനു അച്ഛന്‍, അമ്മ, സഹോദരന്‍.  അമ്മ ഒരു വക്കീല്‍.  അച്ഛന് വീട്ടിലെ കമ്പ്യൂട്ടറില്‍ ഗെയിം കളി.  സഹോദരന്‍ ഒരു RJ - റേഡിയോ ജോക്കി.  തന്റെ സഹോദരന് ഇല്ലാത്ത ഗുണങ്ങള്‍ എല്ലാം ഈ അവതാരത്തില്‍ വേണ്ടതില്‍ അധികം കഥാകൃത്ത് ചേര്‍ത്തിട്ടുമുണ്ട്.  

ഓഫീസില്‍ കഥാനായകന്‍ ഹരിക്ക് പാരപണിയാന്‍ പതിനെട്ടടവുകളും പയറ്റി പരാജയപ്പെട്ട സഹപ്രവര്‍ത്തകര്‍! താന്‍ ഉണ്ടാക്കിയ ഒരുപ്രോഗ്രാം ഡെമോ തിരുവനന്തപുരത്ത് അവരുടെ ക്ലൈന്റിന്റെ മുന്നില്‍ നടത്തുവാന്‍ നിയോഗിക്കപ്പെടുന്ന ഹരി ആദ്യം ഒന്ന് മടിച്ചു എങ്കിലും പോകുവാന്‍ തീരുമാനിക്കുന്നു.  (യാത്രകളോട് പൊതുവെ അയാള്‍ക്ക് അകാരണമായ ഒരു ഭയവുമുണ്ട്).  അന്ന് ഒരു ഹര്‍ത്താല്‍ ദിവസവും! 

അങ്ങിനെ ഹരി ട്രെയിനില്‍ യാത്രയാവുന്നു.  കംപാര്‍ട്ട്മെന്റില്‍ വെച്ച് ഒരു വയോധികനെ (നെടുമുടി) കാണുന്നു എങ്കിലും സ്വതസിദ്ധമായ "ബലം പിടുത്തം" അയാള്‍ കൈവിടുന്നില്ല.  തന്‍റെ പ്രിയ പത്നിക്ക് സുഖമില്ല എന്നറിഞ്ഞു ആ വൃദ്ധനു ശാരീരിക വൈഷമ്യം നേരിടുമ്പോഴും ഒരു കൈ സഹായം ചെയ്യാന്‍ മുതിരാതെ ആ ബലം പിടുത്തം തുടരുന്നു.  മുകളിലെ ബെര്‍ത്തില്‍ യാത്ര ചെയ്തിരുന്ന നാരായണി എന്ന പെണ്‍കുട്ടിയാണ് ആ കാരണവരെ സഹായിക്കുന്നത്.  യാത്ര തുടരേണ്ട എന്ന് തീരുമാനിക്കുന്ന വൃദ്ധന്‍ തിരികെ മടങ്ങാന്‍ തീരുമാനിക്കുന്നു.  തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങിയ വൃദ്ധനും പെണ്‍കുട്ടിയും കോഴിക്കോട്ടേക്ക് ആ സ്റ്റേഷനില്‍ നിന്നും ട്രെയില്‍ ഇല്ല എന്നറിഞ്ഞപ്പോള്‍ അടുത്ത സ്റ്റെഷനിലെക്ക് പോകുവാന്‍ തീരുമാനിക്കുന്നു. ഇറങ്ങാനുള്ള തിരക്കിനിടയില്‍ വീണുപോയ വൃദ്ധന്‍റെ മൊബൈല്‍ ഫോണ്‍ ഹരിക്ക് കിട്ടുന്നു.  അന്നേരം അതില്‍ വന്ന കോള്‍ വൃദ്ധന്‍റെ ഭാര്യ മരണപ്പെട്ട വാര്‍ത്തയായിരുന്നു.  മൊബൈല്‍ ഉടമക്ക് തിരികെ കൊടുക്കാന്‍ ചാടി ഇറങ്ങിയ ഹരിക്ക് ട്രെയിന്‍ വിട്ടുപോകുന്നു.  അതില്‍ അയാളുടെ ബാഗും.  പക്ഷെ ഇങ്ങിനെ ഒരു അവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ തന്‍റെ കൈയിലുള്ള കാര്യം ഹരി മറച്ചു വെക്കുന്നു.  അത് സ്വിച്ച് ഓഫ് ചെയ്ത് തന്‍റെ ബാഗില്‍ അയാള്‍ സൂക്ഷിക്കുന്നു.  പിന്നീട് അവിടന്നങ്ങോട്ട് ജീവിതത്തിന്‍റെ സംഭവബഹുലമായ പ്രയാണമാണ് കാണുന്നത്.  ഓട്ടോയില്‍ കൊല്ലത്തേക്ക് പോകുന്ന വൃദ്ധനും  നാരായണിക്കും ഒപ്പം ഹരിയും കൂടുന്നു.  ആ വാര്‍ത്ത അയാളെ അറിയിക്കാന്‍ കഴിയാതെ.  തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനും തുടര്‍ന്ന് ട്രാന്‍. സ്റ്റാന്റും അവരുടെ ഇടത്താവളം ആകുന്നു.  അവസാനം ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ അവര്‍ യാത്രതിരിക്കുന്നതിനു മുന്‍പ് വീണ്ടും വൃദ്ധനു ഫോണ്‍ വരുന്നു എങ്കിലും അത് ഹരി വീണ്ടും സ്വിച്ച് ഓഫ് ചെയ്യുന്നു.  ഇടക്ക് ബസ്സ്‌ കേടാവുന്നു.  തുടര്‍ന്ന്‍ ഒരു തോണിയില്‍ പിന്നെ ഒരു ആംബുലന്‍സില്‍ പിന്നെ നാട്ടുവഴികള്‍ ഇതെല്ലാം അവരുടെ യാത്രാമാധ്യമങ്ങള്‍ ആയിത്തീരുന്നു.  വിശപ്പ്‌ മാറ്റാന്‍ വഴിയില്‍ കാണുന്ന ഒരു കള്ളുഷാപ്പില്‍ കയറി കപ്പയും മീങ്കറിയും കഴിക്കുന്നു നാരായണിയും വൃദ്ധനും.  അപ്പോഴും ഹരി "എയര്‍" പിടുത്തം ഉപേക്ഷിക്കുന്നില്ല.  അവിടെനിന്നു പരിചയപ്പെടുന്ന ചില യുവാക്കളുമായി ഏറണാകുളം ലക്ഷ്യമാക്കി പോകുന്ന മൂവരും ഇടക്ക് ആ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.  പിന്നീട് ഇടവഴികളിലൂടെ പോകുമ്പോള്‍ മൂവരും ഒരു നിമിഷം ഒരു ജലപ്രവാഹത്തില്‍ നോക്കി എല്ലാം മറന്നു നിന്നുപോകുന്നുണ്ട്. "ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം" എന്ന കവിവചനം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ എയര്‍ പിടുത്തം വിട്ട് ഹരിയും ഒരുവേള നിന്നുപോകുന്നു.   കൃത്രിമങ്ങള്‍ എല്ലാം വിട്ടു പ്രകൃതിയെ ഹരികൃഷ്ണന്‍ അടുത്തറിയാന്‍ തുടങ്ങുന്നത് അവിടെവെച്ചാണ്.  ശുദ്ധമായ വായു, ജലം പിന്നെ മണ്ണ് എല്ലാം ഹരിക്ക് തുറന്നു കാട്ടിയത് അനുഭൂതികളുടെ മണിചെപ്പുകള്‍ ആയിരുന്നു.  ഇതിനിടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഹരിയെ കാണാതെ കമ്പനിയുടമയും അവരിലൂടെ വിവരമറിയുന്ന വീട്ടുകാരും വിഷമിക്കുന്നു.  ഹരിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നു.  തുടര്‍ന്ന്‍ ഒരു കള്ളവാറ്റു സംഘത്തിന്‍റെ ഒപ്പം ഹരിയെയും  പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു.  നാരായണിയും വൃദ്ധനും സ്റ്റേഷനില്‍ എത്തി ഹരിയെ മോചിപ്പിക്കുന്നു.  തുടര്‍ന്ന്‍ ഒരു പോലീസ് ജീപ്പില്‍ ഗസ്റ്റ് ഹൌസില്‍ എത്തുന്നവര്‍ ഒരു മന്ത്രിയുടെ വാഹനത്തില്‍ ഏറണാകുളത്തേക്ക് യാത്രതിരിക്കുന്നു.  പ്രജാക്ഷേമതല്‍പ്പരനായ മന്ത്രിയും ശിങ്കിടികളും ഇടക്ക് വെച്ച് അവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കുന്നു.  വഴിയില്‍ കേടായി കിടന്ന ഒരു പോലീസ് ജീപ്പ് ഹരി നന്നാക്കി കൊടുക്കുന്നു.  അതിലായി പിന്നീട് മൂവരുടെയും യാത്ര.  വിമാനത്താവളത്തിനടുത്ത് ഇറങ്ങുന്ന അവര്‍ക്ക് കൂട്ടായി ഒരു പ്രവാസി മലയാളിയെ കിട്ടുന്നു.  

വീണ്ടും തുടരുന്ന ആ ഹര്‍ത്താല്‍ ദിനയാത്രയില്‍ അവരില്‍ ഓരോരുത്തര്‍ക്കും ജീവിതത്തിന്‍റെ അനുഭവപാഠശാല ആയി മാറുന്നതാണ് പിന്നീട് പ്രേക്ഷകര്‍ കാണുന്നത്.  ആ യാത്രയില്‍ ഹരിയുടെ "ബലം പിടുത്തം" അഴിയാന്‍ തുടങ്ങുന്നു.  എങ്കിലും ഗൌരവം വിടാതെ നോക്കുന്നു.  നാനാ തുറകളിലുള്ള ആളുകളുമായി ആദ്യമായി ഇടപെടാന്‍ കഴിയുന്ന അയാളുടെ മനസ്സില്‍ പലവിധ ചലനങ്ങളും നടക്കുന്നത് പ്രേക്ഷകര്‍ ആ മുഖഭാവങ്ങളിലൂടെ അറിയുന്നുണ്ട്.  നമ്മില്‍ ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന നന്മ ഉണ്ടെന്നു ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പറയാതെ പറയുന്നുണ്ട്.  "സ്നേഹം പറഞ്ഞറിയിക്കാന്‍ കഴിയില്ല, അനുഭവിച്ച് തന്നെ അറിയണം" എന്ന അറിവ് ഹരിക്ക് ലഭിക്കുന്നു.  ചില രസകരമായ സന്ദര്‍ഭങ്ങളും സംഭാഷണ ശകലങ്ങളും ഈ സിനിമയില്‍ ഇടക്കിടെ ഹരം പകരുന്നുണ്ട്.

അവസാനം യാത്ര അനിവാര്യതയിലേക്ക് ചെന്ന് ചേരുന്നു.  തന്‍റെ ഭാര്യ മരിച്ച സത്യം അറിയുന്ന വൃദ്ധന്‍ അതിനെ അതിജീവിക്കാന്‍ പെടുന്ന പാട് അത്യന്തം മനോഹരമായി നെടുമുടിവേണു അവതരിപ്പിച്ചു.  അവിടെ നിന്ന് പോരാന്‍ നേരം ഹരി സൂക്ഷിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ വൃദ്ധന്‍ അറിയാതെ അയാളുടെ മേശപ്പുറത്ത് വെക്കുന്നു.  തുടര്‍ന്ന്‍ നാരായണിക്ക് ഒപ്പം തിരിച്ചു പോരുന്ന ഹരി യാത്രക്ക് അവസാനം താന്‍ മോശമാണ് എന്ന് കരുതിയ പലതും സ്വീകരിക്കാന്‍ തയ്യാറാകുന്നു. 

ഈ യാത്രക്ക് ശേഷം ഹരി പുതിയ ഒരു മനുഷ്യനായിത്തീരുന്നു.  എല്ലാവരോടും സഹകരിച്ചു അവരില്‍ ഒരാളായി ഹരി മാറുന്നു.  ചുറ്റുപാടുകളിലും മനുഷ്യരിലും അയാള്‍ പുതിയത് പലതും കണ്ടെത്തുകയായിരുന്നു.  അവസാനം തനിക്ക് എന്തോ നഷ്ടപ്പെട്ടു എന്ന ഒരു ചിന്ത ഡോക്ടറോട് തുറന്നു പറയുന്ന ഹരി അത് നാരായണിയോടുള്ള തന്‍റെ സ്നേഹമാണെന്ന് തിരിച്ചറിയുന്നു.  അത് എന്നെന്നേക്കും നഷ്ടപ്പെടാതിരിക്കാന്‍ അവള്‍ ഉണ്ടാകും എന്ന് പറഞ്ഞ ട്രെയിന്‍ തേടി സ്റ്റേഷനില്‍ എത്തുകയും അവളെ വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നു. 

ലോകം എത്രയൊക്കെ സാങ്കേതികമായി പുരോഗമിച്ചാലും മനുഷ്യന്റെ ജീവിതത്തിൽ നന്മ, സ്നേഹം, സഹവർത്തിത്വം  ഇവക്കുള്ള സ്ഥാനം ഈ സിനിമയിൽ അടിവരയിട്ടു പറയുന്നുണ്ട്.  അഭിനേതാക്കളിൽ ശ്രീ. നെടുമുടിവേണു കലക്കി.  ഹർത്താലിനെ മറ്റെല്ലാവരും വിമർശിക്കുമ്പോഴും നെടുമുടിവേണുവിന്റെ കഥാപാത്രം ന്യായീകരിക്കുന്നു. ആളൊരു പഴയ സഖാവുമാണ്.  ഒരു പഴഞ്ചന്‍ സഖാവ് എന്ന് നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പ് താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ കൈവിടാത്ത സ്വത്വബോധത്തെ നമ്മള്‍ കണ്ടറിയണം.  ഫഹദ് ഫാസിൽ പറയാൻ അധികം ഡയലോഗുകൾ ഇല്ലാത്ത ഒരു റോളാണ് ചെയ്തത് എങ്കിലും അയാളുടെ മുഖത്ത് അയാൾക്ക് പറയാനുള്ളത് പ്രേക്ഷകർക്ക് വായിച്ചെടുക്കാം.  നാരായണി ആയിവന്ന സ്വാതി തന്റെ ഭാഗം ഭംഗിയാക്കി.  റേഡിയോ അവതാരകൻ പയ്യന് "ഡാ തടിയാ" എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ഒരു തുടര്ച്ചയായി തോന്നി, എങ്കിലും കൊള്ളാം.  പിന്നെ ആ പരദേശി ദമ്പതികൾ.  അങ്ങിനെ പേരറിയുന്നതും അല്ലാത്തതുമായ ഒരുപാട് കഥാപാത്രങ്ങൾ അവരുടെ ഭാഗം നന്നായി ചെയ്തു.  സംഗീത വിഭാഗം എടുത്തു പറയത്തക്ക ഒന്നും ഉണ്ടെന്നു തോന്നാത്തത് കൊണ്ട് (എന്റെ മാത്രം അഭിപ്രായം) വിട്ടുകളയുന്നു. ക്ലൈമാക്സ് സീൻ ഒന്നുകൂടി നന്നാക്കാമായിരുന്നു.  നായികയെ അവിടെ കണ്ടുമുട്ടുന്നതിനു പകരം സ്റ്റേഷനിൽ അവളെ കാത്ത് നായകന് വെയിറ്റിംഗ് ബെഞ്ചിൽ ഇരിക്കുന്നത് ആയിരുന്നുവെങ്കിൽ കുറച്ചുകൂടെ നന്നായേനെ!  അകെ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഈ വർഷം ഇറങ്ങിയ നല്ല ചില ചിത്രങ്ങളിൽ ഒന്ന് എന്ന് പറയാം.  എന്റെ റേറ്റിംഗ്....8.5/10.

അനിൽ രാധാകൃഷ്ണൻ മേനോണ്‍ (സംവിധായകൻ ) ഗുഡ് ജോബ്‌!!  കൃഷ്‌, ധൂം - 3 പോലുള്ള അതിമാനുഷ ചിത്രങ്ങള്‍ ബോക്സോഫീസില്‍ പുതിയ കളക്ഷന്‍ ചരിത്രം എഴുതി ചേര്‍ക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള ചിത്രങ്ങള്‍ തീര്ച്ചയായും വിജയിക്കണം. ഇല്ലോജിക്കല്‍ സീനുകള്‍ കണ്ടു കൈയ്യടിക്കുന്ന നാം യഥാര്‍ത്ഥ ലോകവും ജീവിതവും കാണുവാനും അറിയുവാനും ശ്രമിക്കേണ്ടിയുമിരിക്കുന്നു.

(പലതും വിട്ടുപോയിട്ടുണ്ട്, ചിലത് .ഒഴിവാക്കിയിട്ടും ഉണ്ട്, ക്ഷമിക്കുമല്ലോ!)

9 അഭിപ്രായങ്ങൾ:

  1. നല്ല അവതരണം ,,, കഥ പൂര്‍ണ്ണമായി അവതരിച്ചപ്പോള്‍ ഫിലിം കാണാനുള്ള ഒരു ത്രില്‍ പോയോ എന്നൊരു സംശയം . എന്നാലും കാണണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് ഓണത്തിനോ മറ്റോ ഇറങ്ങിയ സിനിമയാണ്. മിക്കവാറും ആളുകള്‍ കണ്ടുകാണും. ഫൈസലിക്കാ ആദ്യവായനക്കും അഭിപ്രായത്തിനും നന്ദി.

      ഇല്ലാതാക്കൂ
  2. എന്റെ പള്ളീ ...സിനിമയെ കുറിച്ച് ഇങ്ങിനെ പരത്തി എഴുതരുത് ട്ടോ .. ഞാന്‍ ഫുള്‍ വായിച്ചില്ല .. ഇനി ബാക്കി കണ്ടിട്ട് ഇവിടെ വന്നു പറയാം ട്ടോ ..

    മറുപടിഇല്ലാതാക്കൂ
  3. സിനിമ വീണ്ടും കണ്ടത് പോലെ തോന്നി ...കഥ മുഴുവനുമായി കൊടുത്തത് കാണാത്തവര്‍ക്ക് ഒരു പ്രശ്നമായേക്കാം ..എങ്കിലും ആദ്യ ദിവസങ്ങളില്‍ കണ്ട ഞാന്‍ റിവ്യൂ ഇട്ടപ്പോള്‍ കിട്ടാത്ത സ്വാതന്ത്ര്യം സെപ്റ്റംബറില്‍ ഇറങ്ങിയ സിനിമയുടെ ഡിസംബര്‍ മാസത്തില്‍ ഇട്ടതു കൊണ്ട് താങ്കള്‍ക്ക് കിട്ടിയിട്ടുണ്ട് ..അത് മനോഹരമായി ഉപയോഗിച്ചിട്ടും ഉണ്ട് ..അഭിനന്ദനങ്ങള്‍ സുഹൃത്തേ ...അസ്വാതന്ത്ര്യത്തില്‍ എഴുതിയ എന്‍റെ പാവം റിവ്യൂ ഇവിടെ ഉണ്ട് http://www.movieholicviews.blogspot.in/2013/09/40-north-24-kaatham-malayalam2013.html ...ഒന്ന് കയറി നോക്കണേ ...

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരിക്കുന്നു. എങ്കിലും കഥ മുഴുവൻ പറയാതെ കഥയിലേക്കുള്ള ചില സൂചനകൾ മാത്രം നല്കി എഴുതിയാൽ മതിയായിരുന്നു. ഒരു പക്ഷെ ഈ സിനിമ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാവാം ഇത്ര വാചാലമായത്..

    മറുപടിഇല്ലാതാക്കൂ
  5. നല്ല റിവ്യൂ. പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.:-) കഴിഞ്ഞ വര്‍ഷം കണ്ട നല്ല സിനിമകളില്‍ ഒന്ന്.


    മറുപടിഇല്ലാതാക്കൂ
  6. കഥ മുഴുവനും പറഞ്ഞ സ്ഥിതിക്ക് നിരൂപണം എന്ന് പറയാന്‍ കഴിയില്ല എന്ന് തോന്നുന്നു. ഏതായാലും ഇറങ്ങിയിട്ട് കുറേ കാലം ആയതു കൊണ്ട് അതൊരു വിഷയമല്ല. പക്ഷേ ഇതില്‍ പറഞ്ഞ മറ്റെല്ലാ കാര്യത്തോടും യോജിക്കുന്നു. എനിക്കും ഇഷ്ടമായ ചിത്രം തന്നെ.

    മറുപടിഇല്ലാതാക്കൂ
  7. സിനിമ കണ്ടിട്ട് അഭിപ്രായം പറയാം...

    മറുപടിഇല്ലാതാക്കൂ