2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

സുധീരനെതിരെ അബ്ദുല്ലകുട്ടി..രാജാവിനേക്കാള്‍ വലിയ രാജ ഭക്തന്‍!

നിലപാടുകള്‍ കൊണ്ടാണ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കപ്പെടുന്നതും ജന പിന്തുണ നേടുന്നതും.  എന്നാല്‍ എല്ലാ രാഷ്ട്രീയ നേതാക്കളും പിന്തുണ നേടുന്നത് ജാതി-മത ശക്തികളുടെയും വന്‍ കുത്തക മുതലാളിമാരുടെയും സഹായം കൊണ്ടാണെന്ന് ഈയടുത്ത കാലത്ത് തെളിഞ്ഞുകൊണ്ടിരിക്കുന്നു.  കോണ്‍ഗ്രസ് എന്ന പാര്‍ട്ടി എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രസംഗിക്കുകയും സാധാരണ ജനങ്ങളെ അവഗണിച്ച് വന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു എന്നത് ഓരൊ ഇന്ത്യന്‍ പൌരനും പുതുമയല്ല.  തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളെ വളര്‍ത്തി വലുതാക്കിയ ജനതയെ വിട്ട് കുത്തക ബൂര്‍ഷ്വാ മൂരാച്ചി വിഭാഗത്തിന്റെ പ്രായോജകരും ഗുണഭോക്താക്കളുമായി മാറി കഴിഞ്ഞു.  ഭാരതാംബക്ക് ജയ് വിളിക്കുന്ന കാവി ധാരികളെ പറ്റി പറയാതിരിക്കുകയാണ്‌ ഭേദം. കേരളത്തില്‍ ഉള്ള നാലു വോട്ട് വിറ്റു കാശാക്കി ദേശീയ തലത്തിലെത്തുമ്പോള്‍ അവര്‍ കൂടി അംഗങ്ങളായ സംഘപരിവാറിനു തന്നെ പങ്കാളിത്തമുള്ള വിധ്വംസക പ്രവര്‍ത്തങ്ങളുടെ തെളിവുകളാണ്‌ അവരെ നോക്കി പരിഹസിക്കുന്നത്.

അതുകൊണ്ട് സാധാരണ ജനതക്ക് വോട്ടിടുന്നതിലുള്ള ആവേശം പണ്ടത്തെപോലെ ഇല്ല പ്രത്യേകിച്ച് നഗരവാസികള്‍ക്ക്.  എന്നാല്‍ ചില നേതാക്കള്‍ എടുത്തു പറയേണ്ടുന്ന വ്യക്തിത്വങ്ങളാണ്.  അവര്‍ സംശുദ്ധ ജീവിതത്തിന്റെ ഉടമകളാണ്.  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണെങ്കില്‍ അവരില്‍ കാപട്യത്തിന്റെ മൂടുപടത്തിനു പിന്നിലെ ആദര്‍ശ ധീരന്മാരും, അതിവേഗ ബഹുദൂരന്‍മാരും, ആശ്രിതവല്‍സലരുംം മറ്റു ഏറാന്‍ മൂളികളുമെല്ലാം ധാരാളം (ലിസ്റ്റ് മുഴുവനാക്കുന്നില്ല).  എന്നാല്‍ എം.എല്‍.എ. എം.പി., മന്ത്രി, നിയമ സഭാ സ്പീക്കര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവച്ച് അവസാനം തങ്ങളുടെ സ്വാര്‍ത്ഥമോഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും "പാര"യാവുമെന്ന് ഭയന്ന് മുന്നണി-പാര്‍ട്ടി യജമാനന്‍മാരാല്‍ ഒതുക്കപ്പെട്ട് കഴിയുന്ന ശ്രീ. വി.എം. സുധീരന്‍ അതില്‍ നിന്നെല്ലാം വളരെയേറെ വ്യത്യസ്ഥനാണ്.  കോണ്ഗ്രസ് ജനുസ്സില്‍ ഇത്തരം നേതാക്കള്‍ വേറെയുണ്ടാകുമോ എന്നത് നിങ്ങള്‍ ചിന്തിക്കുക.  തന്റെ സംശുദ്ധ ജീവിതവും പ്രവര്‍ത്തനവും പോലെ തന്നെയാണ്‌ അദ്ദേഹത്തിന്റെ നിലപാടുകളും.  പൊതുജന താല്‍പര്യങ്ങള്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്കും തല്‍ഫലമായിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ നിലപാടുകളും തുറന്നടിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചില്ലറ പ്രശ്നങ്ങളൊന്നുമല്ല ഉണ്ടാക്കിയിട്ടുള്ളത്.  അതിനൊരുദാഹരണമാണ്‌ കഴിഞ്ഞ യു.ഡി.ഏഫ്. ഭരണ കാലത്ത് ആലപ്പുഴയിലെ കരിമണല്‍ ഖനനത്തിനെതിരെ അദ്ദേഹം സമര രംഗത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ചുതാനന്ദനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്.  തല്‍ഫലമായി ആലപ്പുഴയില്‍ പാര്‍ട്ടിയാലും മുന്നണിയാലും കാലുവാരപ്പെട്ട് അദ്ദേഹം പരാജയപ്പെട്ടു.  അദ്ദേഹത്തെ തോല്‍പ്പിച്ച ഡോ.കെ.എസ്. മനോജ് എന്ന സഖാവ് പിന്നീട് കോണ്ഗ്രസിലെത്തിയെന്നത് ചരിത്രം.

പ്രലോഭങ്ങള്‍ക്ക് വശംവദരാകാത്ത കേരളത്തിലെ കോണ്ഗ്രസ്സ് നേതാക്കളുടെ കണക്കെടുത്താല്‍ അദ്ദേഹത്തിന്റെ പേരായിരിക്കും ആദ്യം. (അതു കഴിഞ്ഞാല്‍ ആരെങ്കിലും അല്ലെങ്കില്‍ ആരൊക്കെ ഉണ്ടാവും എന്നത് നമ്മള്‍ സ്വയം വിലയിരുത്തുക).  അത്തരത്തിലുള്ള ശ്രീ. സുധീരന്‍ വികസന കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രസംഗമാണ്‌ ഇന്നലെ കോണ്‍ഗ്രസ്സിലേക്ക് വന്ന കേവലം ഒരു ഞാഞ്ഞൂല്‍ മാത്രമായ അബ്ദുല്ലകുട്ടിയെ ചൊടിപ്പിച്ചതത്രെ?!  സുധീരന്‍ ധീരമായി പറഞ്ഞത് ദേശീയ പാത വികസനം ഇന്നത്തെ അവസ്ഥയില്‍ മുന്നേറിയാല്‍ അധികം വൈകാതെ തന്നെ നമ്മള്ക്ക് സ്പെക്ട്രം അഴിമതിയെ കടത്തി വെട്ടുന്ന രീതിയിലുള്ള അഴിമതിയെ പറ്റിയുള്ള വാര്‍ത്തകളായിരിക്കും കേള്‍ക്കാന്‍ കഴിയുക എന്നാണ്.  അതില്‍ യാതൊരു സംശയവുമില്ല എന്ന തരത്തിലാണ്‌ കാര്യങ്ങളുടെ പോക്കെന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ യാഥാര്‍ത്യമുണ്ട്.  ബി.ഒ.ടി. അടിസ്ഥാനത്തില്‍ കരാറെടുത്തിരിക്കുന്ന കമ്പനികളുടെ താല്‍പര്യത്തിനു വഴങ്ങിയാണ്‌ ഇതിന്റെ വ്യവസ്ഥകളെന്ന് മുന്പേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.  എന്നാല്‍ സര്‍വ്വകക്ഷി യോഗം എന്ന ഒരു വഴിപാട് നടത്തി എല്ലാ വ്യവസ്ഥകളും അംഗീകരിക്കുകയാണ്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്തത്.  പാത വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധികളാരും തന്നെ സര്‍വ്വകഷിയോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല.  അതുകൊണ്ട് തന്നെ അവരുടെ എതിര്‍പ്പുകള്‍ക്ക് കേവലം വനരോദനമാവാനായിരുന്നു വിധി.  ഇപ്പോള്‍ തന്നെ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ (വല്ലാര്‍പാടം മുതലായ...) പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക് മതിയായ പുനരധിവാസ സൌകര്യങ്ങളൊരുക്കാന്‍ അതിന്റെ യജമാനന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുള്ള വസ്തുതയും സുധീരന്‍ എടുത്തു പറഞ്ഞു.

ഇതെല്ലാമാണ്‌ അബ്ദുള്ളകുട്ടിയെ പ്രകോപിപ്പിച്ചത്.  ക്രിക്കറ്റില്‍ ശ്രീശാന്തിനെ പോലെയാണ്‌ അബ്ദുല്ലകുട്ടി പെരുമാറുന്നത്.  അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവര്‍ക്കിട്ട് പണിയുക.  (ഹര്‍ഭജനിട്ടു പണിതപ്പോള്‍ ശ്രീക്ക് നല്ല തല്ലു കിട്ടി.  അതുപോലെ ഇപ്പോള്‍ അബ്ദുള്ളകുട്ടിക്കും കിട്ടി)കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തി എന്നു പറഞ്ഞപോലെയായി കാര്യങ്ങളിപ്പോള്‍.  ദുബായിലും മറ്റും ജനവാസമില്ലാത്ത മരുഭൂമിയില്‍ നാലുവരിയും ആറുവരിയുമൊക്കെയായിട്ടുള്ള പാതകള്‍ കണ്ടിട്ട് ജനനിബിഡമായ നമ്മുടെ കേരളത്തില്‍ അതുപോലെ വേണമെന്ന് വാശിപിടിക്കുന്ന ഒരു കുരുത്തം കെട്ട കുട്ടിയാണ്‌ അദ്ദേഹം.  പറഞ്ഞു പറഞ്ഞു മോഡി മോഡല്‍ വികസനത്തെപറ്റി പറഞ്ഞപ്പോളാണ്‌ സി.പി.എമ്മില്‍ നിന്ന്‌ പുറത്താവുന്നത്.  സി.പി.എമ്മിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്നും പെറുക്കിയെടുക്കുന്ന വേസ്റ്റുകള്‍ കോണ്ഗ്രസ്സില്‍ പുതിയ അന്തക വിത്തുകളായും അവയുടെ ഉല്‍പന്നങ്ങളായും രൂപാന്തരപ്പെടുകയാണ്.  അതിന്റെ ഉത്തമോദാഹരണമത്രെ ഈ കുട്ടി.  സുധീരനെപോലുള്ള പാരമ്പര്യമുള്ള കോണ്‍ഗ്രസ്സുകാരെ വരട്ടു വാദികള്‍ (ശരിക്കും വാക്കെനിക്കറിയില്ല) എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ഇയാള്‍ക്ക് എവിടെ നിന്നാണ്‌ ധൈര്യം കിട്ടിയത്?

തെറ്റുപറ്റിയത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനാണ്. സുധീരന്‍ പറഞ്ഞ പോലെ ഇന്നലെ മറ്റു പാര്‍ട്ടികളില്‍ നിന്നും വന്നവര്‍ക്ക് കോണ്‍ഗ്രസ്സ് മുന്നും പിന്നും നോക്കാതെ സീറ്റൂകൊടുത്ത് ജയിപ്പിച്ച് എം.എല്‍.എയാക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? വീട്ടുകാരെ ഭരിക്കാന്‍ വിരുന്നുകാര്‍ ആയിട്ടില്ല എന്ന് സുധീരന്‍ പറഞ്ഞെങ്കില്‍ അത് പച്ച പരമാര്‍ത്ഥം.

ഈ വക ഞാഞ്ഞൂലുകള്‍ അനാവശ്യമായ കാര്യങ്ങളില്‍ അനവസരത്തിലും അനാവശ്യമായ സ്ഥലത്ത് വച്ച് അഭിപ്രായം പറയുന്നതിനെതിരെ കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി ബോധവാന്‍മാരാകണം, ഈ പ്രവണത ഇനിയും വച്ചു പൊറുപ്പിക്കാതെ മുളയിലേ നുള്ളുകയാണ്‌ വേണ്ടത്.

2 അഭിപ്രായങ്ങൾ:

  1. ഹീ... ഹീ ...
    അബ്ദുള്ളകുട്ടി സാഹിബിനെ കുറിച്ച് എന്താ വിചാരിച്ചിരിക്കുന്നത്?
    അങ്ങേരു കേരളം ഗുജറാത്ത് പോലെയും ദുബായ് പോലെയും ആക്കാന്‍ വേണ്ടിയാണ് വികസന വിരോധികളായ കഞ്ഞി സഖാക്കളില്‍ നിന്നും രക്ഷപ്പെട്ട് കോര്പരറേറ്റ്‌ ബൂര്ഷ്വാ കളുമായി കരാറൊപ്പിട്ടിരിക്കുന്നത്.. അതിനിടയില്‍ പാവപ്പെട്ടവന്റെസ നെഞ്ചത്ത് കൂടിയാണോ ...അടുപ്പിലൂടെയാണോ നാലുവരി പാത പണിയുന്നതെന്ന് പഠനം നടത്തി വികസനം മുരടിപ്പിക്കാന്‍ നോക്കുന്ന മൂരാച്ചികളെ പിന്നെ എന്താ പറയാ??
    നാടിന്റെ? വികസനത്തിന്‌ ചോരത്തിളപ്പുള്ള യുവതുര്ക്കി കളെയാണ് വേണ്ടത് കുട്ടിയെ പോലെ ചോരതിളയ്ക്കുന്നവരെ ..അല്ലാതെ രാനാമം ജപിചിരിക്കേണ്ട സമയത്ത് നിയമസഭയില്‍ മുരുട്ടു ഞായം പറയുന്നവരെ കണ്ണിനു പിടിക്കാത്തതിനു പാവം കുട്ടിയെ തെറ്റ് പറയാന്‍ പറ്റുമോ?

    മറുപടിഇല്ലാതാക്കൂ