2018, ഏപ്രിൽ 25, ബുധനാഴ്‌ച

ആന്‍ഫീല്‍ഡ് തീപിടിച്ചപ്പോള്‍!


അസമയത്ത് വന്ന ഒരു ഫോണ്‍കോളാണ് ഇന്ന് വെളുപ്പിന് നടന്ന ലിവര്‍പൂള്‍ vs റോമ ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യപാദം കാണാന്‍ കാരണമായത്. കുറെ നാളായി ഉറക്കം കളയാറില്ല, പക്ഷെ ഇന്നലത്തെ ഉറക്കം ആ കോള്‍ കവര്‍ന്നിരുന്നു. എന്നാല്‍ ഉറക്കം വരുന്നത് വരെ ചുമ്മാ ഒന്ന് നോക്കിയേക്കാം എന്ന് കരുതി!
അക്ഷരാര്‍ത്ഥത്തില്‍ മുഹമ്മദ്‌ സലാ എന്ന "മിസിരിലെ രാജകുമാരന്‍" ആന്‍ഫീല്‍ഡില്‍ നിറഞ്ഞാടി. കൂട്ടിനു ഫെര്‍മിനോ, മാനെ... റോമ തുടക്കത്തിലേ പ്രതിരോധത്തില്‍ തൂങ്ങിയാടി നിന്നപ്പോള്‍ ഉള്ള ഗ്യാപ്പില്‍ ലിവര്‍പൂള്‍ ഇംഗ്ലീഷ് ഫുട്ബോള്‍ മുദ്രയായ അതിവേഗത്തിലായിരുന്നു. ഗോളടിച്ചും ഗോള്‍ അടിപ്പിച്ചും കളം നിറഞ്ഞു നിന്ന സലാ എഴുപത് മിനിട്ടിനു ശേഷം തിരികെ വിളിക്കപ്പെട്ടപ്പോള്‍ മാത്രമാണ് റോമ മത്സരത്തിലേക്ക് തിരിച്ചു വരുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. അവസാന 10+4 നിമിഷങ്ങള്‍ റോമയാണ് കളി നിയന്ത്രിച്ചത്. രണ്ടു തവണ ഗോള്‍ ലൈന് അപ്പുറം പന്തെത്തിച്ചു റോമന്‍സ് മിടുക്കരായി, ഒരെണ്ണം പെനാല്‍റ്റി ആണെങ്കിലും!
അവസാന സ്കോര്‍ 5-2! ബാഴ്സയുടെ തട്ടകത്തില്‍ നേടിയ ഒരു എവേ ഗോള്‍ റോമക്ക് സഹായകരമായി മുന്‍പ്. ഇത്തവണയും രണ്ടു എവേ ഗോളുകള്‍ അവര്‍ക്കായിട്ടുണ്ട്. രണ്ടാം പാദത്തില്‍ ഗോളില്ലാ സമനില പോലും സലായെയും കൂട്ടരെയും ഫൈനല്‍ കളിയ്ക്കാന്‍ കീവിലെക്ക് നയിക്കും, പക്ഷെ രണ്ട് എവേ ഗോളില്‍ പിടിച്ചുള്ള ഒരു 3-0 വിജയം റോമ സ്വപ്നം കാണുന്നുണ്ടാവാം! റോമ കോച്ചിന്‍റെ മുഖം ഇന്നലെ ഒടുവില്‍ തെളിഞ്ഞതിനു കാരണവും മറ്റൊന്നായിരിക്കില്ല.
റോമയുടെ തട്ടകമായ സ്റ്റഡിയോ ഒളിംബിക്കോവില്‍ അടുത്തയാഴ്ച പോരിനിരങ്ങുമ്പോള്‍ ആന്‍ഫീല്‍ഡിലെ "സലാ.. സലാ.." ആര്‍പ്പുവിളികള്‍ ഉണ്ടാവില്ല.

1 അഭിപ്രായം: