2015, ജനുവരി 21, ബുധനാഴ്‌ച

ഞാന്‍ കണ്ട സിനിമ PK

സിനിമയും മറ്റു കലാരൂപങ്ങളും ഒരു മതത്തെയോ, അതിന്‍റെ വിശ്വാസത്തെയോ ഏതൊക്കെ തരത്തില്‍ ഹനിക്കുന്നു, വ്രണപ്പെടുത്തുന്നു  അല്ലെങ്കില്‍ ഇതൊന്നും ചെയ്യാതെ സിനിമ എടുക്കാന്‍ പറ്റുമോ എന്നൊക്കെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ട വിഷയമാണ്.  പക്ഷെ PK എന്ന അമീര്‍ഖാന്‍-അനുഷ്ക ശര്‍മ്മ താരജോടിയുടെ സിനിമയിലൂടെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി യാതൊരുവിധ മതവികാരങ്ങളും വ്രണപ്പെടുത്തിയിട്ടില്ല എന്നുതന്നെയാണ് എന്‍റെ വിശ്വാസം.  മറിച്ച്, നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും തോന്നാവുന്ന കൌതുകം കലര്‍ന്ന യുക്തിപരമായ ചില ചോദ്യശരങ്ങളും വിശ്വാസികള്‍ക്ക് നേരെ PK തോടുത്തുവിടുന്നു.
ലവ്-ജിഹാദ്, ഘര്‍ വാപ്പസി, (മതപരിവര്‍ത്തനം ലക്ഷ്യമാക്കി മറ്റുമതങ്ങളില്‍ നിന്നും) "മരുമകളെ കൊണ്ടുവരൂ,  (മറ്റുമതസ്ഥരെ പ്രണയിക്കാതെ) സ്വന്തം പെണ്മക്കളെ സംരക്ഷിക്കൂ"  തുടങ്ങിയ മുദ്രാവാക്യങ്ങളാലും ചുംബനസമരം പോലുള്ള സമരമുറകളാലും അത്യന്തം കലുഷിതമായ സാമൂഹികാന്തരീക്ഷതിലാണ് PK യുടെ കടന്നുവരവ്.  നായകനായി, ദൈവങ്ങളുടെ വിവിധ ചിത്രങ്ങള്‍ WANTED ചേര്‍ത്ത നോട്ടീസുമായി  കടന്നുവരുന്ന PK എന്ന അന്യഗ്രഹജീവിയായ ഒരു വ്യക്തിയെ തന്നെ സൃഷ്ടിച്ചെടുത്തത് സംവിധായകന്‍റെ ഒരു ബോധപൂര്‍വ്വമുള്ള പ്രവൃത്തിയായിട്ടു തന്നെ നമ്മള്‍ കാണണം. കാരണം, റിയലിസ്റ്റിക് ആയ നാമവും ദേശ-ഭാഷാ സംസ്കാരവും പേറുന്ന ഒരു വ്യക്തി കേന്ദ്രസ്ഥാനത്ത് വന്നിരുന്നുവെങ്കില്‍ ഈ സിനിമ ഇത്രക്ക് വിജയിക്കുമായിരുന്നോ എന്ന് സംശയിക്കുന്നതിലുപരി ഇതിലും വളരെയധികം വിവാദങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുമായിരുന്നു എന്ന് തീര്‍ത്തുപറയാം.  അതുവഴി നമ്മള്‍ ഭാരതീയരില്‍ വ്രണപ്പെടാന്‍ വേണ്ടി മുട്ടിനില്‍ക്കുന്ന ഒരുപാട് വികാരങ്ങളെ സംവിധായകന്‍ സമര്‍ത്ഥമായി വെല്ലുവിളിക്കുകയാണ്.  അതിലുപരി നമ്മള്‍ മനുഷ്യന്റെ (ശരാശരി ഇന്ത്യാക്കാരന്റെ എന്ന് കുറച്ചു ഇടുങ്ങിയ തലത്തില്‍ ചിന്തിച്ചാല്‍!) ദൈവത്തിലുള്ള വിശ്വാസം, ഭക്തി, അന്വേഷണം ഇവയെ യാഥാര്‍ത്ഥ്യത്തിന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ് ഈ സിനിമ.

ഗാന്ധി ചിത്രമുള്ള കറന്‍സി കൊടുത്തപ്പോള്‍ കിട്ടുന്നത് (ഭക്ഷണം) മഹാതമാവിന്‍റെ ചിത്രം പേറുന്ന കടലാസും പുസ്തകവും കൊടുത്തപ്പോള്‍ കിട്ടാതിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത് സമൂഹത്തിലെ ചില പ്രവണതകളെ തന്നെയാണ്. മഹാത്മാഗാന്ധി എന്ന രാഷ്ട്രപിതാവിനെ ഇത്തരത്തിലാണ് സമൂഹം ഉള്‍ക്കൊള്ളുന്നത് എന്ന് പറയാതെ പറയുന്ന സീനാണ് നമ്മള്‍ കാണുന്നത്. താന്‍ വന്നുപെട്ട സമൂഹത്തിലെ ഓരോ അംശങ്ങളെയും അല്‍പ്പം ബുദ്ധിമുട്ടിയിട്ടുകൂടി തന്നിലേക്ക് സ്വാംശീകരിക്കാന്‍ PK ശ്രമിക്കുകയും അതില്‍ വളരെ നല്ലോരളവ്‌ വിജയിക്കുകയും ചെയ്യുന്നു.  അതിനു PKക്ക് സഹായിയായി വര്‍ത്തിക്കുന്നത് ആള്‍ദൈവത്തോട്  അങ്ങേയറ്റത്തെ ഭക്തി പ്രകടിപ്പിക്കുന്ന മാതാപിതാക്കളുടെ മകളായി വരുന്ന ജഗ്ഗുവാണ് (അനുഷ്ക ശര്‍മ്മ).  തന്റെ വിദേശവാസത്തിനിടയില്‍ സര്‍ഫറാസ് (Sushanth Singh Rajput) എന്ന പാക്കിസ്ഥാനി സുന്ദരനെ പ്രണയിച്ചിരുന്ന ജഗ്ഗു ആ പ്രണയം ഒരു പ്രത്യേക ഘട്ടത്തില്‍ കൈവിട്ടുപോയപ്പോള്‍ നിരാശപ്പെട്ടിരിക്കുകയാണ്.  അവിടെ നിന്ന് ദില്ലിയില്‍ ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ആയി ജീവിക്കുന്ന ജഗ്ഗുവിന്‍റെ മുന്നിലേക്ക് എത്രതന്നെ പ്രാര്‍ത്ഥിച്ചിട്ടും തന്‍റെ നഷ്ടപ്പെട്ടുപോയ റിമോട്ട് തിരിച്ചു തരാത്ത ദൈവത്തെ തേടി അലയുന്ന  PK യാദൃശ്ചികമായി എത്തുമ്പോഴാണ് കഥ വഴി തിരിയുന്നത്.

ശരിക്കും വല്ലാത്തൊരു സിനിമതന്നെയാണ് PK.  നാനാത്വത്തില്‍ ഏകത്വം പേറുന്ന ഭാരത സമൂഹത്തിലെ "മഹത്തായ പാരമ്പര്യം" എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പല പുഴുക്കുത്തുകളെയും പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന തരത്തിലാണ് ആവിഷ്കരിച്ചിട്ടുള്ളത്.  കൂടാതെ പാക്കിസ്ഥാന്‍കാരനായ ഒരു കാമുകനെ ആവിഷ്കരിച്ചതിലൂടെ ഇന്ത്യാ-പാക്ക് ബന്ധം ഊഷ്മളമാക്കെണ്ടാതിന്‍റെ പ്രാധാന്യവും ചിത്രീകരിച്ചിരിക്കുന്നു.  ഒരുപക്ഷെ ഇതൊക്കെ തന്നെയാവാം പരിമിതമായ തോതിലെങ്കിലും "സംഘി-മങ്കികളെ" തല്‍ക്കാലത്തേക്ക് പ്രകോപിപ്പിച്ചത്.  ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതില്‍ ദൈവത്തെ കേവലം പ്രതീകാത്മകമായി മാത്രമേ പറയുന്നുള്ളൂ, പക്ഷെ ദൈവത്തിന്‍റെ പേരില്‍ നടക്കുന്ന എല്ലാ തരികിടകള്‍ക്കു നേരെയും ഒരു കണ്ണാടി കാണിക്കുകയും ചെയ്യുന്നു.

നല്ലപോലെ ഹോംവര്‍ക്ക് ചെയ്ത് സൃഷ്ടിച്ചെടുത്ത ഒരു തിരക്കഥയാണ് ഈ സിനിമയുടെ ശക്തി.  നല്ല ചില ഗാനങ്ങളും, സീനുകള്‍ക്ക് യോജിച്ച BGMഉം എല്ലാം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തപ്പോള്‍ ഒരു മികച്ച സിനിമയായി മാറി.  ഇനിയും എഴുതി ബോറടിപ്പിക്കുന്നില്ല.  ഏതാനും കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്.  പക്ഷെ ഈ സിനിമക്ക് പ്രേക്ഷകരായ നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.  അത് കണ്ടുതന്നെ മനസ്സിലാക്കണം എന്ന് ഇത്തരുണത്തില്‍ ഉണര്‍ത്തികൊള്ളട്ടെ.

ഒരേയൊരു കാര്യത്തില്‍ മാത്രം നെഗറ്റീവ് ഇവിടെ രേഖപ്പെടുത്തുന്നു - Dancing Car-ല്‍ നിന്നും പണവും വസ്ത്രങ്ങളും pk അപഹരിക്കുന്ന രംഗം.  കുടുംബവുമൊത്ത് പോയിക്കാനുമ്പോള്‍ കുട്ടികളില്‍ പലര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള ആ കാറിനെപറ്റിയുള്ള സംശയം! (ഉത്തരം പറയാന്‍ നമ്മുടെകൈയില്‍ ഉണ്ടെങ്കില്‍ കുട്ടികളെയും കൂട്ടി കാണാം).

ഈ സിനിമ കണ്ടതിനു ശേഷം ആര്‍ക്കെങ്കിലും "ദൈവം" അല്ലെങ്കില്‍ "ഭഗവാന്‍" ആരെന്നു സ്വയമൊന്നു ചോദിക്കാന്‍ എന്തെങ്കിലും തരത്തില്‍ ഒരു പ്രേരണ തോന്നിയാല്‍ അവിടെയാണ് അതിന്‍റെ വിജയം എന്ന് മാത്രം പറഞ്ഞു നിരത്തുന്നു.

എന്‍റെ റേറ്റിംഗ്: 8/10

14 അഭിപ്രായങ്ങൾ:

  1. ഈ സിനിമയെ എതിര്തവരും ചാര്‍ളി ഹെബ്ടോയില്‍ അഴിഞാടിയവരും ഒരേ മനസ്സോടെ തന്നെ ആണ് ആനി നിരന്നത്..ഇവിടെ കൊലപാതകങ്ങള്‍ ഉണ്ടായില്ല എന്നെ ഉള്ളു..പക്ഷെ എതിര്‍പ്പുകള്‍ സാമ്യം ഉള്ളവ ആയിരുന്നു...ഇവിടെ അനാവശ്യ വിവാദം ആയിരുന്നു...പിന്നെ സമൂഹ വിമര്‍ശനത്തിനു അതീതരല്ലാത്ത സ്വാമിമാരും പ്രവാചകന്മാരും എല്ലാം ഉണ്ടെന്നു വിശ്വസിക്കുന്ന അത്ര മണ്ടത്തരം വേറെ ഇല്ല എന്നാണു എന്റെ അഭിപ്രായം..ആരുടേയും വിശ്വാസങ്ങള്‍ക്ക് എതിരും അല്ല..പക്ഷെ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് വിശ്വാസം മുറുക്കി പിടിക്കുന്നവര്‍ ആണ് പ്രശ്നം..നല്ല എഴുത്ത് ഭായ്

    മറുപടിഇല്ലാതാക്കൂ
  2. @@

    തീയറ്ററില്‍ പോയിത്തന്നെ കണ്ടു.
    വല്ലാത്തൊരു ധൈര്യം തന്നെ ഇത് എടുത്തവര്‍ക്ക്.
    ചുമ്മാതല്ല RSS/VHP ശവസൈനികര്‍ സിനിമയെ എതിര്‍ത്തത്.

    നിരൂപണം കിടു!

    ***

    മറുപടിഇല്ലാതാക്കൂ
  3. നല്ല റിവ്യൂ ...സിനിമ കണ്ടവർക്കും കാണാത്തവർക്കും ഒരു പോലെ വായിക്കാവുന്ന റിവ്യൂ. കഥ മുഴുവൻ വിവരിക്കാതെ സിനിമയുടെ പ്രമേയം മാത്രം ചർച്ചയാക്കുന്ന ചുരുക്കം ചില റിവ്യൂ എഴുത്തുകാരിൽ ഒരാളെ കൂടി ചേർത്ത് വായിക്കാൻ സാധിക്കുന്നതിൽ സന്തോഷം .. അഭിനന്ദനങ്ങൾ. What is God എന്നത് തന്നെയാണ് ഈ സിനിമ ഉയർത്തുന്ന പ്രധാന ചോദ്യം.

    2012 ൽ റിലീസായ ഉമേഷ്‌ ശുക്ലയുടെ "ഓ മൈ ഗോഡ്' സിനിമയുടെ പ്രമേയവും ഏറെക്കുറെ അതിൽ വിമർശിക്കപ്പെടുന്ന കഥാപാത്രങ്ങളും മറ്റു സംഗതികളുമെല്ലാം പി.കെയിലും ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും അവതരണത്തിലെ പുതുമ കൊണ്ടും അമീർ ഖാന്റെ പ്രകടന മേന്മ കൊണ്ടും രാജ്കുമാർ ഹിരാനിയുടെ സംവിധാന മികവു കൊണ്ടുമെല്ലാം പി.കെ മികച്ചൊരു സിനിമാസ്വാദനം ഉറപ്പ് തരുന്നു. കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേർത്തു വായിക്കാം - പി.കെ

    My rating =9/10

    മറുപടിഇല്ലാതാക്കൂ
  4. സമകാലിക ഇന്ത്യൻ സമൂഹത്തില ഏറെ ചര്ച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ വിശ്വാസം .... ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്നതാണ് ഏറ്റവും വലിയ ജീവിത പ്രതിസന്ധി എന്ന് തോന്നിപോകും ചില ജല്പനങ്ങൾ കേൾക്കുമ്പോൾ ... അചഞ്ചലമായ ഈശ്വര ഭക്തിയുടെ മറവിൽ ഈശ്വരന്റെ ദൂതന്മാരെന്ന്നു സ്വയം അവകാശപെടുന്ന ചില കള്ള നാണയങ്ങൾ എല്ലാ കാലത്തും എല്ലാ മതങ്ങളിലും ഇത്തിൾ കണ്ണികൾ പോലെ നില നിന്ന് പോകുന്നുണ്ട് .. നാം നിത്യേനെ കണ്ടു കൊണ്ടിരിക്കുകയാണ് അതെല്ലാം.. വിശ്വാസത്തെ ഒരിക്കലും യുക്തിയുടെ അളവുകോൽ കൊണ്ട് അളക്കാൻ സാധിക്കില്ല.... ഒരാളുടെ വിശ്വാസം അയാള്ക്കും മറ്റുള്ളവര്ക്കും ഒരു ദോഷവും വരാത്തിടത്തോളം വിശ്വാസം ഒരിക്കലും ഒരു പാപമല്ല ...പക്ഷെ അതിന്റെ പേരില് ചൂഷണം ചെയ്യപെടുന്നത് കബളിപ്പിക്ക്പെടുന്നത് തുറന്നു കാട്ടുക തന്നെ വേണം ... പരിചിതമായ ഒരു പ്രേമേയം അമീർ ഖാൻ എന്ന നടന്റെ താരം മൂല്യം നന്നായി പ്രയോജനപെടുത്തി കൃത്യമായ വാണിജ്യ ചേരുവകളിലൂടെ ബുദ്ധി പൂർവം സൃഷ്ടിച്ചെടുത്ത ഫിക്ഷൻ കഥാ പാത്രത്തിലൂടെ രസകരമായി പറയാൻ സംവിധയകന് സാധിച്ചു ...ഇതിൽ മത വികാരം വ്രണപെടുത്തി എന്ന് പറയുന്നവർ വെറും പൊട്ട കിണറ്റിലെ തവളകൾ ആണ് .... ഉദാത്തമായ ഒരു സിനിമ എന്നൊന്നും അവകാശ പെടാൻ പറ്റില്ലെങ്കിലും കണ്ടിരിക്കാം അത് മുന്നോട്ടു വെക്കുന്ന ആശയം പുരോഗമനം ആണെങ്കിലും അതിന്റെ സ്വീകാര്യതയിൽ സംശയമുണ്ട്‌ താനും. ..

    മറുപടിഇല്ലാതാക്കൂ
  5. അവലോകനം നന്നായിരിക്കുന്നു. ചില സൂചനകള്‍ മാത്രം നല്‍കിയത് നന്നായി
    ചിത്രം കാണാനൊത്തിട്ടില്ല.
    വൈകാതെ കാണാനൊക്കും എന്ന് കരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  6. വിലയിരുത്തൽ നന്നായി. ഈ അടുത്തകാലത്തു കണ്ടചിത്രങ്ങളിൽ എന്തുകൊണ്ടും മുന്നിൽത്തന്നെ നിൽക്കുന്ന സിനിമ. തലയ്ക്ക് വലിയകുഴപ്പമൊന്നുമില്ലാത്ത സാധാരണക്കാരന് ഇതു കാണുകവഴി പ്രത്യേകിച്ച് എവിടെയും ഒന്നും വ്രണപ്പെടുമെന്നു തോന്നുന്നില്ല. ഇതൊരു ഹേതുവാക്കി എന്തെങ്കിലുമൊക്കെയങ്ങു ചെയ്തുകളയാമെന്നു കരുതുന്നവരോട് സഹതപിക്കുകയല്ലാതെ എന്തുചെയ്യാൻ..! ഡാൻസിങ് കാർ പലതവണ ആവർത്തിച്ചതു വേണ്ടിയിരുന്നില്ല എന്നെനിയ്ക്കും തോന്നി. മൊത്തത്തിൽ നിറഞ്ഞാസ്വദിക്കാവുന്ന ഒന്നാന്തരം സിനിമ.

    മറുപടിഇല്ലാതാക്കൂ
  7. ഈ സിനിമ ഇന്ന് കണ്ടതെയുള്ളൂ ,, മനസ്സില്‍ തോന്നിയത് അതേപോലെ ഇവിടെ പകര്‍ത്തിയിരിക്കുന്നു ,,,,, നന്നായി എഴുതി ,,

    മറുപടിഇല്ലാതാക്കൂ
  8. ചിത്രം കണ്ടില്ല. വിശകലനം നന്നായി. ഈ പോസ്റ്റും അഭിപ്രായങ്ങളും സിനിമയെക്കുറിച്ച് ഒരു മുന്‍ധാരണ നല്‍കിയതിനാല്‍ ഇനി കാണുമ്പോള്‍ ശരിയായ സുഖം കിട്ടുമോ എന്നറിയില്ല.

    മറുപടിഇല്ലാതാക്കൂ
  9. ചിത്രം കണ്ടില്ല..പലരും നല്ല ചിത്രം എന്ന് പറഞ്ഞപ്പോൾ കാണാൻ ഇരുന്നതാണ്..ഈ വിശകലനത്തിന് നന്ദി..

    മറുപടിഇല്ലാതാക്കൂ
  10. ഡൌണ്‍ലോഡ് ചെയ്തു വെച്ചിട്ട് കുറച്ചു ദിവസമായി. ഇന്നെന്തായാലും കണ്ടിട്ട് തന്നെ ബാക്കി കാര്യം.

    മറുപടിഇല്ലാതാക്കൂ
  11. അന്തർദ്ദേശീയമായി തന്നെ സൂപ്പർ ഹിറ്റായ ‘പി.കെ’യെ കുറിച്ച്
    കണ്ടോർക്കും കാണാത്തോർക്കും പറ്റിയ അസ്സൽ വിശകലമായിട്ടുണ്ടിത് കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ