2014, ഡിസംബർ 8, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഹോംലി മീല്‍സ്!

പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് "ഹോംലി മീല്‍സ്" എന്നൊരു ബോര്‍ഡ് കണ്ടാല്‍ തീര്‍ച്ചയായും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതും നമ്മള്‍.  സ്ഥിരം ഭക്ഷണശാലകളില്‍ നിന്നും വ്യത്യസ്തമായി വലിയ ആകര്‍ഷകത്വം ഒന്നും അവക്ക് പുറമേക്ക് കാണിക്കാന്‍ ഉണ്ടാവില്ല. പക്ഷെ അവരുടെ ഒരു തനത് രുചി ഉണ്ടാവും. മറ്റു ഭോജനശാലകളിലെ സ്ഥിരം (അ)രുചിയില്‍ നിന്നും ഒന്ന് മാറ്റിപ്പിടിക്കാന്‍ നമ്മള്‍ ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്. സിനിമയുടെ കാര്യത്തില്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ അതുപോലെ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലാണ് അനൂപ്‌ കണ്ണന്‍ സംവിധാനം ചെയ്ത "ഹോംലി മീല്‍സ്" എന്ന സിനിമ ദൃശ്യമാകുന്നത്.
ജീവിത പ്രയാണത്തിലെ ഓരോ ഘട്ടത്തിലും നമുക്ക് നേരിടേണ്ടിവരുന്ന അവഗണന, പരിഹാസം, ചതി പിന്നെ പ്രതീക്ഷിക്കാത്ത ചിലരുടെ സഹായത്താല്‍ കഠിനാധ്വാനത്തിലൂടെ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ വൈകി കിട്ടുന്ന അംഗീകാരം തുടങ്ങിയവയാണ് ഹോംലി മീല്‍സിലെ ചേരുവകള്‍.  പക്ഷെ ചേരുംപടി ചേര്‍ക്കുന്നതില്‍ ചില പാളിച്ചകള്‍ സംഭവിച്ചപ്പോള്‍ അത് അല്‍പ്പം രുചി കുറഞ്ഞുപോയി എന്ന് മാത്രം.  എന്നാലും കണ്ടിരിക്കാം.  

കഥാതന്തുകൊണ്ട് ഹോംലി മീല്‍സ് കടപ്പെട്ടിരിക്കേണ്ടത് ഉദയനാണ് താരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയോടാണ്.  കാഴ്ചക്ക് സുന്ദരനല്ലാത്ത അത്യാവശ്യം സാങ്കേതിക വിജ്ഞാനമുള്ള അലന്‍ (വിപിന്‍ ആറ്റ്ലി) എന്ന ചെറുപ്പക്കാരന്‍ ഒരു ടി.വി. ഷോ ചെയ്യാന്‍ വേണ്ടി ജീവിതത്തിലെ പലകാര്യങ്ങളും മറന്നും അവഗണിച്ചും നടക്കുന്നതിന്‍റെ കഥയാണ് ഇത്.  അയാളുടെ ആശയങ്ങളും മറ്റും മറ്റുള്ളവര്‍ അടിച്ചുമാറ്റി തങ്ങളുടെതാക്കി മാറ്റി അവതരിപ്പിക്കുമ്പോള്‍ ഒന്ന് പ്രതിഷേധിക്കാനോ എതിര്‍ക്കാനോ കഴിയാത്ത തരത്തില്‍ അലന്‍ നിശബ്ദനാക്കപ്പെടുകയാണ്.  ഒരു കാര്യത്തോട് അസാമാന്യമായ ആവേശം അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ പിന്നെ അതെങ്ങിനെ അയാള്‍ തരണം ചെയ്യുന്നു എന്നൊക്കെയാണ് ഇതിലെ വിഷയം.  പുണ്യാളന്‍ അഗര്‍ബത്തീസും ഇതെവഴിക്ക് തന്നെയുള്ള സിനിമയാണ്. (പക്ഷെ അത് അവതരിപ്പിച്ച് വിജയിക്കുന്നതില്‍ അതിന്‍റെ സംവിധായകന്‍ വിജയിച്ചു).

ജവാന്‍ ഓഫ് വെള്ളിമല എന്ന പരാജയ ചിത്രത്തിന് ശേഷം തികച്ചും പുതിയനിര താരങ്ങളെവെച്ച് ഒരു സിനിമക്ക് ഇറങ്ങിത്തിരിച്ച അനൂപ്‌ കണ്ണന്‍ പ്രകടിപ്പിച്ച ധീരത സിനിമ മികച്ചതാക്കാന്‍ വേണ്ടി കാണിച്ചില്ല എന്നും പറയാം.  സിനിമയുടെ ഗതി മുഴുവന്‍ ഒരു ടെലി-ഷോയില്‍ (ഹോംലി മീല്‍സ്) മാത്രം കുരുങ്ങികിടക്കുന്നു എന്നതാണ് ഈ സിനിമയുടെ വലിയ ന്യൂനത.  മറ്റൊന്നും ഇതില്‍ കടന്നുവരുന്നില്ല.

പിന്നെ ആകെയുള്ള ആശ്വാസം പുതുതലമുറ സിനിമകളിലെ പോലെ മ്യൂട്ട് ചെയ്ത സംഭാഷണങ്ങള്‍ പച്ചത്തെറി തുടങ്ങിയവ ഇല്ലാതെ കണ്ടിരിക്കാം എന്നതാണ്.  ജീവിതത്തിനു ചില സന്ദേശങ്ങള്‍ നല്‍കുന്നു എങ്കിലും ഒരു സിനിമ എന്ന നിലയില്‍ ചിത്രം പരാജയപ്പെടാന്‍ മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ തന്നെ ധാരാളം.  എന്നിരുന്നാലും ശരിക്കും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില സന്ദര്‍ഭങ്ങള്‍ അവിടെയുമിവിടെയും ഒക്കെ കാണാം.

അലന്‍ ആയിവന്ന വിപിന്‍ തന്നെയാണ് ആശയം ഒരുക്കിയിരിക്കുന്നത്.  കൂടെ അറിയുന്നവരും അല്ലാത്തവരുമായ ഒരുപാട് താരങ്ങള്‍.  എല്ലാവരും നല്ലരീതിയില്‍ തന്നെ അഭിനയിച്ചു.  കൂട്ടത്തില്‍ എടുത്ത്പറയേണ്ടുന്ന അഭിനയം നീരജ് മാധവ് തന്നെ.  പക്ഷെ അവസാനവും കഥാഗതിയും ഒക്കെ സ്ഥിരം ശൈലിയില്‍ തന്നെ!  ആ ക്വട്ടേഷന്‍ ടീമിലെ അംഗങ്ങള്‍ ഒക്കെ നല്ല അഭിനയം കാഴ്ചവെച്ചു.  നല്ല ചിരി സമ്മാനിക്കുന്ന ചില രംഗങ്ങള്‍ അവിടവിടെയുണ്ട്.  ഫിലിം എഡിറ്റ്‌ ചെയ്യുന്ന ബേസില്‍ എന്ന പയ്യന്‍ ഒക്കെ ചിരിപ്പിക്കുന്ന സംഗതികളാണ്.  യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ചില ചാനലുകളില്‍ കാണുന്ന അവതാരകര്‍ക്ക് നല്ല കൊട്ട് കൊടുക്കുന്നുമുണ്ട്‌!

(torrent ഹിറ്റ്‌ അല്ലെങ്കില്‍ ഡി.വി.ഡി. ഹിറ്റ്‌ എന്നൊക്കെ ഇതിനെ വിളിച്ചാല്‍ എന്താ പറയുക നമ്മള്‍?!)

എന്‍റെ റേറ്റിംഗ്: 5/10

5 അഭിപ്രായങ്ങൾ:

 1. എടുത്തോ പിടിച്ചോ എന്ന മട്ടിലുള്ള ഒരു സിനിമയായി പോയി.അനവിശ്യമായ ചില സീനുകൾ,അരുണിന്റെ മരണം ഒക്കെ ഒഴിവക്കാമായിരുന്നു.കണ്ടിരിക്കാവുന്ന നല്ല സിനിമ.

  മറുപടിഇല്ലാതാക്കൂ
 2. ഹോംലി മീത്സ് കണ്ടിട്ടില്ല,.

  മറുപടിഇല്ലാതാക്കൂ
 3. ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ എന്നതിൽ കവിഞ്ഞ് മറ്റൊന്നും കൊട്ടിഘോഷിക്കാനായി ഇല്ല. സമീപ കാലത്തെ ഊണിവെഴ്സൽ ബിഗ്‌ സ്റ്റാറുകളുടെ മഗ്ലീഷ് കൂതറ സിനിമകളേക്കാൾ എത്രയോ മികവ് പുലർത്തിയ സിനിമ എന്ന രീതിയിലാണ് ഈ സിനിമ തിയേറ്റർ വിജയം അർഹിച്ചിരുന്നത്.
  My rating = 6/10

  മറുപടിഇല്ലാതാക്കൂ
 4. കണ്ടിട്ടില്ല - കാണാൻ ചെറിയ താൽപ്പര്യം തോന്നി....

  മറുപടിഇല്ലാതാക്കൂ