2013, ഏപ്രിൽ 17, ബുധനാഴ്‌ച

Qasr al Hosn Festival - Abu Dhabi-രണ്ടാം ഭാഗം

ആദ്യ ഭാഗം പോസ്റ്റ്‌ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.  ബ്ലോഗ്‌ എഴുതാന്‍ എന്നോ പിടികൂടിയിരിക്കുന്ന മടി കാരണം കഴിയുന്നില്ല.  സമയക്കുറവും ഇല്ലാതില്ല.  എങ്കിലും നിങ്ങള്‍ക്കായി ഇതാ രണ്ടാം ഭാഗം.
 
അറബികളുടെ നൃത്തരംഗത്ത് നിന്നും ഞങ്ങള്‍ നടന്നു.  ഇരുള്‍ വീഴുന്നതിനു മുന്നേ പരമാവധി പടംസ് എടുക്കണം.  രാത്രിയായാല്‍ എന്റെ കൊച്ചു കാമറക്ക് കുറച്ചു കാഴ്ച പ്രശ്നം ഉണ്ട്.  (ആറുവര്‍ഷം പഴക്കമുള്ള ഒരു പാനസോണിക് ഡിജിറ്റല്‍ കാമറക്ക് ഇതില്പരം എന്ത് കഴിയാന്‍!).  അറബികളും ഒട്ടകവും തമ്മിലുള്ള ബന്ധം അവരുടെ ചരിത്രം തുടങ്ങുന്നത് മുതലുണ്ട്‌.  ഒട്ടകങ്ങള്‍ അവരുടെ ജീവിതത്തിലെ പല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.  പഴയ കാലത്ത് ചരക്കു ഗതാഗതത്തിനും, യാത്രകള്‍ക്കും പിന്നെ ഇറച്ചിക്കും പാലിനും വരെ അവയെ ഉപയോഗിച്ചിരുന്നുവെങ്കില്‍ ‍ ഇന്നും  അവ വി.ഐ.പി. പരിഗണനയിലാണ്.  ഇന്നും ഗള്‍ഫ് നാടുകളില്‍ ഒട്ടകം വന്നു വണ്ടിയില്‍ ഇടിച്ചു അപകടമുണ്ടായാല്‍ വണ്ടി ഓടിച്ചവന്‍ മരിച്ചാലും ഒട്ടകത്തിനുണ്ടായ നഷ്ടത്തിനാണ് പരിഹാരം ചെയ്യേണ്ടത് എന്ന നിയമം ഉണ്ടെന്നു പറയുന്നു.  ഹൈവേകളില്‍ ഒട്ടകം റോഡു മുറിച്ചു കടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേകം ബോര്‍ഡുകള്‍ കാണാം.  പറഞ്ഞു വന്നത് ഈ ഫെസ്റ്റിവലില്‍ ഒട്ടകങ്ങളുടെ ഒരു ഏരിയ ഉണ്ടായിരുന്നു.  ഒരു കുഞ്ഞന്‍ ഒട്ടകം ഒരു പവലിയന്റെ ഉള്ളില്‍ കിടക്കുന്നു.  അതിനു പുറത്ത് വലിയ ചേട്ടന്മാരായ ഒട്ടകങ്ങളെ കെട്ടിയിട്ടിരിക്കുന്നു.  അവയുടെ പുറത്തു കയറാനും ഫോട്ടോസ് എടുക്കാനും ഒക്കെ സൗകര്യമുണ്ടായിരുന്നു.  നമ്മുടെ നാട്ടില്‍ ആനപ്പുറത്ത് കയറുന്നതിനു തുല്യം ഇവിടെ ഒട്ടകപ്പുറത്ത്!  ഒട്ടക പന്തയങ്ങളും ഇന്നാട്ടില്‍ വളരെ പ്രചാരം ഉണ്ട്.  ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും ഇവിടെ നടക്കാറുണ്ട്.  ഏറ്റവും സുന്ദരി/അല്ലെങ്കില്‍ സുന്ദരന്‍ ഒട്ടകത്തിന്റെ ഉടമക്ക് ക്യാഷ് പ്രൈസും വിലപിടിച്ച സമ്മാനങ്ങളും ഉണ്ടാകും.
 
 

 
അപ്പൊ ഒട്ടകത്തിനെ ഉപദ്രവിക്കരുത്.  അഥവാ ഒരുവന്‍ ഒട്ടകത്തെ ഉപദ്രവിച്ചാല്‍ "അല്ഫത്തലൂ"-(സലിം കുമാര്‍ ഒരു സിനിമയില്‍ പറഞ്ഞതാണ്).
 
 
വീണ്ടും അബുദാബി പോലീസിന്റെ ഒരു പഴയകാല വാഹനം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
 
ഇതാ മറ്റൊന്ന്.
 
ഇതാണ്  ആടുജീവിതം! ഒരു ചെറിയ വേലികെട്ടിനകത്ത് ഏതാനും ആടുകള്‍.
 
അറബികളുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ് കുതിരകള്‍. അണിഞ്ഞൊരുങ്ങിയ ഒരു കുതിര. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള കുതിരപന്തയം ദുബൈയിലാണ് എല്ലാ വര്‍ഷവും നടത്തപ്പെടുന്നത്.
 
ഫാല്‍ക്കന്‍ (അതായത് വെട്ടപ്പക്ഷി) കൂടുതല്‍ ഒന്നും അവയെക്കുറിച്ച് ആധികാരികമായി എനിക്കറിയില്ല.  ഒരു കുട്ടി കൈയില്‍ ഒരു ഫാല്‍ക്കനുമായി പോകുന്നു.  അവന്റെ പേരെനിക്കറിയില്ല.  അറബികള്‍ പൊതുവായി പെരരിയാത്തവരെ "മുഹമ്മദ്‌" "അഹമ്മദ്" തുടങ്ങിയ പേരുകളിലാണ് സംബോധന ചെയ്യാറ്.  ഞാന്‍ അത് വെച്ച് വിളിച്ചു. "യാ അഹ്മ്മദ്" അവന്‍ ഒന്ന് രണ്ടുപ്രാവശ്യം വിളിച്ചപ്പോള്‍ അവന്റെ കൂട്ടുകാര്‍ അവനോടു വിവരം പറഞ്ഞു.  അവന്‍ തിരിഞ്ഞു നിന്നു.  "മുംകിന്‍ വാഹിദ് സൂറ"  ("ഒരു പടം ക്ലിക്കിക്കോട്ടേഡാ കുട്ടാ" എന്ന് മലയാളം!).  My name is not Ahmed, Am Mahmood. എന്‍റെ പരിതാപകരമായ അറബി കണ്ടിട്ടാവണം നല്ല മണിമണിയായ ഇംഗ്ലീഷില്‍ അവന്‍!  ഞാന്‍ ആവശ്യം പറഞ്ഞു. 
 
"വേഗം എടുക്കണം, എനിക്ക് തിരക്കുണ്ട്"‌.   ഹമ്മോ ഈ അറബി പിള്ളേരുടെ കാര്യം!
 
ഞാന്‍ എടുത്തു, അവന്‍ പക്ഷിയെ കൈയില്‍ പിടിച്ചു പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരു പടം.
 
കുറച്ചു കൂടെ ചെന്നപ്പോള്‍ ഒരു അറബി ഇതുപോലെ വേട്ടപക്ഷിയെ കൈയിലെടുത്തു നില്‍ക്കുന്നു.  ആവശ്യക്കാര്‍ക്ക് അവരുടെ കൈയ്യില്‍‍ എടുത്തു ഫോട്ടോക്ക് പോസ് ചെയ്യാം.  ഞാനും ആ പക്ഷിയെ കൈയില്‍ വാങ്ങി കൂട്ടുകാരന്‍ എടുത്തു എന്റെ ചില ചിത്രങ്ങള്‍.  പക്ഷെ അവയൊന്നും മുകളിലെതു പോലെ ശരിയായില്ല.
 
കുറെ ഫോട്ടോക്ക് പോസ് ചെയ്തു കഴിഞ്ഞപ്പോള്‍ അല്‍പ്പം വിശ്രമം!
 
 
നേരം നന്നായി ഇരുട്ടിയിരുന്നു.  എഴുമണിയായപ്പോള്‍ അവിടെ നടക്കാന്‍ പോകുന്ന ഒരു സ്റ്റേജ് ഷോക്കുള്ള അറിയിപ്പ് മുഴങ്ങി.  ഒരുപാട് ആളുകള്‍ തിക്കിതിരക്കുന്നത് കണ്ടപ്പോള്‍ ഞങ്ങളും അങ്ങോട്ട്‌ കയറി.  ഏറ്റവും പുറകിലായിരുന്നു സീറ്റ് കിട്ടിയത്.  കൃത്യം ഏഴുമണിക്ക് തന്നെ ഷോ തുടങ്ങി. (കാശുകൊടുത്ത് വേറൊരു ഷോ അവിടെ നടക്കുന്നുണ്ടായിരുന്നു. നമ്മുടെ സ്വഭാവം വെച്ച് അമ്മാതിരി പരിപാടിയുടെ അടുത്ത് പോലും നമ്മള്‍ പോകില്ലല്ലോ! അതാണ്‌ ഞാന്‍).  നല്ല ബാക്ഗ്രൌണ്ട് മ്യൂസിക്ക് ഒക്കെ കൊടുത്തുള്ള ഒരു പരിപാടി.  അറബിയില്‍ എന്തൊക്കെയോ അനൌന്‍സ് ചെയ്യുന്നുണ്ട്. 
 
വേദിയുടെ ഇരുഭാഗത്തു നിന്നും കുറെ അറബി വേഷക്കാര്‍ കൈയ്യില്‍ വാദ്യോപകരണങ്ങളുമായി വന്നു ചേര്‍ന്നു.  നല്ല താള ബോധത്തോടെ അവര്‍ ആ ഉപകരങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. 

പാട്ടും നൃത്തവും ഏതാനും നിമിഷങ്ങള്‍ നീണ്ടു നിന്നു.  അതിനു ശേഷം വേദിയിലേക്കുളള ദീപങ്ങള്‍ അണഞ്ഞു.  അനൌന്‍സ്മെന്‍റ് കേള്‍ക്കാം.  വേദിയില്‍ വെളിച്ചം വന്നപ്പോള്‍ രംഗം പാടെ മാറിയിരുന്നു.  അതാണ്‌ താഴെ..
വിവരണം മൈക്കിലൂടെ മുഴങ്ങുന്നുണ്ടായിരുന്നു.  പഴയകാല ജീവിതത്തിന്‍റെ പുനരാവിഷ്കാരമാണെന്ന് കാഴ്ചയില്‍ നിന്നും മനസ്സിലായി.
ഏതാനും പേര്‍ കൂടി അവിടേക്ക് വന്നു ചേര്‍ന്നു.  താളം മുറുകി.  ഇരുന്നിരുന്നവരും എഴുനേറ്റു അതിനൊത്ത് ചുവടുകള്‍ വെച്ചു.


ഏതാനും സമയത്തെ സംഗീതത്തിനും നൃത്തത്തിനും ശേഷം വേദി വീണ്ടും ഇരുട്ടിലായി.  വെളിച്ചം വന്നപ്പോള്‍ മറ്റൊരു രംഗം.  പഴയകാലത്ത് മത്സ്യബന്ധനം അബുദാബിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് വഹിച്ചിരുന്നു.  ഇന്നും അതേ.  മത്സ്യബന്ധനം കഴിഞ്ഞു വലനിറയെ മീനുമായി ഒരു ബോട്ട് തീരത്തേക്ക് വന്നതിനെ കയറിനു കെട്ടി കരക്കടുപ്പിക്കുന്നതിന്റെ ഒരു ആവിഷ്കാരം.  ആ രംഗത്തിനും ദൃശ്യത്തിനും അനുസരിച്ച സംഗീതം.  പാട്ട്.  ശരിക്കും ലയിച്ചിരുന്നതിനാല്‍ ചില ദ്രിശ്യങ്ങള്‍ പകര്‍ത്താന്‍ വിട്ടുപോയി.


 
 തീരമണഞ്ഞ ബോട്ടിലെ കോള് ഏറ്റുവാങ്ങാന്‍ വേണ്ടി തീരക്കാര്‍ തിരക്ക് കൂട്ടുന്നു.  വീണ്ടും നല്ല സംഗീതവും ഗാനവും.  ബോട്ടുകാരുടെ വേഷം നമുടെ നാട്ടിലെ മീന്‍പിടുത്തക്കാരുടെ - ലുങ്കിയും ബനിയനും.
 
ഇതിനിടയില്‍ വീണ്ടും വാദ്യമേളക്കാര്‍ രംഗപ്രവേശം നടത്തുന്നു.  കൂടെ നൃത്തം ചെയ്യാനായി പെണ്‍കുട്ടികളും.
 
 
നമ്മുടെ നാട്ടിലെ പുള്ളുവര്‍ നാഗാരാധനക്ക് വേണ്ടി മുടിയഴിച്ചിട്ട് ചെയ്യുന്ന പോലെ ഒരു നൃത്തം.  അതിന്‍റെ പേര് അറിയില്ല.
 
 
വീണ്ടും വേദിയിലെ വിളക്കുകള്‍ അണഞ്ഞു.  പുതിയ ചില ദ്രിശ്യങ്ങള്‍.  കോട്ടയുടെ ചുമര്‍ പശ്ചാത്തലമായി ചില കാഴ്ചകള്‍.
 
 
 
 
വീണ്ടും പാട്ടുകാരും നര്‍ത്തകരും എത്തി.  കൂടെ മുന്‍പ് മുടി നൃത്തം ചെയ്ത പെണ്‍കുട്ടികളും.
 
വീണ്ടും ഏതാനും സമയത്തെ പരിപാടികള്‍ക്ക് ശേഷം ഷോ സമാപിച്ചു.  ഞങ്ങള്‍ തിരിച്ചിറങ്ങി.  പുറത്തേക്കു നടക്കുന്നതിനിടയില്‍ ചില കാഴ്ചകള്‍.
 
 
രസകരവും അത്യന്തം മനോഹരവുമായ ഒരു കാഴ്ചയാണ് ഞങ്ങള്‍ ഒടുവില്‍ കണ്ടത്.  പൂഴിയില്‍ നടുവിലായി ഒരു ചെറു പായ്ക്കപ്പല്‍.  അതിനു ചുറ്റും നിലത്തു കടല്‍വെള്ളത്തിന്‍റെ അതേ ഇഫക്ടില്‍ നീല നിറത്തില്‍ വെളിച്ചം ഓളം വെട്ടുന്നു.  ദൂരെ നിന്ന് നോക്കുന്നവര്‍ക്ക് ആ പായ്ക്കപ്പല്‍ ഓളങ്ങള്‍ മുറിച്ചു നീങ്ങുന്നതായിട്ടാണ് അനുഭവപ്പെടുക.  ശരിക്കും കടലിലൂടെ ഒരു പായ്ക്കപ്പല്‍!  അത് ലൈവായി കണ്ടാലേ ഞാന്‍ ഈ എഴുതുന്നത് അനുഭവവേദ്യമാകുകയുള്ളൂ.


 
 
അങ്ങിനെ മനസ്സ് നിറച്ച കാഴ്ചകളോട് ഞങ്ങള്‍ യാത്രപറഞ്ഞു പുറത്തിറങ്ങി.  കാണാതിരുന്നു എങ്കില്‍ അതൊരു നഷ്ടമായേനെ എന്ന് ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാം.  കാരണം ഇത് ഇന്നാടിന്‍റെ ചരിത്രത്തിലേക്ക് ഒരു ചെറിയ യാത്ര തന്നെയാണ്.  ഇത്തരം ആഘോഷങ്ങളില്‍ കഴിയുമെങ്കില്‍ നമ്മള്‍ പങ്കാളികളാകണം എന്നാണു എന്റെ എളിയ അഭിപ്രായം.  നമ്മുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥം തരുന്ന ഈ നാടിനോട് അത്രക്കെങ്കിലും നമ്മള്‍ നീതി കാണിച്ചേ തീരൂ..
 


17 അഭിപ്രായങ്ങൾ:

  1. നൈസ് ബ്ലോഗ്
    ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്
    ബാക്കിയൊക്കെ നേരം പോലെ നോക്കുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. ദുബൈയിൽ ഇതു ഞാൻ പലതവണ കണ്ടിട്ടുണ്ട്, എന്നാൽ ഇതു വായിക്കുമ്പോൾ വീണ്ടും അവിടെ കറങ്ങി നടക്കുന്നത് പോലെ തോന്നുന്നു.നന്നാവുന്നുണ്ട്...ചങ്ങാതി.

    മറുപടിഇല്ലാതാക്കൂ
  3. നീ പറയുന്ന മനോജ്‌ നിരക്ഷരന്‍ എന്റെ സഹപാഠിയാ..ഞാനും അവനും നമ്മുടെ സിനിമാത്താരം സലിംകുമാറും ഒരു കലാലയത്തില്‍ ഒരു പാട് ഉണ്ടും ഉറങ്ങിയും കെ.എസ്.യു കളിച്ചു നടന്നവരാ....

    മറുപടിഇല്ലാതാക്കൂ
  4. ഫിയോനിക്സ്.... വളരെ നന്നായിരിയ്ക്കുന്നു..... മനോഹരമായ ചിത്രങ്ങൾ.... അതിനോട് ചേർന്നുനിൽക്കുന്ന വിവരണം.... ചരിത്രത്തിന്റെ നേർക്കാഴ്ചകളിലൂടെ സഞ്ചരിയ്ക്കുമ്പോൾ വായനക്കാരുടെയും മനസ്സുനിറയ്ക്കുന്ന കാഴ്ചകൾതന്നെയാണ് ലഭ്യമാകുന്നത്.. ആശംസകൾ നേരുന്നു,,,,...

    ഒന്നാം ഭാഗം വായിച്ചില്ല... ഇനി അങ്ങോട്ടൊന്ന് പോകട്ടെ..... :)
    സ്നേഹപൂർവ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ
  5. ശ്ശെടാ .. ഞാൻ ശരിക്കും ആകെ വിഷമത്തിലായി ഇതും കൂടി വായിച്ചപ്പോൾ .. ഈ പരിസരത്തോക്കെ ചുമ്മാ നടക്കുകയും സിനിമക്കും മറ്റും പോകുകയും ഒക്കെ ചെയ്യുന്നു . ഇത്തരം പരിപാടികളുടെ ഭാഗമാകാൻ സാധിക്കുന്നില്ല ല്ലോ എന്നോർക്കുമ്പോൾ എന്തോ ഒരു ലജ്ജ തോന്നുന്നു . ഇവരുടെ കലാപരിപാടികൾ വേറെ പലയിടത്തും വച്ച് കണ്ടിട്ടുണ്ട് എങ്കിലും ഇങ്ങിനെ ഒരു പരിസരത്തു വച്ച് അനുഭവിച്ചു അറിഞ്ഞിട്ടില്ല . എന്തയാലും നേരത്തെ ഞാൻ പറഞ്ഞ പോലെ , അടുത്ത തവണ എന്നെ കൂടി വിളിക്കുക . നമുക്കൊരുമിച്ചു തന്നെ പോകാം . ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം ,വളരെ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  7. ഫോട്ടോസെല്ലാം കിടൂസ്.
    പ്രത്യേകിച്ച് ആ ഫാൽക്കണിന്റെ.
    ഹൊ,കൊതിയാവുന്നു, അതുപോലൊന്നെടുക്കാനായിട്ട്.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  8. ചിത്രങ്ങളെക്കൊണ്ട്‌ കഥ പറയിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ഇതുവരെ കാണാത്ത കേൾക്കാത്ത ഉത്സവങ്ങൾ..
    നല്ല വിവരണങ്ങളും അതിനേക്കാൾ നല്ല ഫോട്ടോകളും...
    അഭിനന്ദങ്ങൾ കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  10. വിവരണം മനോഹരം,ചിത്രങ്ങൾ അതിമനോഹരം .. ഭാവുകങ്ങൾ :)

    മറുപടിഇല്ലാതാക്കൂ
  11. താങ്കളുടെ പോസ്റ്റ്‌ കിടു !!!!!

    മറുപടിഇല്ലാതാക്കൂ
  12. ഇങ്ങനെയുള്ള ഒരു പരുപടിക്ക് ഞാന്‍ പോയിട്ടുണ്ട്. പക്ഷെ അതിത്ര വിപുലമായിരുന്നില.

    ദുബായിക്കാലം ഓര്‍ത്തു പോകുന്നു.
    വിവരണങ്ങളും ചിത്രങ്ങളും നന്നായി.

    മറുപടിഇല്ലാതാക്കൂ
  13. ഫ്ട്ടോസ് ഒക്കെ കണ്ടു .. തിരുപ്പതി ആയി :)

    മറുപടിഇല്ലാതാക്കൂ
  14. ഫ്ട്ടോസ് ഒക്കെ കണ്ടു .. തിരുപ്പതി ആയി :)

    മറുപടിഇല്ലാതാക്കൂ