2013, ജനുവരി 27, ഞായറാഴ്‌ച

സര്‍ക്കാരേ നട്ടെല്ല് പണയം വെക്കരുതേ, പ്ലീസ്...

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ആള്‍ (മുഖ്യമന്ത്രി) ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ സ്വജനപക്ഷപാതം, ജാതിമത പരിഗണന എന്നിവ അനുസരിച്ച് ഒരു സര്‍ക്കാര്‍ കാര്യവും ചെയ്യില്ല എന്നോ മറ്റോ അര്‍ത്ഥം വരുന്ന ഒരു വാചകം ഉണ്ടെന്നാണ് തോന്നുന്നത്.  എന്നാല്‍ അതനുസരിച്ച് ഭരണം നടത്തുന്നുണ്ടോ എന്ന് കാര്യക്ഷമമായി നിരീക്ഷിക്കുവാന്‍ പറ്റിയ ഒരു സംവിധാനം ജനാധിപത്യ ഇന്ത്യയില്‍ നിലവിലുണ്ടോ?  ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കാതെ തുരുമ്പെടുത്തു കിടക്കുന്നു എന്ന് വേണം കരുതാന്‍.

കേരളത്തിലെ സര്‍ക്കാരിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇപ്പോള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന ഒരു സംഘടനക്കു മുന്നില്‍ മുട്ട് വിറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.  അതിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്ക് ജനാധിപത്യ മതേതര തത്വങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന പ്രകാരം കെ.പി.സി.സി. അധ്യക്ഷനും എമ്മെല്ലെയുമായ രമേശ്‌ ചെന്നിത്തലയെ ഭൂരിപക്ഷ സമുദായ പ്രതിനിധിയായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃസ്ഥാനത്ത് പ്രതിഷ്ഠ നടത്തിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കും എന്നാണു അദ്ദേഹം വെച്ച് കാച്ചിയിരിക്കുന്നത്. 
ലീഗിന് ഒരു ചവറു മന്ത്രിയെ കിട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ്‌ ഇദ്ദേഹത്തിന്റെ ഹാലിളക്കം.  അന്ന് മുതല്‍ ഇന്ന് വരെ തന്റെ പ്രസ്താവനകളില്‍ മിക്കപ്പോഴും പ്രത്യക്ഷത്തിലും പരോക്ഷമായും മുസ്ലീം വിരോധം പ്രകടിപ്പിക്കാന്‍ പണിക്കര്‍ നായര്‍ ശ്രദ്ധിക്കുന്നു.  പരമാവധി സാമുദായിക വിഘടനം നടത്തി കേരളത്തിലെ സാമൂഹിക അന്തരീക്ഷം ചളമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില ശക്തികള്‍ക്ക് അറിഞ്ഞോ അറിയാതെയോ കീഴ്പ്പെട്ടിരിക്കുകയാണോ ഇദ്ദേഹം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്രക്ക് പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കിയിട്ടും ഭരണ നേതൃത്വത്തിലുള്ള ഉത്തരവാദപ്പെട്ട ആളുകള്‍ മൌനം പാലിക്കുന്നു.  പണിക്കര്‍ക്ക് തന്നെ ശാസിക്കാന്‍ അധികാരമുണ്ട്‌ എന്ന തരത്തിലുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഇത്തരക്കാരുടെ നട്ടെല്ല് എന്തുപയോഗിച്ചാണ് ഉണ്ടാക്കിയിരുക്കുന്നത് എന്ന് കാണിക്കുന്നു.
എന്ത് നാണംകെട്ടും ഭരണത്തില്‍ തൂങ്ങി നില്‍ക്കും എന്ന് തീരുമാനിച്ചുറപ്പിച്ച മുഖ്യമന്ത്രി നല്ല ഒരു മറുപടി പോലും പറയുന്നില്ല.  ശ്രദ്ധാകേന്ദ്രം രമേശ്‌ ആവട്ടെ ഒരുതരം ആവണക്കെണ്ണയില്‍ ചവിട്ടിയ പോലെയുള്ള പ്രതികരണമാണ് പണിക്കരുടെ ഇതേ അര്‍ത്ഥത്തിലുള്ള പ്രസ്താവനക്ക് അടക്കം നല്‍കിയിട്ടുള്ളത്.
ഇത്തരം സാമുദായിക ഓലപ്പാമ്പുകളെ അര്‍ഹിക്കുന്ന പരിഗണന നല്‍കി അടക്കിയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്നതില്‍എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.  ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും വഴുതിമാറി ഇത്തരം വേണ്ടാത്ത കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നത് നാടിനും ജനങ്ങള്‍ക്കും അത്ര നല്ലതല്ല എന്നുകൂടി ഈ അവരസരത്തില്‍ കുറിക്കട്ടെ.

3 അഭിപ്രായങ്ങൾ:

  1. സാമുദായിക സംഘടനകൾ കനിഞ്ഞില്ലെങ്കിൽ ഭരണം ഡാഷാകുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ

    മറുപടിഇല്ലാതാക്കൂ
  2. പലപ്പോഴും ആലോചിക്കുന്ന ഒന്നാണ് ,എന്തിനാണാവോ നമ്മുടെ രാഷ്ട്രീയക്കാര്‍ ഇവരെ പോലുള്ള വരെ ഭയപ്പെടുന്നത് എന്ന് ..വോട്ട്, അധികാരം അതൊക്കെ തന്നെയാവും ല്ലേ ..

    മറുപടിഇല്ലാതാക്കൂ
  3. ഇതിപ്പോള്‍ ഇന്നാണ് കണ്ടത്.. കൊള്ളാം, നന്നായിട്ടുണ്ട്.. നല്ല പോലെ പറഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ