കഴിഞ്ഞ പോസ്റ്റ് ലാന്റിംഗ് കാഴ്ചകളായിരുന്നു. ഇതാ ചില ടേക്ക് ഓഫ് കാഴ്ചകള്‍:-
നെടുംബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫിനു തയ്യാറെടുക്കുന്നു...

മെല്ലെ അതിനു അനക്കം വെക്കുകയാണ്. ഒരു യാത്ര തുടങ്ങുകയായി. വിടപറയലിന്റെ ഗദ്ഗദങ്ങള്‍ ഉള്ളിലൊതുക്കി ആകാശപക്ഷിയുടെ ഉള്ളിലിരിക്കുമ്പോള്‍ മുറിവേറ്റ മനസ്സില്‍ എവിടെയൊക്കെയോ ചില നീറ്റലുകള്‍. ഒരു വിടപറയല്‍ കഴിഞ്ഞുള്ള യാത്ര. നോവും, നൊമ്പരവും, പ്രണയവും തുടങ്ങി വികാരങ്ങള്‍ എല്ലാം ഉള്ളിലൊതുക്കി ഒരു വേര്‍പാട്. യാത്രികരുടെതില്‍ നിന്ന് വ്യത്യസ്തമായി കാബിന്‍ ക്രൂസിന്റെ മുഖത്ത് മാത്രം കൃത്രിമമായ ഒരു
സന്തോഷം കാണാം. നാട്ടില്‍ വന്നിറങ്ങുന്നതു കൂടിച്ചേരലിന്റെ ഒരു ത്രില്ലില്‍ ആയിരിക്കും. പോകാന്‍ ദിവസങ്ങള്‍ അടുക്കുമ്പോള്‍ ഉള്ളില്‍ ഒരു ആളിച്ചയാണ്, പ്രത്യേകിച്ച് പോകുന്ന ദിവസത്തെ യാത്രപറച്ചില്‍ ഓര്‍ക്കുമ്പോള്‍. എങ്കിലും ആ സങ്കടങ്ങള്‍ ആരെയും കാണിക്കാതെ ഉള്ളിലൊതുക്കി വെക്കും. ഒരിക്കല്‍ ഒന്നുമറിയാതെ സുഖരാത്രിയുടെ അനുഭൂതി നുകര്‍ന്ന് ഉറങ്ങുന്ന പ്രിയതമയെ നോക്കി കിടന്നപ്പോള്‍ കണ്ണുകള്‍ ജലാര്‍ദ്രമായി. ആ നനവ് തുടക്കാതെ അവളെ ഉണര്‍ത്താതെ ആ കവിളില്‍ ഒരു പ്രണയമുദ്ര നല്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണുകളില്‍ നിന്ന് കവിളില്‍ എത്തിയിരുന്ന നനവ് അറിഞ്ഞിട്ടാവണം അവള്‍ ഞെട്ടിയുണര്‍ന്നു ചോദിച്ച ചോദ്യങ്ങള്‍ക്ക് ആദ്യമായി മൌനം കൊണ്ടാണ് മറുപടി പറഞ്ഞത്. കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ആമുഖം പിടിച്ചു നെഞ്ചോടു ചേര്‍ത്തുവെച്ചു കിടക്കുമ്പോള്‍ ആ മിഴികളിലെ നനവ് നെഞ്ചിനെയും വല്ലാതെ നനച്ചു.

ഇതാ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു. പിറന്ന നാടിനോട് താല്‍ക്കാലികമായി വിട..
എവിടെനിന്നോ വന്നു തഴുകി കടന്നു പോയ ഒരു മേഘപാളി കാഴ്ചകള്‍ അല്പം മങ്ങിച്ചു.
പടിഞ്ഞാറന്‍ മാനത്തെ സൂര്യ ബിംബം അല്പം താഴെ ഒഴുകുന്ന പുഴയില്‍ കാണാം. ഇനിയെന്നാണ് ഈ പുഴയും ഹരിതഭൂമിയും കുളിര്‍കാറ്റും തഴുകുന്ന നാട്ടിലേക്ക് തിരികെ വരുവാന്‍ കഴിയുക?! ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് എന്നറിഞ്ഞിട്ട്കൂടി വീണ്ടും മനസ്സ് അത് ചോദിച്ചുകൊണ്ടിരുന്നു. അറിയാതെ കണ്ണില്‍ നിന്നും അരിച്ചിറങ്ങിയ നീര്‍മണികള്‍ അടര്‍ന്നു വീഴും മുന്‍പേ ടിഷ്യൂ പേപ്പറില്‍ ഒപ്പിയെടുത്തു - അടുത്ത സീറ്റിലെ യാത്രക്കാര്‍ കാണരുതല്ലോ!
ഇത്തവണ നാട്ടില്‍ നിന്ന് പോരുമ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായതാണ് ഈ പോസ്റ്റ്. വായിച്ച് കണ്ടു അഭിപ്രായം കമന്റുമല്ലോ...