സുഹൃത്തുക്കളെ, ബൂലോഗത്തേക്ക് വീണ്ടും വന്നിട്ട് രണ്ടു പോസ്റ്റ് ഇട്ടിട്ട് മൂന്നാമത് ഒന്നിടാന്‍ പല കാരണങ്ങള്‍ കൊണ്ടും കുറച്ചു വൈകി. ഇത്തവണയും ചിത്രങ്ങള്‍ തന്നെ..(സഹിക്കുക..അല്ലെങ്കില്‍ ഓടി രക്ഷപ്പെടുക!).
നാട്ടില്‍ വേണ്ടപ്പെട്ടവരെ വിട്ടു പിരിഞ്ഞിട്ടുള്ള ആ ഹാങ്ങ്ഓവര്‍ മാറ്റുന്നത് വിമാന ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നാണ്. ഒരു പക്ഷെ ജീവിതത്തില്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പടച്ച തമ്പുരാനെ നമ്മള് സ്മരിക്കുന്നതും വേണ്ടപ്പെട്ടവരേയും മറ്റും ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും, കിട്ടിയ സ്നേഹത്തെ തിരിച്ചു കൊടുക്കാന്‍ കഴിയാത്തതില്‍ നോമ്പരപ്പെടുന്നതും കിട്ടാത്ത സ്നേഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്നതും ആ ഒരു ഇരിപ്പിലായിരിക്കും. കാരണം മുപ്പത്തി ആറായിരം അടി മുകളില്‍ വെച്ച് എന്തെങ്കിലും സംഭവിച്ചാല്‍......(ഹോ! ആലോചിക്കാനേ പറ്റില്ല..റബ്ബേ കാത്തുകൊള്ളേണമേ...). ഭൂലോകം (ബ്ലോഗ് ലോകം അല്ല!) ഉണ്ടായത് മുതല്‍ സകല കാര്യങ്ങളെ പറ്റിയും നമ്മള് ആ സമയത്ത് ചിന്തിക്കും. കാരണം ജീവിതം ഒരു അനിശ്ചിതമായ ഇത്തരം സമയങ്ങളില്‍ നമ്മള് അതൊക്കെ ചിന്തിക്കും. അല്ലാത്തപ്പോള്‍ ആര്‍ക്കു നേരം!!
കത്തി വെച്ച് സമയം കളയുന്നില്ല. രാത്രി വിമാനം ലാന്റ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങളാണ് ഇവിടെ പോസ്റ്റുന്നത്. ആലോചനയില്‍ നിന്നും ഉണര്‍ന്നത് "നമ്മള് അബുദാബിയില്‍ ലാന്റ് ചെയ്യാന്‍ തുടങ്ങുന്നു" എന്ന പൈലറ്റിന്റെ അനൌണ്സ്മെന്റ് കേട്ടിട്ടാണ്. ജാലകത്തിലൂടെ താഴെ നക്ഷത്രങ്ങള്‍ വാരി വിതറിയ കാഴ്ച. തിടുക്കത്തില്‍ കാമറ എടുത്തു. സെറ്റിംഗ്സ് ഒന്നും ശരിയാക്കാതെ ഒറ്റ ക്ലിക്ക്....ശ്ശെ! ആകെ മൊത്തം കുളമായീന്നു പറഞ്ഞാല്‍ മതി! ദാ കണ്ടില്ലേ...
പേടിക്കേണ്ട, വിമാനം തലകീഴായി മറിഞ്ഞതൊന്നുമല്ല. അല്ലെങ്കിലും ഒരു ചെറിയ കാമറ, പോരാത്തതിന് സെറ്റിംഗ്സ് ശരിയാക്കിയിട്ടുമില്ല പിന്നെ എങ്ങിനെ പടം ശരിയാവും!! എന്തായാലും സ്വിച്ചുകളില്‍ കുറച്ചു ഞെക്കി കുത്തി അടുത്ത ക്ലിക്ക്....ഇത്തവണ കുറച്ചു ഭേദപ്പെട്ടു...
വീണ്ടും ചില കുത്തിതിരിപ്പുകള്‍ നടത്തി. അടുത്ത ക്ലിക്ക്. ഇത്തവണ കാര്യങ്ങള്‍ കുറച്ചു കൈപ്പിടിയില്‍ എത്തിയെന്ന് തോന്നുന്നു..
കുറച്ചു നേരത്തെ ശ്രമഫലമായി കൈവിട്ടു എന്ന് കരുതിയതു വീണ്ടെടുത്തു. ആറു മെഗാപിക്സല്‍ സാധാ കാമറയില്‍ രാത്രി കാഴ്ചകള്‍ ക്ലിക്ക് ചെയ്യുന്നതിന്റെ പരിമിതികള്‍ ഒരു പരിധി വരെയേ അതിജീവിക്കാന്‍ പറ്റൂ.. പിന്നെ സമയം കളഞ്ഞില്ല, ഫ്ലൈറ്റ് നിലം തൊടുന്നതിനു മുന്‍പ് കഴിയുന്നത്ര ക്ലിക്കി...ആ ചിത്രങ്ങള്‍ ഇതാ താഴെ കൊടുക്കുന്നു.
ചിത്രങ്ങള്‍ വാക്കുകളേക്കാള്‍ വാചാലമാകും എന്ന് പറയുന്നത് ഇവിടെയും ബാധമാണോ എന്നറിയില്ല. അതുകൊണ്ട് വെറുതെ അതുമിതും പറഞ്ഞു ബോറടിപ്പിക്കുന്നില്ല..കണ്ടതിനു ശേഷം അഭിപ്രായം അറിയിക്കുമല്ലോ...